Wednesday, 20 October 2021

Photo Feature


Text Formatted

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കാല്‍നൂറ്റാണ്ട്

25 വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) സവിശേഷ സന്ദര്‍ഭങ്ങള്‍ തുടക്കം മുതല്‍ മേളയുടെ സഹയാത്രികനായിരുന്ന
എ.ജെ. ജോജി എന്ന ഫോട്ടോഗ്രാഫറുടെ ശേഖരത്തില്‍നിന്ന്

Image Full Width
Image Caption
ഇരുപത്തി അഞ്ചാം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം നല്‍കി ആദരിക്കപ്പെട്ട ഫ്രഞ്ച് സംവിധായകന്‍ ഷീന്‍ലുക് ഗൊദാര്‍ദ്.
Text Formatted

കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് 2021ല്‍ കാല്‍നൂറ്റാണ്ട് തികയുകയാണ്. 1996ല്‍ തുടങ്ങിയ മേളയുടെ തുടക്കം ഔപചാരികതയിലൂന്നിയതായിരുന്നുവെങ്കിലും പിന്നീട്, ഇന്ത്യയിലെ തന്നെ ഏറ്റവും ജനകീയമായ സാംസ്‌കാരിക ഇടപെടലായി മാറി. 2000നുശേഷം രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സിനിമാ ആസ്വാദകര്‍ ഓര്‍ത്തുവെക്കുന്ന ഇടമായി തിരുവനന്തപുരം മാറി. ഏഷ്യന്‍- ആഫ്രിക്കന്‍- ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള പുതിയ ചിത്രങ്ങള്‍, മൂന്നാംലോക രാഷ്ട്രങ്ങളില്‍നിന്നുള്ള സിനിമകള്‍,  ലോക സിനിമകള്‍, ഇന്ത്യന്‍ ഭാഷാചിത്രങ്ങള്‍ തുടങ്ങി വ്യത്യസ്ത കാലഘട്ടങ്ങളുടെയും ദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന കാഴ്ചകള്‍, പ്രമേയങ്ങള്‍, ജനതകള്‍ തുടങ്ങി സിനിമയുടെ വലിയ തിരശ്ശീലകളാണ് ഇവിടെ ഒരുക്കിയിരുന്നത്.

സമഗ്രാധിപത്യത്തിനെതിരെ ചെറുത്തുനില്‍ക്കാനും സ്വന്തം ജനതയുടെ അതിജീവനം ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കാനും അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ദൃശ്യവല്‍ക്കരിക്കാനുമെല്ലാം സിനിമയെ രാഷ്ട്രീയ ആയുധമാക്കിയ സംവിധായകരുടെയും ചലച്ചിത്ര ആക്റ്റിവിസ്റ്റുകളുടെയും മേള. ഒപ്പം, മലയാളിയുടെ പുതിയ തലമുറ ഒരുതരം അരാജകമായ ഇന്ദ്രിയാവബോധത്തോടെ ഈ മേള പിടിച്ചെടുക്കാന്‍ തുടങ്ങി. അതോടെ, അത് സിനിമയുടെ മാത്രം വേദിയല്ലാതായി. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കുപുറത്ത്, അകത്തുള്ളിടത്തോളം തന്നെ ആഴമേറിയ ശബ്ദങ്ങളുടെയും ദൃശ്യങ്ങളുടെയും യാഥാർഥ്യങ്ങളുടെയും വലിയ തിരശ്ശീലകളൊരുങ്ങി.

തിയറ്ററുകളുടെ പടിക്കെട്ടുകളിലും മുറ്റത്തും സകല മനുഷ്യരുടെയും വിഷയങ്ങള്‍ അജണ്ടകളായി അരങ്ങേറി. അവിടെ, പാട്ടുപാടുന്നവരുടെയും കൊട്ടുന്നവരുടെയും പ്രതിഷേധിക്കുന്നവരുടെയും മുഖംതിരിഞ്ഞിരിക്കുന്നവരുടെയും ബദലവതരണങ്ങളുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെയും ഒച്ച മുഴങ്ങി. മനുഷ്യാവകാശങ്ങള്‍ക്കും പരിസ്ഥിതിക്കും പലതരം സാമൂഹിക വര്‍ഗങ്ങള്‍ക്കും വേണ്ടിയുള്ള സംഘങ്ങളുടെ സാന്നിധ്യം.