Wednesday, 20 October 2021

Novella


Text Formatted

തൈമയും കൊളംബസും -3

സ്വര്‍ണം

Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

മുപ്പത്തി മൂന്ന് ദിവസത്തെ ദുര്‍ഘടമായ കടല്‍ യാത്രക്കു ശേഷം "ഇന്ത്യ'യിലെത്തപ്പെട്ട തന്റെ ഭാഗ്യത്തെക്കുറിച്ച് കൊളംബസ് വീണ്ടും ഉന്മാദം കൊണ്ടു. എത്ര മനോഹരമായ ദ്വീപ്. പ്രകൃതിയുടെ ധൂര്‍ത്ത് കണ്ണെത്തുന്നിടത്തോളം. ഒരു മരത്തില്‍ തന്നെ പല തരത്തിലുളള ശാഖകള്‍. ഓരോ ശാഖയിലും വ്യത്യസ്തമായ പൂക്കള്‍. നീലയും പച്ചയും മഞ്ഞയും നിറത്തിലുളള മീനുകള്‍, തിമിംഗലങ്ങള്‍. സംസാരിക്കുന്ന തത്തകള്‍, അരണകള്‍, ആടുകള്‍, പശുക്കള്‍... 
പഞ്ഞിയും ചോളവും എത്ര വേണമെങ്കിലും...

ചൂടും തണുപ്പും സമദൂരത്തില്‍ നില്‍ക്കുന്ന സുഖപ്രദമായ കാലാവസ്ഥ. പച്ച തത്തകള്‍ സൂര്യനെ മറയ്ക്കുന്ന ദിവസങ്ങളില്‍ കൊളംബസിനു ഭൂമിയിലെ ഏതോ സ്വര്‍ഗത്തിലാണ് താന്‍ വന്നു ചേര്‍ന്നിരുന്നതെന്ന് തോന്നി. ഒരിക്കലും വിട്ടു പോകാത്തവിധം ഈ ദ്വീപ് തന്നെ പ്രലോഭിപ്പിക്കുന്നു. 
സാന്താ മറിയയുടെ ഡെക്കില്‍ നിന്ന് കൊളംബസ് തുകല്‍പ്പാത്രത്തില്‍ നിന്ന് മദ്യം ഒരു കവിള്‍ കുടിച്ചു. ദ്വീപിനെ നോക്കുന്തോറും ആവേശം കൂടി വന്നു. 
""ഇതിനു ചുറ്റുമുളള എല്ലാ ദ്വീപിലും കയറിയിറങ്ങണം. ഈ ജൈവ സമ്പത്തിന്റെ സകല മാതൃകകളും സ്‌പെയിന്‍ രാജാവിനും രാജ്ഞിക്കും കാഴ്ചവെക്കണം. എല്ലാ ദ്വീപുകള്‍ക്കും രാജാവിന്റേയും രാജ്ഞിയുടേയും അവരുടെ വേണ്ടപ്പെട്ടവരുടേയും പേരിട്ട് വിളിച്ച് ഔദ്യോഗികമായി സ്‌പെയിനിന്റെ കീഴില്‍ കൊണ്ടു വരണം...'' കൊളംബസ് പെഡ്രോക്ക് നിര്‍ദ്ദേശം കൊടുത്തു. 
""തീര്‍ച്ചയായും അഡ്മിറല്‍. നഗ്‌നരും നിരായുധരുമായ ഇവിടുത്തെ മനുഷ്യരാണെങ്കില്‍ പാവങ്ങളാണ്. മരമല്ലാതെ മറ്റൊരു ആയുധം പോലും അവരുടെ കൈയിലില്ല. ഒറ്റ പട്ടാളക്കാരന്‍ വിചാരിച്ചാല്‍ നൂറെണ്ണത്തെ പേടിപ്പിച്ചു നിര്‍ത്താം. നരഭോജികള്‍ ആയ അയല്‍ ദ്വീപുവാസികളെക്കുറിച്ചൊക്കെ ഇവര്‍ പറയുന്നത് പേടിച്ചിട്ടാകാനേ തരമുളളൂ. അയല്‍ ദ്വീപുകാര്‍ ഈ പേടിത്തൊണ്ടന്മാരേക്കാള്‍ മിടുക്കരും ബുദ്ധിമാന്മാരും ആയിരിക്കണം...''
പെഡ്രോ അഡ്മിറലിന്റെ ആവേശം ഏറ്റെടുത്തു കൊണ്ട് പറഞ്ഞു.

നീനയില്‍ നിന്ന് അല്പം മാറി കിടക്കുന്ന, നീനയേക്കാള്‍ കുറച്ചു കൂടി വലിപ്പമുളള പിന്റ. അതിലും വലിപ്പമുളള സാന്താമറിയ. മൂന്നു കപ്പലുകളുടെയും ഗാംഭീര്യമുളള ആ കിടപ്പു കണ്ടപ്പോള്‍ കൊളംബസിന് അഭിമാനം തോന്നി. കഴിഞ്ഞ നാലു മാസങ്ങള്‍ക്കുളളില്‍ താന്‍ അധിപനായ കട