Monday, 18 October 2021

Covid-19


Text Formatted

കോവിഡ് മഹാമാരിക്കുള്ളിലുണ്ട്​ വംശീയതയുടെ മഹാമാരികള്‍

സമ്പന്ന രാജ്യങ്ങളില്‍ കോവിഡ് കൂടുതലായി ബാധിച്ചത് ദരിദ്രരേയും തൊഴിലാളികളേയും ന്യൂനപക്ഷ വംശജരേയും, കറുത്ത വര്‍ഗക്കാരെയുമായിരുന്നു- കോവിഡ്​ ബാധിതരുടെ സാമൂഹ്യസ്വഭാവം പരിശോധിക്കപ്പെടുന്നു

Image Full Width
Image Caption
കോവിഡിനെ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തെരുവില്‍ വിതരണം ചെയ്യുന്ന ഭക്ഷണം സ്വീകരിക്കാനെത്തിയവരുടെ നീണ്ടനിര. 2020 ജൂണില്‍ ബ്രസീലിലെ സാവോ പോളോ നഗരത്തില്‍ നിന്ന്. / Photo: Nelson Antoine, shutterstock
Text Formatted

കോവിഡിന്റെ ആദ്യഘട്ടത്തില്‍ മഹാമാരി വിവേചനമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ഒരുമിച്ചാണെന്നും (We're all in this together) ലോക മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് ബാധിതരുടെ സാമൂഹ്യ സ്വഭാവം പരിശോധിക്കുമ്പോള്‍ വ്യത്യസ്ത ചിത്രമാണ് ലഭിക്കുന്നത്. സമ്പന്ന രാജ്യങ്ങളില്‍ കോവിഡ് കൂടുതലായി ബാധിച്ചത് ദരിദ്രരേയും തൊഴിലാളികളേയും ന്യൂനപക്ഷ വംശജരേയും, കറുത്ത വര്‍ഗക്കാരെയുമായിരുന്നു. ബ്രിട്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് വിവിധ ജനവിഭാഗങ്ങളുടെ രോഗബാധയുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനസംഖ്യയില്‍ 15 ശതമാനം വരുന്ന കറുത്തവര്‍, ഏഷ്യക്കാര്‍, ന്യൂനപക്ഷ വംശം (Black, Asian, Minority Ethnic: BAME)  എന്നീ വിഭാഗക്കാരാണ് മരിച്ചവരില്‍ 19 ശതമാനവും. വെള്ളക്കാരെക്കാള്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരിലെ മരണനിരക്ക് ഇരട്ടിയായി കാണപ്പെട്ടു. മറ്റൊരു പഠനമനുസരിച്ച്,  വെള്ളക്കാരെക്കാള്‍ കറുത്തവര്‍ക്ക് 71 ശതമാനവും ഏഷ്യക്കാര്‍ക്ക്  62 ശതമാനവും  മരണസാധ്യത കൂടുതലാണെന്ന് വ്യക്തമായി. 

ധനികരായ അമേരിക്കക്കാര്‍ പോലും  രോഗഭയം മൂലം ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളില്‍ നിന്ന്​ പ്രാന്തപ്രദേശത്തുള്ള വീടുകളിലേക്ക് താമസം മാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കയാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഏപ്രില്‍ മധ്യത്തോടെ രോഗം കൂടുതലായി കാണപ്പെടുന്നതും മരണവും കറുത്തവര്‍, ലാറ്റിനോസ്, തദ്ദേശീയ അമേരിക്കക്കാര്‍, ഏഷ്യന്‍ അമേരിക്കക്കാര്‍ എന്നിവരിലാണെന്ന് വ്യക്തമായി. ചിക്കാഗോയില്‍ 30 ശതമാനമുള്ള കറുത്തവരായിരുന്നു മരണത്തി​ന്റെ 68 ശതമാനവും.