Wednesday, 29 March 2023

Election and Realities


Text Formatted

സർവോപരി പാലാക്കാര്യം

1979 ൽ പി.ജെ. ജോസഫ് പിളർന്ന് മാറി പുതിയ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ കെ.എം. മാണി പറഞ്ഞുവത്രേ: “പിളരുന്നെങ്കിൽ പിളർന്നോട്ടെ; രണ്ടു പൂവൻ ഒരു കൂട്ടിൽ  കിടന്നാൽ  ശരിയാവില്ല.”

Image Full Width
Image Caption
ജോസ് കെ. മാണി പാലായിൽ തെര​ഞ്ഞെടുപ്പുപ്രചാരണത്തിൽ
Text Formatted

കാലവർഷക്കാലത്തെ മീനച്ചിലാറിന്റെ ഗതി പോലെ പ്രവചനാതീതമാണ് പാലായുടെ രാഷ്ട്രീയ മനസ്സ്. നിയതമായ വഴിയിലൂടെ ശാന്തമായി പാലായെ പകുത്ത് ഒഴുകുന്ന മീനച്ചിലാർ കാലവർഷക്കാലത്ത് മഴ കടുക്കുമ്പോൾ റൂട്ട് ഒന്ന് മാറ്റിപ്പിടിക്കും. ഇരുകരയിലും വരിയായി നിൽക്കുന്ന കെട്ടിടങ്ങളിലേക്ക് ഇരച്ചുകയറും. പഴയ ബസ് സ്റ്റാൻഡിനും ജൂബിലി പള്ളിക്കും മുന്നിലൂടെ മാണി സാർ പണിതിട്ട രാജപാത മഴനാളുകളിൽ മീനച്ചിലാറിന്റേത് മാത്രമാകും. കുർബാന മുടക്കാൻ പറ്റാത്തതിനാൽ ഞായറാഴ്‌ചകളിൽ മാത്രം ഇടവകയിലൊതുങ്ങുന്ന പാലാക്കാർ വെള്ളം പൊങ്ങുമ്പോൾ നിർബന്ധിത അവധി എടുത്ത് പണി മുടക്കി വീട്ടിലിരിക്കും. 

മണ്ഡലം ഉണ്ടായ 1965 മുതൽ മാണി സാർ അരങ്ങൊഴിയുന്ന 2019 വരെ പാലായുടെ ഗതി വേനൽക്കാലത്തെ മീനച്ചിലാറിന്റേത് തന്നെയായിരുന്നു; കല്പിച്ചു നൽകിയ വഴിയിലൂടെ ശാന്തമായി ഒഴുകുക. ഇടയ്ക്കു വേനൽ മഴ കടുപ്പിക്കും പോലെ ചില തിരഞ്ഞെടുപ്പ് കാലത്ത് ഇപ്പോൾ കര കവിയുമെന്നു പാലായും തോന്നിക്കും. പെട്ടെന്ന് മഴ നിന്ന് ഒഴുക്കിന്റെ ശക്തി കുറയുമ്പോലെ വോട്ട് എണ്ണിക്കഴിയുമ്പോഴേക്കും പാലാ വീണ്ടും മാണി സാറിനെ വരിക്കും. 

mani
കെ.എം. മാണി

ബാല്യവും കൗമാരവും യൗവനവുമൊക്കെ കെ.എം മാണിയുടെ കൈപിടിച്ചാണ് താണ്ടിയതെങ്കിലും പാലായുടെ ഇപ്പോഴത്തെ നാഥൻ മാണി സാറിന്റെ നിതാന്ത ശത്രുവാണ്. മാണിയുള്ളപ്പോൾ പല തവണ പാലായെ കടത്തിക്കൊണ്ടു പോകാൻ കാപ്പൻ ആവതു ശ്രമിച്ചതാണ്. സത്യത്തിൽ മാണി സി. കാപ്പൻ അല്ല മൂത്ത ചേട്ടൻ ജോർജ് സി. കാപ്പൻ ആണ് ആദ്യമായി പാലായെ തട്ടിയെടുക്കാൻ നോക്കിയത്. 1991 ൽ ആയിരുന്നു അത്. പക്ഷെ ജോർജ് മാണിക്ക് ഒരു എതിരാളിയേ ആയിരുന്നില്ല. അടിക്ക് തടയും തന്ത്രത്തിന് കുതന്ത്രവും പണത്തിനു പണവും തരാതരം പോലെ ഇറക്കി കണ്ണിലെ കൃഷ്ണമണി പോലെ പാലായെ മാണി അവസാന ശ്വാസം കാത്ത