Monday, 18 October 2021

ആത്മകഥ


Text Formatted

ഞാന്‍ മാത്രമല്ലാത്ത ഞാന്‍

ശകലിതം ഈ വിചാരങ്ങള്‍ (വേദനകളും)

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ഇരുപത്തിനാല്

ഒന്ന്

വനില്‍ ഏതുഘട്ടം മുതല്‍ക്കാണ് മാറ്റങ്ങള്‍ വന്നുതുടങ്ങിയത്, മാറ്റങ്ങളുടെ സ്വഭാവം എന്തായിരുന്നു, ദ്വന്ദാത്മകത ഏതൊക്കെ തലത്തിലാണ് പ്രവര്‍ത്തിച്ചത്, അവന്‍ മിഥ്യാസങ്കല്‍പങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്നതിന്റെ ആദ്യഘട്ടം ഏതായിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റിയൊന്നും കൃത്യമായൊരു ധാരണ സ്വരൂപിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
1975 അവസാനം മുതല്‍ 80 മാര്‍ച്ച് വരെയുള്ള നാലുകൊല്ലത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം (ഈ കാലത്തും മൂന്നുനാല് മാസം കൂടുമ്പോള്‍ ഏതാനും ദിവസങ്ങള്‍ ഞാന്‍ എരിപുരത്തുണ്ടായിരുന്നു.) ഞാന്‍ മിക്കവാറും എല്ലാ ഞായറാഴ്ചകളിലും അവനെ കാണുന്നുണ്ടായിരുന്നു. ഓണം, ക്രിസ്മസ് അവധിക്കാലത്തും സമ്മര്‍വെക്കേഷനിലും ഏതാണ്ട് എല്ലാ ദിവസവും അവനോട് എന്തെങ്കിലുമൊക്കെയായി ഞാന്‍ സംസാരിച്ചിരുന്നു.
പക്ഷേ, 1982 മുതല്‍ പടിപടിയായി സ്‌കിസോഫ്രേനിയ അവന്റെ മാനസികവ്യാപാരങ്ങള്‍ക്കുമേല്‍ പിടിമുറുക്കുകയായിരുന്നു എന്ന കാര്യം എനിക്ക് മനസ്സിലായില്ല. 1990 മുതല്‍ക്കാണ് അവന്‍ ശരിക്കും രോഗിയായത്. അതിനു മുമ്പ് അലസത, ഉത്തരവാദിത്വങ്ങളില്‍നിന്ന് പിന്മാറാനുള്ള വാസന ഇവയൊക്കെയാണ് അവന്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. 82 മുതല്‍ തുടര്‍ച്ചയായി അവന്‍ പഠനത്തില്‍ നിന്നും പരീക്ഷകളില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ അത് മനോരോഗത്തിലേക്ക് വീണുതുടങ്ങുന്നതിന്റെ ലക്ഷണമാണെന്നൊന്നും ആരും മനസ്സിലാക്കിയില്ല. അവന്റെ സ്വഭാവത്തിലും സാധാരണ പെരുമാറ്റത്തിലും രോഗത്തിന്റെ യാതൊരു സൂചനയും ഇല്ലായിരുന്നു.
ചെറുപ്പത്തിലേ അവന്‍ സഹോദരിമാരോട് ചിലപ്പോഴൊക്കെ ദേഷ്യപ്പെട്ട് സംസാരിക്കാറുണ്ടായിരുന്നു, അടിപിടി കൂടാറുണ്ടായിരുന്നു, അതൊക്കെ കുട്ടിക്കളിയായി മാത്രമേ അവര്‍ കണക്കാക്കിയിരുന്നുള്ളൂ. ഒരു കാര്യത്തില്‍ വളരെ താല്‍പര്യപൂര്‍വം ഇടപെട്ടുകൊണ്ടിരിക്കെ പെട്ടെന്ന് അതില്‍ നിന്ന് പിന്മാറി രണ്ടോ മൂന്നോ ദിവസത്തേക്ക് ആരുമായും ബന്ധപ്പെടാതിരിക്കുന്ന സ്വഭാവമുണ്ടായിരുന്നു അവന് എന്ന് അവന്റെ മരണാനന്തരമാണ് സുഹൃത്തുക്കളില്‍ നിന്നറിയാന്‍
കഴിഞ്ഞത്. അവസാനത്തെ ഒന്നൊന്നര വര്‍ഷക്കാലത്തിനിടയില്‍ ഒന്നുരണ്ട് തവണ അവന്റെ പെരുമാറ്റം അല്‍പം പരുക്കനായിരുന്നതൊഴിച്ചാല്‍ ഒരിക്കലും അവന്‍ എന്നോട് മോശമായി പ