Monday, 29 November 2021

Cultural Study


Text Formatted

ദൈവത്തിന്റെ ചൂട്ട് വെളിച്ചം

മലയന്റെ തെയ്യം കാവില്‍ ഉറഞ്ഞെഴുന്നേല്‍ക്കുന്ന നേരത്തും മക്കളെ പെറ്റുകിടക്കുന്ന നേരത്തും സ്വന്തക്കാര്‍ മരിച്ചു കിടന്നപ്പോഴും ഒന്നുമോര്‍ക്കാതെ പാഞ്ഞു ചെന്ന്​ ഗര്‍ഭിണികളുടെ വയറു തടവി ആശ്വസിപ്പിച്ച്​ പേറെടുത്തിരുന്ന രണ്ട്​ മലയ സ്​ത്രീകളുടെ ജീവിതം

Image Full Width
Image Caption
ചെറിയക്കുട്ടിയമ്മയും പാറുവമ്മയും / ഫോട്ടോ: സജിത്ത് കണ്ണോം
Text Formatted

"നമ്മളെല്ലും മഹര്‍ഷിമാര്‌ടെ പിന്‍തലമുറയാന്നു മോനെ'.
പേറെടുപ്പ് മുതല്‍ ദോഷം തീര്‍ക്കുന്ന കണ്ണേര്‍ പാട്ടും തച്ചു മന്ത്രവും മരിച്ചാല്‍ ചെയ്യുന്ന അകനാള്‍ നീക്കലുമടക്കം വിശ്വാസപരമായി ഉത്തരമലബാറിലെ ഹിന്ദു സമൂഹത്തിനുള്ളില്‍ ഇടപെടുന്ന മലയ സമുദായത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് പ്രചാരമുള്ള മിത്ത് മുറുക്കാന്‍ ചവച്ച പല്ലുകള്‍ കാട്ടികൊണ്ട് പാറുവമ്മ പറഞ്ഞുതുടങ്ങി.

ദേവന്മാരില്‍ ഏറ്റവും സുന്ദരനാര് എന്ന തര്‍ക്കം ദേവലോകത്ത് നടക്കുകയാണ്. മുനിമാർക്കും യക്ഷ കിന്നര ഗന്ധര്‍വ്വന്മാര്‍ക്കും ഒരേ ഒരുത്തരം മാത്രം.
ശ്രീ പരമേശ്വരനോളം രൂപഗുണമുള്ളവന്‍ ഈ ഉലകില്‍ മറ്റാരുമില്ല.
പറഞ്ഞു കേട്ടപ്പോള്‍ പരമശിവനു സ്വന്തം രൂപം കാണുവാന്‍ ആശ തോന്നി.
കിഴക്ക് ആദിത്യ ഭഗവാന്റെ മുഖം തുറന്നു വെള്ളിക്കണ്ണാടിയെടുത്ത് അകം തുടച്ചു മുഖം നോക്കി. സുന്ദര രൂപം കണ്ടില്ല. തെക്ക് യമധര്‍മ്മന്റെ മുഖം തുറന്നു ഇരുമ്പ് കണ്ണാടിയെടുത്ത് നോക്കി. വടിവ് മുഴുവനായും കണ്ടില്ല. പടിഞ്ഞാറ് വിഷ്ണു ഭഗവാന്റെ മുഖം തുറന്നു പൊന്നിന്‍ കണ്ണാടിയെടുത്ത് നോക്കി രൂപ ഗുണത്തെ മുഴുവനായി കണ്ടില്ല. ഒടുവില്‍ വടക്ക് ശ്രീ ഭദ്രകാളിയുടെ മുഖം തുറന്ന്  വെള്ളോട്ട് കണ്ണാടിയെടുത്ത് നോക്കുമ്പോള്‍ ഇടതു ഭാഗത്ത് സ്ത്രീരൂപവും വലതു ഭാഗത്ത് തന്റെ രൂപവും കണ്ടു. തിരുമുടിയില്‍ ഗംഗയെയും തിരുനെറ്റിയില്‍ ചന്ദ്രനേയും കണ്ടു. കണ്ണില്‍ കാമദേവനെയും മൂക്കില്‍ മൂല ദേവനേയും പല്ലില്‍ പാണ രാജാവിനെയും നാവില്‍ സരസ്വതിയെയും കണ്ടു.

UCHITTA BAGAVATHY
ഉച്ചിട്ട ഭഗവതി / ചിത്രങ്ങള്‍ : പ്രസൂണ്‍ കിരണ്‍