Friday, 26 November 2021

Election and Realities


Text Formatted

കേരളത്തിലെ മുസ്‌ലിംകള്‍ ആര്‍ക്ക് വോട്ടുചെയ്യും?

ഒരു പൗരസഞ്ചയം എന്ന സ്വത്വത്തില്‍ നിന്ന് അതിജീവന ഭീഷണി നേരിടുന്ന ഒരു ന്യൂനപക്ഷം എന്ന ബോധത്തിലേക്കുള്ള കേരള മുസ്‌ലിമിന്റെ സമ്പൂര്‍ണമായ സംക്രമണമാണ് ഈ തെരഞ്ഞെടുപ്പുഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതിജീവനത്തിന്റെ ഉല്‍ക്കണ്ഠകളായിരിക്കും അവരുടെ തീരുമാനത്തിന്റെ അടിസ്ഥാനഹേതു. ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇത്തരമൊരു ഭയം കടന്നുവരുന്നത് ആദ്യമായാണ്. 

Image Full Width
Image Caption
മുസ്‌ലിം ലീഗിന്റെ ഒരു മു​ൻ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന്. / Photo: P. K. Kunhalikutty, facebook page
Text Formatted

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഏപ്രിൽ ആറിന്​ നടക്കാന്‍ പോകുന്നത്. തെരഞ്ഞെടുപ്പ് ഫലമല്ല ഇതിനെ നിര്‍ണായകമാക്കുന്നത്. പതിവുപോലെ യു.ഡി. എഫോ എല്‍.ഡി.എഫോ അധികാരത്തില്‍ വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണത്തുടര്‍ച്ചയുടെ സാധ്യത പ്രബലമാണെന്നു തോന്നുന്നു. അടുത്ത ഏതാനും ആഴ്ചകളില്‍ ആ സാധ്യത കുറയാനും ഇടയുണ്ട്. എന്തൊക്കെ വിവാദങ്ങളും പുതിയ പ്രശ്‌നങ്ങളും ഉയര്‍ന്നുവരുമെന്ന കാര്യം ഇപ്പോള്‍ ഊഹാതീതമാണ്. 

ജനസംഖ്യയില്‍ 27 ശതമാനം വരുന്ന മുസ്‌ലിംകളെ സംബന്ധിച്ച് അഭൂതപൂര്‍വമായ ഒരു ഘട്ടമാണിത്. അതിജീവനവുമായി ബന്ധപ്പെട്ട ആശങ്കകളും ഭയവും മാത്രമായിരിക്കും മുസ്‌ലിംകള്‍ ആര്‍ക്കു വോട്ട് ചെയ്യുമെന്നത് നിശ്ചയിക്കുന്ന ഏകഘടകം. ഒരു പൗരസഞ്ചയം എന്ന സ്വത്വത്തില്‍ നിന്ന് അതിജീവന ഭീഷണി നേരിടുന്ന ഒരു ന്യൂനപക്ഷം എന്ന ബോധത്തിലേക്കുള്ള കേരള മുസ്‌ലിമിന്റെ സമ്പൂര്‍ണമായ സംക്രമണമാണ് ഈ തെരഞ്ഞെടുപ്പുഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഈ അവസ്ഥയോടുള്ള അവരുടെ പ്രതികരണം തീര്‍ച്ചയായും ഏകശിലാരൂപത്തിലാവില്ല. മുസ്‌ലിം വ്യക്തികളും സംഘടനകളുമൊക്കെ അവരവരുടെ വിലയിരുത്തലിനനുസരിച്ച് വ്യത്യസ്ത തീരുമാനങ്ങളെടുക്കും. പക്ഷെ അതിജീവനത്തിന്റെ ഉല്‍ക്കണ്ഠകളായിരിക്കും ആ തീരുമാനത്തിന്റെ അടിസ്ഥാനഹേതു. ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇത്തരമൊരു ഭയം കടന്നുവരുന്നത് ആദ്യമായാണ്. അതുകൊണ്ടാണ് ഇത് നിര്‍ണായകമാണ് എന്ന് തുടക്കത്തിലേ പറഞ്ഞത്. ആ അര്‍ത്ഥത്തില്‍ സമകാലിക ഇന്ത്യയോട് മലയാളിസമൂഹം മനശ്ശാസ്ത്രപരമായി താദാത്മ്യം പ്രാപിക്കുന്ന ഒരു ദശാസന്ധി കൂടിയാണിത്.

ഭൂരിപക്ഷ പ്രീണനത്തിന്റെ വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍ ഇരുമുന്നണികളും മത്സരബുദ്ധിയോടെ നടത്തുന്നു. അതിന്റെ കാപട്യത്തെ പരിഹസിച്ച് പച്ചയായ വര്‍ഗീയത