Sunday, 17 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.
Text Formatted

തലേദിവസത്തെ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ മേരി കണ്ട സ്വപ്നം

ന്ധനായ സോളമനും, മേരിയും മാത്രമുള്ള വീട്.
ഒരു കിടപ്പറയും അടുക്കളയും കുളിമുറിയുമുള്ള കൊച്ചു വീട്.
ഭൂമിയുടെ അതിരില്‍ കുന്നുകളുടെ ചെരുവില്‍ ഇപ്പോള്‍ ചായും എന്ന് കാണുന്നവര്‍ ആശങ്കപ്പെട്ടേക്കാവുന്ന ഒരിടം.
കണ്ണുകളില്‍ ഗോലിക്കായകള്‍ മാത്രമുള്ള സോളമന്‍.
സോഡാകുപ്പിയിലെ ഗോലിക്കായകള്‍ സുതാര്യമായ പച്ച ചില്ലിലൂടെ നോക്കുന്ന കൗതുകത്തില്‍ മേരി, അയാളെ നോക്കി നിന്നു.
സാധാരണക്കാരില്‍ അതിസാധാരണക്കാരായിരുന്നു അവര്‍.
മേരി അതിരാവിലെ സോളമനെയുണര്‍ത്താതെ എഴുന്നേറ്റ് പല്ലു തേച്ച് കുളിച്ച് അടുപ്പു പുകച്ചു.
സോളമനിഷ്ടമുള്ള കട്ടന്‍കാപ്പി അതിനു മുകളില്‍ തുള്ളിക്കളിച്ചു.
മേരി സോളമനെ നീട്ടി വിളിച്ചു.
സോളമന്‍ മടിയനാണ് എഴുന്നേറ്റില്ല.
കുലുക്കി വിളിച്ചു.
എഴുന്നേറ്റില്ല.
അവള്‍ പച്ചക്കമ്പ് അടുപ്പില്‍ വച്ച് പുകയൂതി.
അത് തട്ടി ചുമച്ച് ഇഷ്ടമാകാതെ അയാള്‍ എഴുന്നേറ്റു.
അവളയാള്‍ക്ക് കാപ്പി കയ്യില്‍ പിടിച്ചു കൊടുത്തു.
അവരൊരുമിച്ചിരുന്നു കാപ്പി മൊത്തി കുടിച്ചു.
കാപ്പിയില്‍ പുക ചുവച്ചു.
കൂടെ ജോലി ചെയ്യുന്ന ത്രേസ്യ ചേച്ചി കണവന്‍ തോമാച്ചനെ കുടിച്ചു വന്നതിനു കഴിഞ്ഞ ദിവസം കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ച കഥ കുടിക്കുന്നതിനിടെ മേരി പറഞ്ഞു. തോമാച്ചന്‍ ആളൊരു രസികനാണ്. കാപ്പിച്ചെടികള്‍ക്കിടയില്‍ പാമ്പിനെ കണ്ടതിനു അയ്യുന്റമ്മച്ചിയേ ത്രേസ്യേ പാമ്പേ എന്നും പറഞ്ഞു ഓടിയതാണ്. ഓട്ടത്തിനിടക്ക് അഴിഞ്ഞ മുണ്ട് തിരിഞ്ഞു നോക്കാതെ വീട്ടിലെത്തി കിതപ്പാറ്റിയ കക്ഷിയാണ്. ത്രേസ്യ വന്ന് പാമ്പിനെ തല്ലിക്കൊന്ന് തോമാച്ചന്റെ മുണ്ട് തിരിച്ച് എടുക്കും വരെ വെള്ളയും നീലയും വരയുള്ള അടിട്രൗസറില്‍ നില്‍ക്കുകയായിരുന്നത്രേ. ത്രേസ്യയെ അങ്ങേര്‍ക്ക് വല്യ ബഹുമാനമാണ്. സ്വന്തമായി അധ്വാനിച്ച് കുടുംബം നോക്കുന്ന ഏതു പെണ്ണിനും സ്വല്പം ശുണ്ഠിയൊക്കെ കാണും