Wednesday, 20 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 14

​​​​​​​പലായനങ്ങള്‍; തേടലുകള്‍

വൈജ്ഞാനികവും വൈകാരികവുമായ  ആവശ്യങ്ങള്‍ ഒരുമിച്ച് ലഭിക്കുന്ന ഇടങ്ങള്‍ അക്കാദമിക് മേഖലയില്‍ അപൂര്‍വമാണ്.

Image Full Width
Image Caption
ഡോ. എ.കെ ജയശ്രീ മെഡിക്കല്‍ കോളജിലെ സഹപാഠികള്‍ക്കൊപ്പം 2018ലെ ഗെറ്റ് ടുഗതറില്‍. രണ്ടാമത്തെ നിരയില്‍ കപ്പുമായി ഇരിക്കുന്നത് ജയശ്രീ.
Text Formatted

ശുപത്രിയില്‍ കണ്ട് മുട്ടുന്ന ഓരോ രോഗിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് പാഠപുസ്തകമാണ്. ആദരവോടെ അവരുടെ ശരീരത്തെ നോക്കുകയും തൊടുകയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും വേണം.
മെഡിക്കല്‍ കോളേജിലെ ജനറല്‍ വാര്‍ഡിലുള്ള രോഗികളെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ലഭിക്കുക. രോഗികള്‍ക്ക് യാതൊരു വിധ ഉപദ്രവവുമുണ്ടാക്കരുതെന്നത് ഹിപ്പോക്രാറ്റസ് പ്രതിജ്ഞ മുതല്‍ പറഞ്ഞു വരുന്നതാണ്. എന്നാല്‍, ഇതെപ്പോഴും നടന്നു കാണാറില്ല. മെഡിക്കല്‍ പരീക്ഷകളുടെ രീതി അന്നങ്ങനെ ആയിരുന്നു. രോഗം ബാധിച്ച ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്തി തെറ്റാതെ അവതരിപ്പിച്ചാല്‍ മാത്രമേ പരീക്ഷക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഈ വൈദഗ്ധ്യം നേടേണ്ടത് ആവശ്യവുമാണ്. എന്നാല്‍, രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ അതെങ്ങനെ സാധിക്കാമെന്നത് അന്നും പല ചികിത്സകരും കാണിച്ചു തന്നിരുന്നു. ഇപ്പോള്‍ മനുഷ്യശരീരം പോലെ തന്നെ ഉപയോഗിക്കാവുന്ന മാനിക്യൂനുകള്‍ (Mannequin) ലഭ്യമാണ്. സ്‌കില്‍ ലാബുകള്‍ (skill lab) മെഡിക്കല്‍ പഠനത്തിന്റെ ഭാഗമാകുന്നത് ഗുണപരമായ മാറ്റമാണ്.  

ചില അദ്ധ്യാപകരും ഈ കാര്യത്തില്‍ തീരെ സെന്‍സിറ്റീവ് അല്ലാതെ അന്ന് അനുഭവപ്പെട്ടിട്ടുണ്ട്. രോഗികളുടെ ശരീരം അവരുടെ അനുവാദമില്ലാതെ പല ആളുകള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ തുറന്ന് പ്രദർശിപ്പിക്കുന്നതൊക്കെ എനിക്ക് ശ്വാസം മുട്ടുണ്ടാക്കിയിരുന്നു. വളരെ കരുതലോടെ രോഗികളെ സമീപിക്കുന്നവരും ഉണ്ടായിരുന്നു എന്നതും എടുത്ത് പറയേണ്ടതുണ്ട്. പരീക്ഷ മാത്രം ലക്ഷ്യം വച്ച് വിദ്യാര്‍ത്ഥികളും പലപ്പോഴും പല പ്രാവശ്യം കൂട്ടത്തോടെ ഒരേ അവയവം അമര്‍ത്തി നോക്കാറുണ്ടായിരുന്നു. ആ രീതി പ്രാകൃതവും വികാരശൂന്യവുമായി എനിക്ക് തോന്നി. ഇപ്പോഴത്തെ പുതിയ സ്‌കാനിംഗ് ടെക്നോളജിയും മറ്റും വലിയ ആശ്വാസം നല്‍കുന്നു.