Wednesday, 20 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 15   

​​​​​​​ പരീക്ഷണശാലയിലെ ജീവിതം  

ജ്ഞാനശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ സാമൂഹികശാസ്ത്രപരമായ ഒരു തലത്തിലേക്കു മാറ്റപ്പെടുന്നതും വിവര്‍ത്തനം ചെയ്യപ്പെടുന്നതും എങ്ങനെയാണ്?

Image Full Width
Image Caption
ഗുരുത്വാകര്‍ഷണ തരംഗ ഡിറ്റക്ടറുകളിലൊന്നിനരികില്‍ വെബര്‍ / Photo: University of Maryland Libraries
Text Formatted

ലോജിക്കല്‍ പോസിറ്റിവിസത്തിന്റെ സമീപനങ്ങള്‍ ആന്തരികപ്രശ്‌നങ്ങളില്‍ പെട്ട് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവല്ലോ? ഒരു പ്രസ്താവനയുടെ അര്‍ത്ഥം അനുഭവൈകഘടകങ്ങള്‍ കൊണ്ടും സൈദ്ധാന്തികഘടകങ്ങള്‍ കൊണ്ടും വിചിന്തനാത്മകമായി വിശ്ലേഷണം ചെയ്യാന്‍ കഴിയുമെന്ന സമീപനം അനുഭവവാദപരമായ വരട്ടുതത്ത്വവാദമാണെന്ന് ക്വിന്‍ സുവ്യക്തമാക്കുന്നുണ്ട്. ഇതിനു ശേഷമാണ് വിറ്റ്ഗണ്‍സ്റ്റൈന്റെ ഒരു നിര്‍ദ്ദേശത്തിന്റെ പ്രാധാന്യം ശ്രദ്ധിക്കപ്പെടുന്നത്. വിചിന്തനാത്മകവിശ്ലേഷണത്തിനു പകരം സാധാരണഭാഷാപ്രയോഗങ്ങളുടെ വിശ്ലേഷണത്തെ സ്വീകരിക്കണമെന്ന വിറ്റ്ഗണ്‍സ്റ്റൈന്റെ നിര്‍ദ്ദേശം വ്യത്യസ്തമായ വഴിയെ കാണിക്കുന്നതായിരുന്നു. ശാസ്ത്രസിദ്ധാന്തങ്ങളോ ശാസ്ത്രപാഠപുസ്തകങ്ങളിലെ പ്രസ്താവനകളോ മാത്രം തത്ത്വചിന്തകന്മാര്‍ വികലനത്തിനു വിധേയമാക്കിയാല്‍ പോര. പാഠപുസ്തകജ്ഞാനമാകുന്നതിനു മുമ്പുള്ള പരീക്ഷണശാലയിലെ കുറിപ്പുകളും ചര്‍ച്ചകളും ശാസ്ത്രജ്ഞന്മാര്‍ക്കിടയിലെ കത്തിടപാടുകളും മറ്റു വിനിമയങ്ങളുമെല്ലാം വികലനത്തിനു വിധേയമാകണം. ശുദ്ധസൈദ്ധാന്തികവിശ്ലേഷണത്തിന്റെ മേഖലയില്‍ നിന്നും പ്രയോഗത്തിന്റെ മേഖലയിലേക്കു തിരിയാനുള്ള ശ്രമമായി ഇതിനെ കാണണം. ശാസ്ത്രം താരതമ്യത്തിലൂടെ പഠിക്കണമെന്ന ആശയം ഇതിന്നടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശാസ്ത്രത്തിന് അനന്യമായ രീതിശാസ്ത്രമുണ്ടെന്ന വിശ്വാസത്തെ സ്വീകരിക്കാത്ത സമീപനമാണിത്. ഒരു പക്ഷേ, തോമസ്‌കുണിനും പോള്‍ ഫയറബന്റിനും ഡേവിഡ് ബ്ലൂറിനുമൊക്കെ ഊര്‍ജ്ജം നല്‍കിയ സമീപനമാണിതെന്നും പറയാവുന്നതാണ്. ഡേവിഡ് ബ്ലൂറിന്റെ "ശക്തമായ പദ്ധതി'യാകട്ടെ, ശാസ്ത്രജ്ഞാനത്തില്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും മറ്റും നടത്തുന്ന ഇടപെടലുകളേയാണ് പ്രധാനമായും കേന്ദ്രീകരിച്ചത്.