Tuesday, 19 October 2021

Gulf Memoir


Text Formatted

കിമോത്തി അല്‍ബാനി
ഒരു എക്സ് ഗള്‍ഫുകാരന്റെ വര്‍ത്തമാനങ്ങള്‍- 9

പ്രവാസിയുടെ പറുദീസാനഷ്ടങ്ങള്‍

 

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

മനുഷ്യന്‍ സ്വര്‍ഗത്തില്‍ നിന്നെത്തിയ ഒരു പ്രവാസി മാത്രമാണ്. തന്റെ ജീവിതം സുഖകരമാക്കുക എന്നതില്‍ കവിഞ്ഞ് എന്ത് ഉത്തരവാദിത്തമാണ് ഭൂമിയോട് അവന്‍ കാണിക്കുക? ​​​​​​​

ചെറുപ്പത്തില്‍, എയര്‍പോര്‍ട്ട് കാണുക എന്നത് കൗതുകമായിരുന്നു. എയര്‍പോര്‍ട്ട് കാണാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കിയിരുന്നില്ല. ഗള്‍ഫില്‍ പോകുന്നവരോടൊപ്പം പോകാന്‍ ചാന്‍സ് കിട്ടിയാല്‍ ചാടിവീഴുകതന്നെ. അന്നത്തെ കാലത്ത്, ഉമ്മറത്തെങ്കിലും ചെന്നുനിന്ന് കാണാനാവുന്നൊരു വലിയ കെട്ടിടം എയര്‍പോര്‍ട്ട് മാത്രമല്ലേയുള്ളൂ. വലിയ കൊട്ടാരങ്ങളിലേക്കോ ഹോട്ടലുകളിലേക്കോ ചുമ്മാ കയറിച്ചെല്ലാന്‍ പറ്റില്ലല്ലോ. പാറാവുകാരന്‍ ചോദിക്കും "ആരാ? ഏതാ? എന്താ? എന്തിനാ?'. എന്തുപറയും? 
"വെറുതേ, ഒന്നു കാണാനാ..' എന്നു പറഞ്ഞാല്‍ അവര്‍ സമ്മതിക്കുമോ?
കയ്യിലെ വടി ചുഴറ്റി ഓടിച്ചുവിടും.
ഇന്നാണെങ്കില്‍ ഓരോ പട്ടണങ്ങളിലും ഷോപ്പിംഗ് മാളുകളുണ്ട്.
ഉള്ളിലേക്കു കയറിയാല്‍ സ്വര്‍ഗം പോലെ തോന്നിക്കുന്ന ഷോപ്പിംഗ് മാളുകള്‍. സ്വര്‍ഗത്തെക്കുറിച്ചുള്ള സങ്കല്‍പ്പം എന്റെയുള്ളില്‍ ഇന്നുവരെ ഒരു ഷോപ്പിംഗ് മാളിനേക്കാള്‍ വലുതായിട്ടില്ല എന്നത് ഖേദകരമായിരിക്കാം; പക്ഷേ അതാണ് സത്യം. സ്വര്‍ഗത്തില്‍ എന്തും കിട്ടും. ഷോപ്പിംഗ് മാളിലും കിട്ടും. വലിയ വിതാനത്തില്‍ അലങ്കരിച്ച മാളിനുള്ളില്‍ ആരാമങ്ങളുണ്ട്, വിശ്രമസ്ഥലങ്ങളുണ്ട്, കണ്ടതും കാണാത്തതുമായ പലതരം പഴവര്‍ഗങ്ങള്‍, ആഹാരസാധനങ്ങള്‍, ആയിരത്തൊന്ന് ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍, കളിക്കോപ്പുകള്‍, ജീവിതം അനായാസകരമാക്കുന്ന എണ്ണിയാലൊടുങ്ങാത്ത യന്ത്രസാമഗ്രികള്‍, ഇലക്ട്രിക്- ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍... അങ്ങനെ എല്ലാമുണ്ട്. (യഥാര്‍ഥ സ്വര്‍ഗത്തില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കാണില്ലായിരിക്കും. അതിനു പകരമായി മാജിക്കല്‍ ഡിസ്‌പ്ലേകളും മായക്കാഴ്ചകളും ഉണ്ടാവും.)

ഭൂമിയിലെത്തി ഇത്രകാലമായിട്ടും സ്വര്‍ഗത്തിന്റെ ഓര്‍മ മനുഷ്യനില്‍ നിന്ന് വിട്ടുപോയിട്ടില്ല. അതുകൊണ്ടാണ് അവന്‍ ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ കഷ്ടപ്പെടുന്നത്

എന്തൊക്കെയുണ്ടെങ്കിലും ദൈവത്തിന്റെ സ്വ