Saturday, 27 November 2021

Cinema and Life in Malabar


Text Formatted

ഒരു മാപ്ലച്ചെക്കന്റെ സില്‍മാകൊട്ടകകള്‍

ഇത് ബാല്യ കൗമാരങ്ങളിലെ സിനിമാക്കാഴ്ചയുടെ കഥ മാത്രമല്ല. മലബാര്‍ മുസ്‌ലിം കുട്ടികളുടെ ആത്മകഥയുടെ ഭാഗം കൂടിയാണ്. പ്രാദേശിക ചരിത്രത്തിന്റെയും ചിന്താ ചരിത്രത്തിന്റെയും മണ്‍സ്പര്‍ശം നിറഞ്ഞ കുറിപ്പടികള്‍. സത്യങ്ങളും അര്‍ദ്ധ സത്യങ്ങളും മൂടി ചരിത്രം നിദ്രയിലാവുകയും ഉണരുകയും ചെയ്യുന്നതിന്റെ ആഖ്യാനം

Image Full Width
Image Caption
1973ൽ ഇറങ്ങിയ ‘ശാസ്​ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന സിനിമയിൽ പ്രേം നസീറും ജയഭാരതിയും.
Text Formatted

ഒന്ന്- ഹറാം സിനിമ 

ഴിഞ്ഞ നൂറ്റാണ്ടായിരുന്നു സിനിമയുടെ നൂറ്റാണ്ട്.
ചലച്ചിത്ര സാങ്കേതികതയുടെ ആദ്യാങ്കുരങ്ങള്‍ തെഴുത്തത് 19-ാം നൂറ്റാണ്ട് അവസാനിക്കും നാളിലാണെങ്കിലും ജനപ്രിയ കല എന്ന നിലയ്ക്കും മനുഷ്യനെ കീഴ്‌പ്പെടുത്തിയ ഒരത്ഭുതം എന്ന നിലയ്ക്കും ആ കലയുടെ സര്‍പ്പ സൗന്ദര്യങ്ങള്‍ ഓരോന്നും പത്തി വിടര്‍ത്തിയാടിയത് ഇരുപതാം നൂറ്റാണ്ടിലാണ്. അതിനു മുമ്പ് ജീവിച്ചവര്‍ക്ക് സിനിമ പോലെയൊരു മാസ്മരിക കല അപ്രാപ്യമായിരുന്നു. സിനിമയുടെ ലാവണ്യ ശാസ്ത്രം എല്ലാ അര്‍ത്ഥത്തിലും ലോകജീവിതത്തെ ആകമാനം സമ്പന്നമാക്കി. സ്ഥിരപ്രതിഷ്ഠ നേടിയ മറ്റെല്ലാ കലാരൂപങ്ങളും സിനിമയുടെ കുത്തൊഴുക്കില്‍ പുതിയ വേതാളമാറ്റങ്ങള്‍ക്കു കാരണമായി. ലോക ചരിത്രം, സംസ്‌കാരം, സദാചാരം.. തുടങ്ങിയവയെല്ലാം പുതിയ കണ്ണോടെ നോക്കാനുള്ള ആര്‍ജ്ജവം സിനിമ നല്‍കി.

1960-70 കളില്‍ പിന്നിട്ട എന്റെയും തലമുറയുടെയും ബാല്യ -കൗമാരങ്ങളില്‍ സിനിമ ഉണ്ടാക്കിയ ഭ്രാന്തവും ഭാവനാപരവും സദാചാരപരവുമായ ഇളക്കങ്ങളെ, വടക്കന്‍ മലബാറിലെ മുസ്‌ലിം ഭൂരിപക്ഷഗ്രാമത്തില്‍ വളര്‍ന്നു വലുതായ ഒരു മാപ്പിളചെക്കന്റെ കാഴ്ചക്കോണിലൂടെ ഓര്‍ത്തെടുക്കാനുള്ള തികച്ചും "ബാലിശമായ' ഓര്‍മത്തുടര്‍ച്ചയാണ് ഈ എഴുത്ത്. സിനിമ ഹറാമായിരുന്ന സമയത്ത്, അക്കാലത്തെ കുടുംബ -സാമുദായിക സദാചാര സംക്രമങ്ങളെ വകഞ്ഞുമാറ്റി, വിലക്കുകളെ ഭാവനാപരമായും കുട്ടിത്തപരമായും തൃണവല്‍ഗണിച്ചു കൊണ്ടാടിയ  ഒരു കൂട്ടുജീവിതത്തിന്റെ ചരിത്രസ്മരണ.

വീട്ടില്‍ നിന്ന്​ എപ്പോഴെങ്കിലും ചില മുതിര്‍ന്നവരും, നാട്ടിനുപുറത്തു നിന്നും ചില പോക്കിരികളും സിനിമ കണ്ടു. സിനിമ കാണുന്നവര്‍ ദീനിന് പുറത്താണ് എന്ന അലിഖിത വിളംബരം അക്കാലത്ത്​ മലബാറില്‍ മൊത്തമുണ്ടായിരുന്നു. ചിത്രംവര, ഫോട്ടോ ഒക്കെ പടച്ചോന്റെ സൃഷ്ടികളെ അനുകരിക്കുന്ന കല എന്ന നിലയ്ക്ക് ഇസ്‌ലാമിനെതിരാണ് എന്നൊരു ഫത്വയും അക്കാലത്ത്​ മദ്രസകളില്‍ ഇടയ്ക്ക് ആവര്‍ത്ത