Tuesday, 19 October 2021

Casteism in US


Text Formatted

ഇന്ത്യൻ ജാതി യു.എസിൽ പ്രവർത്തിക്കുന്ന വിധം

കാലിഫോർണിയൻ കോടതിയിലുള്ള, ഇന്ത്യൻ വംശജരുൾപ്പെട്ട ജാതീയ അധിക്ഷേപ കേസ്​ യു.എസിലെ പ്രവാസി ഇന്ത്യക്കാർക്കിടയിലെ ജാതീയതയുടെ വികൃതമുഖം വെളിവാക്കുന്നു
 

Image Full Width
Image Caption
‘സിസ്​കോ’യുടെ യു.എസിലെ ആസ്​ഥാനം Photo: Wikimedia Commons
Text Formatted

1864-ല്‍ ബാള്‍ട്ടിമോറില്‍ ജനങ്ങളെ അഭിമുഖീകരിച്ച്​ അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രപതി എബ്രഹാം ലിങ്കണ്‍ പറഞ്ഞു; "ആട്ടിടയന്‍ ചെന്നായയെ ചെമ്മരിയാടില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു, അതുകൊണ്ട് ആടുകള്‍ ആട്ടിടയനെ രക്ഷകനായും ചെന്നായ്ക്കള്‍ അവനെ സ്വാതന്ത്ര്യവിരുദ്ധനായും കാണുന്നു, പ്രത്യേകിച്ച് കറുത്ത ആടുകള്‍ ആയതുകൊണ്ട്. ചെമ്മരിയാടുകൾക്കും ചെന്നായ്ക്കള്‍ക്കും സ്വാതന്ത്ര്യമെന്ന വാക്കിന്റെ അര്‍ത്ഥത്തെ കുറിച്ച് ഒരേ അഭിപ്രായമല്ല ഉള്ളതെന്ന് തീര്‍ച്ച.'

രണ്ടു ബ്രാഹ്​മണർ തന്നെ ജാതീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച്​ ഒരു ദളിതൻ നൽകിയ, California Department of Fair Employment and Housing (DFEH) vs Cisco Systems, Sundar Iyer and Ramana Kompella എന്ന കേസ് കാലിഫോര്‍ണിയയിലെ ഒരു സംസ്ഥാനതല കോടതിയില്‍ വിചാരണയിലാണ്​. കഴിഞ്ഞ ജൂണില്‍ DFEH കേന്ദ്ര കോടതിയില്‍ നൽകിയ പരാതിയിൽ ആരോപിക്കുന്നത്; സിസ്‌കോ എന്ന വൻകിട ഐ.ടി കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്ന "ജോണ്‍ ഡോ' എന്ന (യഥാര്‍ത്ഥ പേര്​ പരസ്യപ്പെടുത്തിയിട്ടില്ല) വ്യക്തിക്കെതിരെ സുന്ദർ അയ്യർ, രമണ കൊമ്പെള്ള എന്നിവർ ചേർന്ന്​ നടത്തിയ ജാതി വിവേചനവും പീഡനവും തടയുന്നതില്‍ കമ്പനി പരാജയപ്പെട്ടു എന്നാണ്. തനിക്കെതിരെ ബ്രാഹ്മണരായ അയ്യരും കൊമ്പെള്ളയും ജാതീയ അധിക്ഷേപം നടത്തിയതായി ദളിതനായ ജോണ്‍ ഡോ ആരോപിച്ചിരുന്നു. DFEH പിന്നീട് ഈ കേസ് കേന്ദ്ര കോടതിയില്‍ നിന്ന് പിന്‍വലിച്ച്​ സംസ്ഥാനതല കോടതിയില്‍ നല്‍കി. (കാലിഫോര്‍ണിയയില്‍ സംസ്ഥാന തലത്തിലാണ് വിവേചനവിരുദ്ധ നിയമങ്ങള്‍ കൂടുതല്‍ ശക്തമെന്നാണ് പൊതുധാരണ.)

"ഐക്യനാടുകളില്‍ സര്‍ക്കാരിന് നമ്മുടെ വിശ്വാസങ്ങളെ നിര്‍ണയിക്കാന്‍ ഒരധികാരവുമില്ല, അത് ഹിന്ദുമതമാകട്ടെ, ഇസ്‌ലാമോ ജൂതമതമോ ക്രിസ്തുമതമോ ആകട്ടെ. ഭരണഘടനയില്‍ ഇത് പ്രത്യേകമായി വിലക്കുകയും ചെയ്യുന്നു’ എന്ന വാദമാണ്​ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ഉയർത്തുന്നത്​