Wednesday, 29 March 2023

Election and Realities


Text Formatted

അ'രാഷ്ട്രീയ' ചിന്തകള്‍

കാര്യമായ അഭിപ്രായപ്രകടനങ്ങളൊന്നും നടത്താത്ത നിശബ്ദ വോട്ടർമാരാണ് എല്ലാക്കാലത്തും ഇലക്ഷനുകളെ നിയന്ത്രിക്കാൻ പോന്ന അദൃശ്യശക്തി.

Image Full Width
Image Caption
ജോസ്​ കെ.മാണിയും പിണറായി വിജയനും / Photo: Pinarayi Vijayan, Fb
Text Formatted

ഴിഞ്ഞ ദിവസം, നാട്ടിലുള്ള അപ്പനോട് ഫോണിൽ സംസാരിക്കുമ്പോൾ തൊട്ടപ്പുറത്തെ പഞ്ചായത്ത് റോഡിലൂടെ ഇലക്ഷൻ പ്രചാരണ വാഹനം കടന്നുപോകുന്നത് പശ്ചാത്തലത്തിൽ വ്യക്തമായി കേൾക്കാം: "ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്തനായ സ്ഥാനാർത്ഥി പാലായുടെ പൊന്നോമനപ്പുത്രൻ ജോസ് കെ. മാണിയെ രണ്ടില ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.' 
ഞാൻ അപ്പനോട് ചോദിച്ചു; എങ്ങനെയുണ്ട് പാലാ ഇത്തവണ?
""ഓ എന്നാ പറയാനാ, കഴിഞ്ഞ തവണ ഇതേ മാണി കോൺഗ്രസ് യു.ഡി.എഫിലാരുന്നു. എല്‍.ഡി.എഫിലായിരുന്ന കാപ്പൻ ഇത്തവണ യു.ഡി.എഫിലും! ആരേലുമൊരാള് ജയിക്കും, ആരു ജയിച്ചാലും കബളിക്കപ്പെടുന്നത് ജനമല്ലെ?'' 

പരസ്യകോലാഹലങ്ങൾക്കുള്ള പണം കണ്ടെത്തുന്നത് സാധാരണക്കാരനിൽ നിന്ന്​ പിരിച്ച ഫണ്ടുകൾ ഉപയോഗിച്ചാണോ? അതോ കോർപ്പറേറ്റ് മുതലാളിമാരിൽ നിന്നു ലഭിച്ച കമീഷൻ തുകയോ? 

ശരിയാണത്, സുമാർ രണ്ടുകൊല്ലത്തിനിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച മാണി സി. കാപ്പൻ ഇത്തവണ യു.ഡി.എഫിന്റെ സ്വന്തം സ്ഥാനാർത്ഥി. പരാജയപ്പെട്ടെങ്കിലും എൽ.ഡി.എഫിനെ തിരഞ്ഞെടുത്താലുള്ള വിപത്ത് ചൂണ്ടിക്കാട്ടി അന്ന് വോട്ടു വാങ്ങിയ ടോം ജോസും ജോസ് കെ. മാണിയും ഇന്ന് എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാവണമെന്ന് ഉറക്കത്തിൽ പോലും പറയുന്നു. അരക്കഴഞ്ച് വൈരുദ്ധ്യാത്മക ഭൗതികവാദം ഒരു തുടം അദ്ധ്വാനവർഗ സിദ്ധാന്തത്തിൽ ചാലിച്ചുണ്ടാക്കിയ അത്ഭുത മിശ്രിതം!

സി.പി.എമ്മിനെ സംബന്ധിച്ച്​ ഭരണം കയ്യാളുന്ന ഏക സംസ്ഥാനമായ കേരളം എന്തു വിലകൊടുത്തും നിലനിർത്തണം എന്നത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്. ഒന്നൊന്നായി ഓരോ സംസ്ഥാനങ്ങളും കൈവിട്ടുപോകുന്ന കോൺഗ്രസിന്​ ഭരണം തിരികെപ്പിടിച്ചില്ലെങ്കിൽ ഈ പ്രസ്ഥാനം തന്നെ ശിഥിലമാവുമെന്ന ഭയാശങ്കകൾ മറ്റൊരിടത്ത്. ഉത്തരേന്ത്യയിൽ പരീക്ഷിച്ചു വിജയിച്ച തീവ്ര വലതുപക്ഷ സംഘപരിവാർ അജണ്ടകളുമായി കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ മതനഞ്ചു കലക്കി വോട്ടുപിടിക്കാനിറങ്ങുന്ന ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണി മൂന്നാമത്. വോട്ടർമാർ കുഴങ്ങിയത് തന്നെ!