Tuesday, 19 October 2021

Report from Bengal


Text Formatted

ബംഗാളിൽ നിന്നു വാർത്തകളുണ്ട് -3 

അബ്ബാസ് സിദ്ദിഖിയും മുസ്‌ലിംവോട്ടുകളും

പശ്ചിമബംഗാളിൽ മൂന്നാം തവണയും ഭരണം നിലനിർത്തണമെങ്കിൽ മമതാ ബാനർജിക്ക് മുസ്​ലിം വോട്ടർമാരുടെ പിന്തുണ കൂടിയേ തീരൂ. മതനേതാവായ അബ്ബാസ് സിദ്ദിഖിയുടെ പുതിയ പാർട്ടി ഇടതു- കോൺഗ്രസ് സഖ്യത്തോടൊപ്പം ചേർന്നത് മുസ്‌ലിം വോട്ടുകൾ ഭിന്നിക്കാൻ വഴിവയ്ക്കും. അങ്ങനെ സംഭവിച്ചാൽ നേട്ടം ബി.ജെ.പിക്കായിരിക്കും

Image Full Width
Image Caption
ഇടതു മുന്നണി-കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച അബ്ബാസ് സിദ്ധിഖി, ഫെബ്രുവരി 28ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സംയുക്ത റാലിയില്‍ ഇരുകക്ഷികള്‍ക്കുമൊപ്പം വേദി പങ്കിട്ടപ്പോള്‍ / photo: CPI(M), Facebook
Text Formatted

“ന്യൂനപക്ഷസമുദായങ്ങളെ ഞാൻ ഇനിയും പ്രീണിപ്പിക്കും, ഒരു നൂറുതവണ. ആർക്കാണ് അതിലിത്ര പ്രശ്നം? കറവപ്പശുവിന്റെ തൊഴി ഏൽക്കേണ്ടി വന്നാലും സാരമില്ല.”

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന സമയത്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞതാണിത്. 
തൊട്ടുമുമ്പത്തെ തിരഞ്ഞെടുപ്പിൽ നേടിയ 34 ലോക്‌സഭാസീറ്റുകളിൽ 12 എണ്ണം തൃണമൂലിനു നഷ്ടമാവുകയും ബി.ജെ.പിയുടെ സീറ്റുനില രണ്ടിൽ നിന്ന് 18 ആയി ഒറ്റയടിക്ക് ഉയരുകയും ചെയ്ത തിരഞ്ഞെടുപ്പായിരുന്നു അത്. തൃണമൂലിന്റെ പ്രകടനം മോശമായത് മുഖ്യമന്ത്രിയുടെ അമിതമായ ന്യൂനപക്ഷപ്രീണനം സഹിക്കാനാവാതെ ഹിന്ദുവോട്ടർമാരിൽ ഒരു വിഭാഗം അകന്നുപോയതുകൊണ്ടാണെന്ന ബി.ജെ.പിയുടെ ആരോപണത്തിൽ ക്രുദ്ധയായ മുഖ്യമന്ത്രിയിൽ നിന്ന് പെട്ടെന്നുണ്ടായ പ്രതികരണം.

സ്വാഭാവികമായും വിവാദമായി ഈ പരാമർശം. ന്യൂനപക്ഷ വോട്ടർമാരെ കറവപ്പശു എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനെ മുസ്‌ലിം സംഘടനകളും തൃണമൂലിന്റെ ശത്രുക്കളും നിശിതമായി വിമർശിച്ചിരുന്നു. 

മുഖ്യമന്ത്രി ആലോചിക്കാതെ പറഞ്ഞുപോയതാണെങ്കിലും ന്യൂനപക്ഷവോട്ടർമാരെ, കൃത്യമായി പറഞ്ഞാൽ മുസ്‌ലിംകളെ, കറവപ്പശുക്കളായി തന്നെയാണ് പശ്ചിമബംഗാളിലെ സകലരാഷ്ട്രീയപാർട്ടികളും ഇതുവരെ കണ്ടുപോന്നത്. സംസ്ഥാനത്തെ ഒമ്പതു കോടി ജനങ്ങളിൽ 70.5 ശതമാനം ഹിന്ദുക്കളും 27 ശതമാനം മുസ്‌ലിംകളുമാണ്. ബാക്കി മതവിഭാഗങ്ങളിൽപ്പെട്ടവരെല്ലാംകൂടി 2.5 ശതമാനം. സംസ്ഥാനത്ത് നടക്കുന്ന ഓരോ തിരഞ്ഞെടുപ്പിലും രാഷ്ട്രീയകക്ഷികളുടെയും മുന്നണികളുടെയും വിജയസാധ്യത തീരുമാനിക്കുന്നതിൽ രണ്ടരക്കോടിയോളം വരുന്ന മുസ്‌ലീങ്ങളുടെ വോട്ട് നിർണായകമാണ്.