Saturday, 27 November 2021

Journey to Ethiopia


Text Formatted

എത്യോപ്യന്‍ യാത്ര - 7

അബി അഹമ്മദിന്റെ രാജ്യം

ജനാധിപത്യം എന്ന പദം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥവ്യാപ്തി കൈവരിക്കുകയാണ് അബി അഹമ്മദിന്റെ എത്യോപ്യയില്‍.

Image Full Width
Image Caption
അവാസ (ഹവാസ) തടാകതീരം
Text Formatted

വെള്ളവും കറന്റുമില്ലാത്ത ഒരു രാത്രിക്കുശേഷം പ്രഭാതഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ പുലര്‍ച്ചെ തന്നെ കാന്താലോഡ്ജില്‍ നിന്ന് ഞങ്ങളിറങ്ങി. കറന്റുണ്ടായിരുന്നില്ലെങ്കിലും പുല്‍മേല്‍ക്കൂരയുള്ള മനോഹരമായ വൃത്തിയുള്ള കുടിലുകളില്‍ സുഖമായുറങ്ങിയിരുന്നു എല്ലാവരും. കോന്‍സോ അങ്ങാടി അപ്പോഴും ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. ഭക്ഷണം പിന്നീട് വഴിയിലെവിടെ നിന്നെങ്കിലുമാകാമെന്ന ധാരണയില്‍ വണ്ടി വിട്ടു. രാത്രി കാര്യമായി തന്നെ മഴ പെയ്തിട്ടുണ്ട് ആ വഴിയോരങ്ങളിലൊക്കെ. റോഡിന് കുറുകെയുള്ള നിലംപതികളിലൂടെ കൈത്തോടുകള്‍ കടന്നുപോകുന്നു പലയിടത്തും. ചേറും ചളിയും കുഴഞ്ഞ് വല്ലാത്തൊരു പരുവത്തിലാണ് റോഡ്. ദുഷ്‌കര യാത്ര. പക്ഷെ അതിസുന്ദരമായിരുന്നു ആ പാതയോരങ്ങള്‍.

ethiopia
കൃഷിയിടങ്ങള്‍ക്കു നടുവിലെ കാവല്‍മാടം

തെഫ് വളരുന്ന വയലുകള്‍. ചില പാടങ്ങളില്‍ നമ്മുടെ നാട്ടിലേത് പോലുള്ള കാവല്‍ മാടങ്ങള്‍. ഇളം മഞ്ഞും ചെറിയ ചാറ്റല്‍ മഴയുമുള്ള അതി മനോഹരമായ ഒരു ആഫ്രിക്കന്‍ പുലരിയായിരുന്നു അത്. വഴിയില്‍ ചിലയിടത്ത് ബസ്സ് കാത്ത് നില്‍ക്കുന്ന ഗ്രാമീണര്‍. വല്ലാതെ മോഹിപ്പിക്കുന്ന ചിലയിടങ്ങളില്‍ ചിത്രമെടുക്കാനായി വണ്ടി നിറുത്തി. ബസ് കാത്തു നില്‍ക്കുന്ന ചിലരോടൊക്കെ കുലശം ചോദിച്ചു. ചിലയിടത്ത് കുട്ടികള്‍ വണ്ടിക്ക് പുറകെ ഓടി. മഞ്ഞും മഴയും മേഘാവൃതമായ ആകാശവും അതിനിടയിലൂടെ ഇടക്കിടെ കടന്നുവരുന്ന വെള്ളിവെളിച്ചവുമൊക്കെ കൂടികലര്‍ന്ന ഒരു പുലര്‍ക്കാലം.

ethiopia