Monday, 29 November 2021

ആത്മകഥ


Text Formatted

എന്റെ കഥ- 3

കത്തുതീ കാട്ടുതീ കത്തുമീ ഞാന്‍

Image Full Width
Image Caption
ചിത്രീകരണം: കെ.പി. മുരളീധരന്‍
Text Formatted

ഞാന്‍ ചിരിക്കുന്ന പോലെ  അഭിനയിച്ചു. വിറയോടെ കത്ത് കയ്യില്‍ വാങ്ങി. ഭയം കാരണം എനിക്ക് സാറിനോട് സത്യം പറയുവാന്‍ കഴിഞ്ഞില്ല. എന്റെ അസ്ഥികള്‍ ഭയത്തിന്റെ അമ്ലതയാല്‍ പൂതലിച്ചിരുന്നു. ശരീരം അപമാനത്താല്‍ അടര്‍ന്നു വീണിരുന്നു. അത് മാധവിക്കുട്ടിയെഴുതിയതല്ല മറിച്ച് ഊമക്കത്തെഴുത്തുകാരന്റെ ഭീഷണിയാണെന്ന് മനസ്സിലായി. അതിലുമപ്പുറം. ആ കഥ ഞാന്‍ എന്റെ പേരില്‍ അല്ല എഴുതിയിരുന്നത്. ഇന്ദൂ മേനോനെ, ഇന്ദ്രാ മേനോനെ എന്നു കൂടി എഴുതിയ അഭിസംബോധന കണ്ടപ്പോള്‍ ഞാന്‍ ശരിക്കും തകര്‍ന്നു പോയി

ഇനിയും ഇനിയും ഇത് മാധവിക്കുട്ടിയുടെ എഴുത്തല്ല എന്നെനിക്കറിയാമായിരുന്നു. അന്നു രാവിലെയും കൂടി ഞാന്‍ മാധവിക്കുട്ടിയുമായി സംസാരിച്ചതാണ്. മാത്രമല്ല ഒപ്പിട്ടിരിക്കുന്നത് മാധവിക്കുട്ടി എന്നാണ്. അവരുടെ ഒപ്പ് കമല എന്നാണെന്ന് എനിക്കറിയാം. പക്ഷെ ഊമക്കത്തുകാരനു അറിയില്ലല്ലോ.

ഇതൊരു സൂചനയാണ് കത്ത് വരും. നീ പോകുമിടത്ത് കത്ത് വരും. വിശ്വരൂപിയായ ഒരു ഊമക്കത്തിനെ  ഞാനയക്കും. നിന്റെ കോളേജില്‍ നീ നാണം കെടും.

പിന്നെ ഒരു ഊമക്കത്തുകളുടെ വസന്തകാലമായിരുന്നു. കോളേജില്‍ വരുന്ന കത്തുകള്‍ എനിക്ക് കിട്ടാറില്ല. എന്നാല്‍ വീട്ടിലേയ്ക്ക് കത്തുകളുടെ പെരുമഴക്കാലമായി. ക, മ, പ, ത, റ, ഇതാണു പഞ്ചാക്ഷരികള്‍. നിങ്ങള്‍ ഓര്‍ത്തു നോക്കൂ ഏത് പച്ചത്തെറിയിലും ഈ അഞ്ചിലൊരക്ഷരം ഉണ്ടാകും. ഏതു പച്ചത്തെറിയിലും ള്‍, ണ്‍ ചില്ലക്ഷരങ്ങളേ കാണൂ. ചുരുക്കത്തില്‍ അക്ഷരമാലകളെ പഞ്ചാക്ഷരമാലകളായി അവ ചുരുക്കിക്കളഞ്ഞു. ഭാഷയ്ക്ക് അമ്പത്തിയാറക്ഷരം ആവശ്യമില്ലെന്ന് എനിക്ക് മനസ്സിലായി. മനുഷ്യനെ ഉടച്ചുകളയാന്‍ മഹത്സൃഷ്ടികള്‍ വേണ്ടെന്നെനിക്ക് മനസ്സിലായ്. മൈരു, പൂറു, കൂണ്ണ, പണ്ണ, തായോളി, കന്ത്, പുലയാടി, പറി, പൂളാച്ചി, പൂള, അണ്ടി, ആനയണ്ടി, മലമൈരു, വെടി, പറവെടി, വെപ്പാട്ടി, ഊത്തന്‍, ജാരന്‍, മറ്റോന്‍, മറ്റോളു, പുളുത്തല്‍, കോണോത്തില്, പട്ടിപ്പെലയാടി, ഷണ്ഡന്‍, ക്ലീബന്‍, തേവിടി, കൂതി ക്ലാസ്സ് വണ്‍ തെറികള്‍ കേട്ടാല്‍, വായിച്ചാല്‍,  ശബ്ദതാരാവലി എടുത്ത് അര്‍ത്ഥങ്ങള്‍ വായിക്കുന്ന മാത്രയില്‍ മനുഷ്യര്‍ ഉലഞ്ഞു തീര്‍ന്നു പോകുന്ന അവസ്ഥ. ദേവി സരസ്വതിയാണു വാഗ്‌ദേവത എന്നു പറഞ്ഞാല്‍  വിശ്വസിക്കാന്‍ പോയിട്ട് ഓര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ. അത്തരത്തിലുള്ള കത്തുകളാണവ. എനിക്കു മാത്രമായി