Tuesday, 19 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്
Text Formatted

മൂന്ന്​: ജലം കണക്കേ കൈകളിലൂടൂര്‍ന്നു പോയതും

മൂത്രമൊഴിച്ച് മുറിയില്‍ തിരിച്ചെത്തിയ ഇരുപത്തിയൊന്നാം ഓര്‍മ മറ്റാരേയും ഉണര്‍ത്താതെ പതിഞ്ഞ ശബ്ദത്തില്‍ സ്വകാര്യം കണക്കെ തന്റെ കഥ പറഞ്ഞു തുടങ്ങി. സോളമന്‍ പീള ഇല്ലാഞ്ഞ കണ്ണിന്റെ മൂല തഴുകിയും, ഒന്നാം ഓര്‍മ വാ തുറന്നും അത് ശ്രദ്ധിച്ചു.

നാലാം നിലയിലെ ഒറ്റമുറിയില്‍ നിന്നും കുറിപ്പെഴുതി വച്ച് ഇറങ്ങിപ്പോയ മേരി, സോളമനെ അത്ഭുതപ്പെടുത്തിക്കൊണ്ട് തിരികെയെത്തിയ സമയമായിരുന്നു ഇത്. അപ്പോഴേക്കും ജോലിയുടെ ഭാഗമായി സോളമന്‍ ഒറ്റമുറിയില്‍ നിന്നും പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയിരുന്നു. അയാള്‍ക്കരികിലേക്ക് തിരികെ വരുന്നതിന് ആരുടേയും അനുവാദം അവള്‍ക്കാവശ്യമില്ലായിരുന്നു. സോളമന്റെ പുതിയ അഡ്രസ് ടെക്സ്റ്റ് മെസേജായി ലഭിച്ച സമയം മേരി നഗ്‌നയായി കിളികളുടെ വരവ് നോക്കി നില്‍ക്കുകയായിരുന്നു. വരയ്ക്കുന്നതിനിടെ പുറത്തെ കിളികളുടെ ചിലപ്പ് കേട്ട് ജനലിലൂടെ മരങ്ങള്‍ക്കിടയിലേക്ക് അവള്‍ എത്തിനോക്കി. മരങ്ങളിലേക്ക് അവ പറന്നിറങ്ങുന്ന സമയം ചിറകടികളുടെ ശബ്ദം കുറഞ്ഞ് കുറഞ്ഞ് നിലയ്ക്കുന്നത് അവളറിഞ്ഞു. ചെടികളുടെ തണ്ടുകള്‍ കിളികളുടെ ഭാരം കൊണ്ട് ചാഞ്ഞും ഉലഞ്ഞും അനങ്ങിക്കൊണ്ടിരുന്നു. മെലിഞ്ഞ കാലുകളാല്‍ കുറ്റിച്ചെടികളുടെ കാണ്ഡങ്ങളെ മുറുക്കിപ്പിടിച്ചും തലകീഴായി തൂങ്ങിയും കിളികള്‍ തുരുതുരുന്നിനെ വാലുകളിളക്കി. അവര്‍ കൊക്കുകളിളക്കി ഇടയ്ക്ക് ചിറകടിച്ച് താഴെ വീഴുവാനാഞ്ഞ് പറന്ന് പൊങ്ങി. അതിലൊന്ന് മേരിയെ കൂര്‍പ്പിച്ചു നോക്കിയപ്പോള്‍ ഭയം തോന്നി അവള്‍ തന്റെ സ്റ്റൂളിലേക്ക് തന്നെ മടങ്ങി. പോകുന്ന പോക്കില്‍ കയ്യില്‍ തടഞ്ഞ സണ്‍ഗ്ലാസ് കണ്ണുകളിലെടുത്തു വച്ചു. നഗ്‌നയായിത്തന്നെ ഇരിപ്പിടത്തിലിരുന്ന് അവള്‍ ഗ്വാഷ് നിറങ്ങളില്‍ ബ്രഷ് മുക്കിക്കൊണ്ടിരുന്നു. നഗ്‌നത മേരിക്ക് താത്കാലികമായെങ്കിലും പുറംമോടികളില്‍ നിന്നും വിടുതല്‍ നല്‍കി. അതവളെ സ്വകാര്യതയിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു, കലയിലേക്ക് പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. അവള്‍ ബ്രഷ് ഒരിക്കല്‍ കൂടി ഇളക്കിയപ്പോള്‍ ഫോണ്‍ വിറച്ചു. വലിയ താമസം കൂടാതെ വസ്ത്രം ധരിച്ച് ബാഗ് പാക്ക് ചെയ്ത് മേരിയിറങ്ങി.