Tuesday, 19 October 2021

Environmental Politics


Text Formatted

കേരളത്തിൽ നിരവധി സമരങ്ങൾ നടക്കുന്നു;
​​​​​​​എവിടെയാണ്​ രാഷ്​​ട്രീയ പാർട്ടികൾ?

പരിസ്ഥിതി പഠനം എന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു സംഭാഷണം

Image Full Width
Image Caption
ഡോ. ടി.വി. സജീവ്​
Text Formatted

രിസ്ഥിതി പഠനവും (പ്രവര്‍ത്തനവും), രാഷ്ട്രീയവും തമ്മില്‍ വ്യക്തമായ ബന്ധം പ്രകടമാകുന്ന കാലങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പരിസ്ഥിതിയെ കുറിച്ച് പഠിക്കുക, പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുക എന്നത് ഇന്നൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ അടിച്ചമര്‍ത്തലുകള്‍ ഉണ്ടാകുന്നുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പ്രകൃതിയെ പഠനവിധേയമാക്കുമ്പോള്‍ വ്യക്തമാകുന്ന പ്രശ്‌നങ്ങളുടെ സങ്കീര്‍ണതകള്‍, സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ ശാസ്ത്രപഠനം കൂടുതല്‍ തെളിമ നല്‍കുന്നു എന്നിവയെ കുറിച്ചെല്ലാം വിശദീകരിക്കുകയാണ് ​പ്രമുഖ പരിസ്ഥിതി ശാസ്​ത്രജ്ഞനും കെ.എഫ്.ആര്‍.ഐ സീനിയര്‍ സയൻറിസ്​റ്റുമായ ഡോ. ടി.വി. സജീവുമായി കുഞ്ഞുണ്ണി സജീവ്​ നടത്തുന്ന ഈ സംഭാഷണം.

കുഞ്ഞുണ്ണി സജീവ്: ശാസ്ത്രപഠനം എന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെ എങ്ങനെ കാണുന്നു?

ഡോ. ടി. വി. സജീവ്: ശാസ്ത്രം വളരെ ഡെമോക്രാറ്റിക്കായ ജ്ഞാനരൂപമാണ്. അത് ഒരു സമൂഹത്തില്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ആ സമൂഹത്തില്‍ അടിസ്ഥാനപരമായ ജനാധിപത്യബോധം ഉണ്ടാകേണ്ടതുണ്ട്. ജനാധിപത്യം കൂടിപ്പോയി എന്ന വിലാപമുണ്ടാകുന്ന നാട്ടില്‍ ശാസ്ത്രം പാളിപ്പോവുകയാണ് ചെയ്യുക. ജാതീയ വേര്‍തിരിവുകള്‍ ഏറിവരികയും ജാതിയുടെ പേരില്‍ കൊലപാതകങ്ങള്‍ സംഭവിക്കുകയും നിരവധി മനുഷ്യര്‍ ജാതിക്കോളനികളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന, എണ്ണത്തില്‍ കുറവാണെന്നതുകൊണ്ട് സ്വന്തം ഭാഷയോ, ശബ്ദമോ, അറിവോ, പ്രകാശിപ്പിക്കാന്‍ സാധിക്കാതെ സാമൂഹികമായി പിന്തള്ളപ്പെടുന്ന ആദിമനിവാസികളുള്ള നാട്ടില്‍ ശാസ്ത്രവും ശാസ്ത്രബോധവും അതിന്റെ ഫലങ്ങള്‍ ഉല്‍പാദിപ്പിക്കുന്നില്ല എന്ന് തിരിച്ചറിയേണ്ടതായിട്ടുണ്ട്. പക്ഷെ ശാസ്ത്രമിപ്പോഴും നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ സാധ്യതയാണ്. അത്യന്തം വിമോചനാത്മകവുമാണ് ഈ സാധ്യതകള്‍. അത്തരം സാധ്യതകള്‍ സമൂഹത്തിന് പ്രയോജനപ്പെടണമെങ്കില്‍ ശാസ്ത്രാധ്യായനം അഴിച്ചുപണിയേണ്ടതായിട്ടുണ്ട്. ഒരു കൂട്ടം ഉത്തരങ്ങള്‍ എഴുതി പരീക്ഷ പാസാവാനുള്ള രീതിയിലല്ല ശാസ്ത്രാധ്യായനം സംവിധാനം ചെയ്യപ്പെടേണ്ടത്