Wednesday, 20 October 2021

കഥ


Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

ചായ

Text Formatted

ഒന്ന്
""ലോകത്തിലെ അനേകം രാജ്യങ്ങളില്‍ ഹോട്ടലുകള്‍, മാളുകള്‍, വ്യവസായസ്ഥാപനങ്ങള്‍, പതിനായിരക്കണക്കിന് തൊഴിലാളികള്‍. കണ്ണൊന്ന് തെറ്റിയാല്‍ എല്ലം പിഴച്ചുപോകില്ലേ. എങ്ങനെയിതൊക്കെ മാനേജ് ചെയ്യുന്നു..?''
സി.എന്‍.എന്നിന്റെ ചീഫ് കറസ്‌പോണ്ടന്റ് മുംതാസ് അലിയുടെ ചോദ്യം കേട്ട് ജോണ്‍ മാത്തന്‍ ചെറുതായി മന്ദഹസിച്ചു. എല്ലാം അവിടുത്തെ ഹിതം പോലെയെന്ന അര്‍ത്ഥം പ്രകടിപ്പിക്കാന്‍ തന്റെ പഞ്ചനക്ഷത്രഹോട്ടലിന്റെ ചില്ലിട്ട മേല്‍ക്കൂരയ്ക്ക് മുകളിലുടെ കാണുന്ന ആകാശത്തേക്ക് അയാള്‍ ഭക്തിപുരസ്സരം കണ്ണുകളുയര്‍ത്തി. 

ആകാശം മേഘാവൃതമാണ്. കാര്‍മേഘങ്ങള്‍ സംഘടിതരായി നിന്ന് ഒരു മഴ സൃഷ്ടിച്ചാലോയെന്ന് കുലങ്കുഷമായി ചര്‍ച്ച ചെയ്യുന്നു.
""അത്രയ്ക്ക് വിശ്വാസിയാണോ..''
മുതാംസ് അലി അടുത്ത ചോദ്യമെറിഞ്ഞു.
""എന്താ സംശയം.. ഈശ്വരനാണ് എനിക്കെല്ലാം തന്നത്...''
""ഈശ്വരന്‍ കോടീശ്വരനാക്കി എന്ന് പറയാമല്ലേ...''
""അതെ.. അതാണ് സത്യം..!''
""മില്ല്യണറായിട്ട് സമാധാനത്തോടെയൊക്കെ ജീവിക്കാന്‍ കഴിയുന്നുണ്ടോ...''
""ഈശ്വരന്‍ കൂടെയുള്ളപ്പോള്‍ ഞാനെന്തിന് ടെന്‍ഷനടിക്കണം.. എനിക്ക് കിട്ടുന്നതിലൊരു വിഹിതം ഞാന്‍ ജനങ്ങള്‍ക്ക് കൊടുക്കുന്നു... ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ...''

അത് പറഞ്ഞ നേരത്ത് ജോണ്‍ മാത്തന്റെ ടെലഗ്രാമില്‍ സന്ദേശം വന്നതിന്റെ ക്ണിം ക്ണിം മുഴങ്ങി.
""സത്യം.. പല്ലി ചിലച്ചു...''
ഒരു തമാശ പറയുന്നത് പോലെ ജോണ്‍ മാത്തന്‍ സ്വയം ചിരിച്ചു. മുംതാസ് അലിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

സാധാരണ ഒരാളുമായി സംസാരിക്കുമ്പോള്‍ ജോണ്‍ മാത്തന്‍ മെസ്സേജ് നോക്കുകയോ ഫോണെടുക്കുകയോ ചെയ്യാറില്ലാത്തതാണ്. അഭിമുഖം തുടങ്ങുന്നതിന് മുമ്പ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അയാളെ വിളിച്ചിട്ടുണ്ടായിരുന്നു. ഇരുവര്‍ക്കും വേണ്ടപ്പെട്ട ഗംഗാധരന്റെ മകന്‍ ദിനേശന്‍ അബുദാബിയില്‍ ചെക്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലാണ്. അവനെയിറക്കിയാല്‍ ജോണ്‍ മാത്തന് പലതുണ്ട് കാര്യം. അതുമായി ബന്ധപ്പെട്ട മെസ്സേജായിരിക്കുമെന്ന് വിചാരിച്ചാണ് നോക്കിയത്. കൊച്ചിയിലെ മാളിലെ മാനേജര്‍ ശശീന്ദ്രന്റെ മെസ്സേജാണ്.