Monday, 29 November 2021

Novella


Text Formatted

തൈമയും കൊളംബസും -5

കപ്പല്‍ച്ചേതം

Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

സൂര്യന്‍ അതിന്റെ സകല പ്രതാപത്തോടെയും കത്തി നിന്ന ദിവസമായിരുന്നു അത്. പ്രസന്നവും ശാന്തവുമായ വെളളപ്പരപ്പില്‍ മീനുകള്‍ പുളച്ചു. കൊളംബസും കൂട്ടരും വലകള്‍ എറിയുന്നത് കണ്ട് ദ്വീപു വാസികള്‍ കൂട്ടത്തോടെ വന്നു. അവര്‍ തീയില്‍ വച്ച് കൂര്‍പ്പിച്ച, ചൂരല്‍ കൊണ്ടുണ്ടാക്കിയ ചാട്ടുളികള്‍ കൊണ്ട് മീന്‍ പിടിക്കുന്നതെങ്ങനെയെന്ന് നാവികരെ പഠിപ്പിച്ചു. വലയെറിയുമ്പോഴുളളതു പോലെ കണ്ടമാനം കിട്ടുന്നില്ലെങ്കിലും അവരുടെ ചാട്ടുളികള്‍ മീന്‍പിടുത്തത്തിന് എത്ര അനുയോജ്യമാണെന്ന് കൊളംബസ് കണ്ടു. 

ഒന്നുകില്‍ അവര്‍ റിമോറ മീനിനെ ചുണ്ടയില്‍ കൊരുക്കി വളളത്തിന്റെ അറ്റത്തു നിന്നും താഴേക്കിട്ടു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കടലാമയോ, മറ്റ് മീനുകളോ കുടുങ്ങി. അപ്പോള്‍ തൈനോകളില്‍ ചിലര്‍ വെളളത്തിലിറങ്ങി ആ വലിയ മീനിനെ വളളത്തിലേക്ക് എടുത്തിടാന്‍ സഹായിച്ചു. അതല്ലെങ്കില്‍ അവര്‍ സെന്ന ചെടിയുടെ വിഷത്തണ്ട് വെളളത്തിലേക്കിട്ടു. മീനുകള്‍ അതില്‍ കൊത്തി മയങ്ങിക്കിടന്നപ്പോള്‍ അവര്‍ ആ മീനുകളേയും പിടിച്ചു വളളത്തിലിട്ടു. അവര്‍ അത് ചുട്ടു തിന്നുന്നതു കണ്ടപ്പോള്‍ സെന്നയുടെ വിഷം മനുഷ്യര്‍ക്ക് ഒട്ടും ഹാനികരമല്ല എന്ന് കൊളംബസ് കണ്ടു. 

അധികം വൈകാതെ മീനുകള്‍ നീനയുടെ അറകളില്‍ കുമിഞ്ഞ് കൂടി. വരാലും, കൂരിയും നത്തലും നെയ്മീനും, കണമ്പും, കടല്‍മത്തിയും, കോരയും...
പിന്നെയും ദ്വീപ് വാസികള്‍ വന്നു കൊണ്ടിരുന്നു. നൂറോളം ദ്വീപു വാസികള്‍. അനേകം കൊച്ചു വളളങ്ങളില്‍ കയറി അവര്‍ വന്നു. പരിപൂര്‍ണ നഗ്‌നരായ മനുഷ്യര്‍. പെണ്ണുങ്ങളും യുവാക്കളും വൃദ്ധരും കുഞ്ഞുങ്ങളെ തോളത്തിരുത്തിയവരും അടങ്ങിയ പുരുഷാരം. അവര്‍ വളളങ്ങളില്‍ അതിഥികള്‍ക്കുളള ഭക്ഷണവും, സമ്മാനങ്ങളുമായി ആര്‍പ്പു വിളിയോടെ വന്നു. നീനയുടെ അടുത്തെത്തിയപ്പോള്‍ വളളങ്ങളില്‍ എഴുന്നേറ്റ് നിന്ന് ""എടുത്തു കൊളളൂ, എടുത്തുകൊളളൂ.'' എന്ന് ആര്‍ത്തു വിളിച്ചു. 

ബാര്‍ട്ടര്‍ സമ്പ്രദായം കണ്ട് തഴമ്പിച്ച കൊളംബസിന്റെ കണ്ണുകള്‍ ഈ ദാന പ്രക്രിയ കണ്ട് അമ്പരന്നു. ദ്വീപു വാസികള്‍ കൊണ്ടു വന്ന സാധനങ്ങളും മീനും കൊണ്ട് നീനയുടെ അറകള്‍ നിറഞ്ഞു...

ഒടുവില്‍ ദ്വീപ്വാസികള്‍ എല്ലാം പിരിഞ്ഞു പോയതിനു ശേഷം കൊളംബസ് ഡെക്കില്‍ ഒറ്റക്ക് നിന്നു. ദ്വീപിലെ രാജാവ് സമ്മാനിച്ച കിരീടം കൈയിലെടുത്തു. തിളങ്ങുന്ന രത്നങ്ങള്‍ പിടിപ്പിച്ച