Monday, 29 November 2021

A Journey to Baltic


Text Formatted

നല്ല രാക്ഷസിയായ നെരിങ്കയുടെ കുന്നില്‍

യൂറോപ്പില്‍ നടന്ന ക്രിസ്ത്യന്‍ പരിവര്‍ത്തനങ്ങളില്‍ ഏറ്റവും അവസാനമേ ഞങ്ങള്‍ കീഴടങ്ങിയുള്ളൂ എന്നത് ലിത്വാനിയക്കാര്‍ സാധാരണ പറയാറുള്ള ഒരു വംശീയ മേന്മയാണ്

Image Full Width
Image Caption
ലിത്വാനിയയുടെ തീരദേശ നഗരങ്ങളിലൊന്നായ ക്ലൈപേദ.
Text Formatted

ഏഴ്

കൗണസിലും വില്‍നസിലും മറ്റുമായി പ്രബന്ധാവതരണങ്ങളും യാത്രകളും പുതിയ സൗഹൃദങ്ങളുമായി ദിവസങ്ങള്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് ജെ.എന്‍.യുവില്‍ നിന്നുള്ള പ്രിയങ്കരരായ അധ്യാപകര്‍ ഇറാസ്മസ് അക്കാദമിക് വിസിറ്റിന്റെ ഭാഗമായി ലിത്വാനിയയിലെത്തുന്നത്. എന്റെ പി.എച്ച്.ഡി സൂപ്പര്‍വൈസര്‍ പ്രൊഫ. കെ.ബി. ഉഷ, പ്രൊഫ. എ.കെ. രാമകൃഷ്ണന്‍, റഷ്യന്‍ ആന്റ് സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസ് ചെയര്‍പേഴ്‌സന്‍ പ്രൊഫ. ഫൂല്‍ ബദന്‍ എന്നിവരാണ് എത്തിയത്. വില്‍നസ് സര്‍വകലാശാല, വിറ്റോറ്റസ് മാഗ്നസ് യൂണിവേഴ്‌സിറ്റി (കൗണസ്), കൗണസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലെ അവരുടെ പ്രബന്ധാവതരണങ്ങള്‍ക്കും വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചകള്‍ക്കും ശേഷം ബാക്കി കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ ചില ഗംഭീരന്‍ യാത്രകള്‍ പ്ലാന്‍ ചെയ്തു.

milda
മില്‍ഡയ്ക്കും ജെ.എന്‍.യുവിലെ അധ്യാപിക പ്രൊഫ. കെ.ബി. ഉഷയ്ക്കുമൊപ്പം അമല്‍

ആദ്യം ലിത്വാനിയയിലെ ചില പ്രദേശങ്ങളിലേക്ക് തന്നെയായിരുന്നു പോകാന്‍ തീരുമാനിച്ചത്. ലിത്വാനിയയുടെ തീരദേശ നഗരങ്ങളിലൊന്നായ ക്ലൈപേദയിലേക്കും റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന നിദയിലേക്കുമായിരുന്നു യാത്ര. ഈ യാത്രക്ക് ഞങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തുതരികയും കൂടെ കൊണ്ടുപോവുകയും ചെയ്ത പ്രിയപ്പെട്ട സുഹൃത്തായിരുന്നു കെ.ടി.യുവിലെ ഗസ്റ്റ് അധ്യാപികയായ മില്‍ഡ പൗളികൈത്തേ. പ്രൊഫ. ഉഷയുടെ അടുത്ത സുഹൃത്തായിരുന്നു അവര്‍. മില്‍ഡ ഡ്രൈവ് ചെയ്ത അവരുടെ കാറിലായിരുന്നു ഞങ്ങളുടെ ഈ യാത്ര മുഴുവന്‍.