Monday, 18 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 13

രീതിശാസ്ത്രത്തിനെതിരെ​​​​​

ശാസ്ത്രത്തിനു പുറത്തുള്ള ജ്ഞാനമണ്ഡലങ്ങളെ അവഗണിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വരട്ടുതത്ത്വവാദം ശാസ്ത്രത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരേയും പിടികൂടിയിരിക്കുന്നു

Image Full Width
Image Caption
പോള്‍ ഫയറബെന്റ്
Text Formatted

രീതിശാസ്ത്രത്തിനെതിരെ (Against Method) എന്ന ശീര്‍ഷകത്തില്‍ പോള്‍ ഫയറബെന്റ് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ശാസ്ത്രത്തിന് നിശിതവും നിശ്ചിതവുമായ രീതിശാസ്ത്രത്തെ നിര്‍ദ്ദേശിക്കുന്ന ഇടപെടലുകള്‍ക്കെതിരെയാണ് ഫയറബന്റ് ഈ പുസ്തകത്തില്‍ എഴുതുന്നത്. പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തില്‍ ലെനിനേയും ഐന്‍സ്‌റ്റൈനേയും അദ്ദേഹം ഉദ്ധരിക്കുന്നു. വ്യവസ്ഥാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ജ്ഞാനശാസ്ത്രകാരനെ സംബന്ധിച്ചിടത്തോളം, ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍ ആദര്‍ശരഹിതനായ അവസരവാദിയായി പ്രത്യക്ഷപ്പെടുന്നുവെന്ന ഐന്‍സ്‌റ്റൈന്റെ വാക്കുകള്‍ അദ്ദേഹം എടുത്തെഴുതുന്നു. പ്രകൃതി ശാസ്ത്രജ്ഞന്മാര്‍ സ്വീകരിക്കുന്ന വളരെ വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ രീതിശാസ്ത്രങ്ങളെ ചൂണ്ടിയാണ് ഐന്‍സ്‌റ്റൈന്‍ ഇങ്ങനെ പറഞ്ഞത്. ശാസ്ത്രസംപ്രത്യയങ്ങളുടെ നിര്‍മ്മാണത്തിനായി ഏതെങ്കിലും ഒരു ജ്ഞാനശാസ്ത്രവ്യവസ്ഥയിലേക്കു മാത്രമായി ചുരുങ്ങി നില്‍ക്കാന്‍, അനുഭവയാഥാര്‍ത്ഥ്യത്താല്‍ നിര്‍മിക്കപ്പെടുന്ന ബാഹ്യാവസ്ഥകള്‍ ശാസ്ത്രജ്ഞന്മാരെ അനുവദിക്കുന്നില്ലെന്ന് ഐന്‍സ്‌റ്റൈന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Against Method

 

ലെനിന്റെ "ഇടതുപക്ഷകമ്മ്യൂണിസം ഒരു ബാലാരിഷ്ടത' എന്ന പുസ്തകത്തില്‍ നിന്നും പോള്‍ ഫയറബന്റ് ദീര്‍ഘമായിട്ടാണ് ഉദ്ധരിക്കുന്നത്. "ചരിത്രം പൊതുവിലും വിപ്ലവങ്ങളുടെ ചരിത്രം പ്രത്യേകിച്ചും ...എപ്പോഴും വളരെയധികം സാരസമ്പുഷ്ടവും വൈവിദ്ധ്യപൂര്‍ണ്ണവും നാനാമുഖവും സജീവവും പ്രതിഭാസമ്പന്നവുമാണ്.... അതിപ്രധാനമായ രണ്ടു പ്രായോഗികനിഗമനങ്ങള്‍ ഇതില്‍ നിന്നും ഉളവാകുന്നുണ്ട്. ഒന്നാമത്, സ്വന്തം കടമ നിറവേറ്റണമെങ്കില്‍, വിപ്ലവവര്‍ഗത്തിന് സാമൂഹികപ്രവര്‍ത