Tuesday, 19 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി. എസ്.
Text Formatted

അധ്യായം അഞ്ച് തുടർച്ച

കുളിമുറിയില്‍ വച്ച് നഗ്‌നനായി ഷവറിനു കീഴില്‍ നിന്ന് മുഖം കഴുകുകയും കൈകളാല്‍ ശരീരമാകെയൊന്ന് ഓടിക്കുകയും ചെയ്യുന്നതിനിടയിലാണ് കൊച്ചൈപ്പോരയുടെ കൊച്ചു മകന്‍ അയാളുടെ വിരലുകള്‍ പിടിച്ച് തുടയില്‍ തട്ടിയ ഒരോര്‍മ്മ തുളച്ചു കയറിയത്. അപ്പോഴാണ് കൈകളില്‍ വച്ചു തന്ന പെന്‍ഡ്രൈവ് ഓര്‍മ വന്നത്. അയാള്‍ കുളി നിര്‍ത്തുവാന്‍ ഷവര്‍ പൂട്ടി. അപ്പോള്‍ ജാഥയില്‍ ആളുകള്‍ ചേരുന്ന പോലെ ജലകണികള്‍ പലതുകള്‍ ചേര്‍ന്ന് ഒഴുക്കായി കുളിമുറിയുടെ ദ്വാരത്തിലേക്കിറങ്ങിപ്പോയി. 

ടവ്വല്‍ ചുറ്റി പുറത്തിറങ്ങിയെങ്കിലും പല ശരീരഭാഗങ്ങളിലും ജലകണങ്ങള്‍ വിട്ട് പോകാതെ ഒട്ടിപ്പിടിച്ച് നിന്നിരുന്നു. അഴിഞ്ഞു വീണു കിടക്കുന്ന ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും പെന്‍ ഡ്രൈവ് അയാള്‍ തപ്പിയെടുത്തു. 32 ജിബി സാന്‍ഡിസ്‌ക്കിന്റെ ക്രൂസര്‍ ബ്ലേഡ് എന്ന ശ്രേണിയില്‍ പെട്ട കറുപ്പും ചുവപ്പും നിറങ്ങള്‍ കലര്‍ന്ന പെന്‍ഡ്രൈവായിരുന്നു അത്. ലാപ്പിലത് കുത്തി. ആന്റിവൈറസ് സ്വമേധയാ അതിനെ സ്‌കാന്‍ ചെയ്തു. പഠനവുമായി ബന്ധപ്പെട്ട് ഏതാനും പി.ഡി.എഫ് ഫയലുകളും ഗാനങ്ങളും സാം എന്ന ഫോള്‍ഡറില്‍ കൊച്ചൈപ്പോരയുടെ ഏതാനും ചിത്രങ്ങളും മാത്രമാണ് ആ പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്നത്. ഓള്‍ഡ് എന്നു പറഞ്ഞു മറ്റൊരു ഫോള്‍ഡറില്‍ തടാകവും അതിന്റെ അതിര്‍ത്തികളും കൊച്ചൈപ്പോരയുടെ സാലറി റെസീപ്റ്റും അല്ലറ ചില്ലറ രേഖാചിത്രങ്ങളും മാത്രമാണ് കണ്ടത്. സോളമന്‍ സാവധാനം ഓരോന്നായി പരിശോധിച്ചു. സംശയാസ്പദമായി ഒരൊറ്റ ഫയലു പോലും കണ്ടെത്താന്‍ അയാള്‍ക്കായില്ല. അയാള്‍ക്ക് ദേഷ്യം വന്ന് പെന്‍ ഡ്രൈവ് ഊരി ഒരൊറ്റ ഏറുകൊടുത്തു. കസേരയില്‍ നിന്നുമെഴുന്നേറ്റ് വസ്ത്രം ധരിക്കവേ കണ്ണാടിയിലേക്ക് ഒന്ന് നോക്കി. കൊച്ചൈപ്പോരയുടെ ചെറുമകന്റെ വിടര്‍ന്ന കണ്ണുകള്‍ ഓര്‍മ വന്നു. എന്താശയം പകരുന്നതിനിടയിലായിരുന്നു അവന്റെ ശ്വാസം ശരീരത്തില്‍ വീണതെന്നാലോചിച്ചു. മുറിഞ്ഞു പോയൊരു വാക്ക്, ആശയം അതിനപ്പുറം കാണാതായി പോയവയെ തേടിക്കൊണ്ടിരിക്കുമോയെന്ന് ഓര്‍ത്തപ്പോള്‍, എറിഞ്ഞു കളഞ്ഞ പെന്‍ഡ്രൈവ് മുട്ടുകുത്തി തപ്പിയെടുത്ത് ഒരിക്കല്‍ കൂടി ലാപ്പില്‍ കുത്തി.