Monday, 18 October 2021

Film Studies


Text Formatted

രക്തസാക്ഷിക്കും ഒറ്റുകാരനുമിടക്കുള്ള ചോദ്യങ്ങള്‍

ബേല ടാറിന്റെ സാത്താന്‍ ടാംഗോ, സൊള്‍ട്ടന്‍ ഫാബ്രിയുടെ ‘ദി ഫിഫ്ത്ത് സീല്‍', അന്ദ്രെ വയ്ദയുടെ  ‘മാന്‍ ഓഫ് മാര്‍ബിള്‍',  ‘മാന്‍ ഓഫ് അയേണ്‍' എന്നീ സിനിമകള്‍, സൊള്‍ ബെലോയുടെ ‘ഹെര്‍സോഗ്’ എന്ന നോവല്‍... അതിജീവനപാഠങ്ങള്‍ നല്‍കുന്ന കോവിഡുകാല കാഴ്ചകളെക്കുറിച്ച്

Image Full Width
Image Caption
The Fifth Seal ലെ രംഗം
Text Formatted

വൈറസ് കോശത്തിന് ചയാപചയപ്രവര്‍ത്തനങ്ങള്‍ക്കുള്ള അറിവില്ലാത്തതിനാല്‍ ഒരു അതിഥി കോശത്തില്‍ കടന്നുകയറി അധികാരവും അതിജീവനവും സാധിച്ചെടുക്കേണ്ടതുണ്ട്. 2020-ല്‍ കൊറോണ വൈറസ് കോശ സംഘത്തിന്റെ കടന്നുകയറ്റം ലോകത്തെ മുഴുവന്‍ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി. കളിസ്ഥലങ്ങള്‍, സിനിമാശാലകള്‍, പാര്‍ക്കുകള്‍, അമ്പലദര്‍ശനം, ദൂരയാത്രകള്‍, രാഷ്ട്രീയ സമരങ്ങള്‍, അക്കാദമിക ക്ലാസ്സ് മുറികള്‍, തൊഴില്‍ശാലകള്‍ ഇവയെല്ലാം അടഞ്ഞുകിടക്കുന്ന മുഴുവിരസതയെന്തെന്ന് നമ്മളറിഞ്ഞു. സാങ്കേതിക വിപ്ലവ നെറ്റ്‌വര്‍ക്ക് സാധ്യമാക്കിയ വിദൂരവിനിമയങ്ങള്‍ വലിയ അളവില്‍ നമ്മളുടെ സാമൂഹ്യജീവിതം നിലനിര്‍ത്തുന്നതില്‍ സഹായിച്ചു.

 പ്രതീക്ഷയെപ്പറ്റിയുള്ള ഒരു ചൈനീസ് വചനമുണ്ട്. പ്രതീക്ഷ ഒരു നാട്ടുപാതയാണ്. ശരിക്കുമൊരു വഴിയില്ല, നാട്ടുകാര്‍ ഒരേ ദിശയില്‍ നടന്നുനടന്ന് അത് ഒരു പാതയാണെന്ന തോന്നല്‍ ജനിപ്പിക്കുന്നു. അങ്ങനെ ഒരു techno-route ല്‍ virtual interaction വഴി യഥാര്‍ത്ഥ്യങ്ങളുടെ നാട്ടുപാത നിര്‍മിച്ചെടുക്കാന്‍ കോവിഡ് കാല അനുഭവങ്ങള്‍ സഹായിക്കും. അതിരുകളും വിഭാഗീയതകളുമായി ലോകരാഷ്ട്രീയം അരങ്ങു തകര്‍ക്കുമ്പോള്‍, കോവിഡ് അതിജീവന പാഠങ്ങള്‍ വഴികാട്ടിയാവും.

പ്രതീക്ഷ കെട്ടുകിടക്കുമ്പോള്‍ ഒരു ആഘോഷം

ലോക്ക്ഡൗണ്‍ കാലത്ത് കണ്ട സിനിമയാണ് ബേല ടാറിന്റെ സാത്താന്‍ ടാംഗോ. ഈ കാലത്ത് കാണാന്‍ പറ്റിയ സിനിമയാണോ എന്നറിയില്ല. എങ്കിലും ഏഴു മണിക്കൂറിലധികമുള്ള ‘സ്ലോ മൂവി’ എന്ന ടാഗ് കാരണം ഇവിടെ വരെയെത്തി. ഒറ്റ വാചകത്തില്‍ പ്രതീക്ഷയെയും വിരസതയെയും ഏകാഗ്രമായി മനനം ചെയ്യുന്ന കലയാണ് സാത്താന്‍ ടാംഗോ. പ്രതീക്ഷരഹിതമായ ഭീതി ജനിപ്പിച്ച് ജീവിതം തളിര്‍പ്പിക്കുന്ന ചില സംഭവങ്ങള്‍ വരാം. കോവിഡ് കാലത്തെയും സാത്താന്‍ ടാംഗോ സിനിമ കൈകാര്യം ചെയ്യുന്ന പ്രതീക്ഷയെയും അങ്ങനെ ബന്ധിപ്പിക്കാനിഷ്ടം.