Sunday, 17 October 2021

A Journey to Baltic


Text Formatted

പ്രിയ ബാള്‍ട്ടിക്, ഇന്ത്യന്‍ തലമുറകള്‍ ഇനിയും വരും...

വെയില്‍കാല ദിവസങ്ങളിലെ നല്ല സായാഹ്നങ്ങള്‍ നിരവധി ഒത്തുചേരലുകള്‍ക്ക് വഴിവച്ചു

Image Full Width
Image Caption
പസെയില്‍സ് മൊണാസ്ട്രിയിലേക്കും വിസിറ്റേഷന്‍ ചര്‍ച്ചിലേക്കുമുള്ള വഴി
Text Formatted

പതിനൊന്ന്

പ്രില്‍ അവസാനത്തോടടുത്തപ്പോഴേക്കും കാഠിന്യം കുറഞ്ഞ വെയില്‍ കണ്ടുതുടങ്ങി. നമ്മള്‍ നാട്ടില്‍ ഉപയോഗിക്കുന്ന എ.സിക്കുപകരം അവിടെ ഉപയോഗത്തിലുള്ള ഹീറ്റിംഗ് സംവിധാനങ്ങള്‍ ഓഫായി. പകല്‍ സമയങ്ങളില്‍ വലിയ ഒറ്റ വിന്റോയുടേതായ ജനാലകള്‍ ദോമുകളില്‍ തുറന്നുതുടങ്ങി. രാത്രികളിലെ സുഹൃത്തുക്കളുടെ ക്ലബുകളിലേക്കും പബുകളിലേക്കുമുള്ള യാത്രയിലടക്കം ജാക്കറ്റുകള്‍ ഒഴിവാക്കി സ്വറ്ററുകള്‍ മതി എന്ന അവസ്ഥയായി. പകല്‍ കാഴ്ച്ചകളിലെ തെരുവുകളിലും വഴികളിലും ജനസഞ്ചാരമേറി. വെയില്‍കാലത്തെ നഗര പരിപാടികള്‍ കാണുവാനെത്തുന്ന സുന്ദര മിഥുനങ്ങള്‍ ഓള്‍ഡ് ടൗണിന് മിഴിവേകി.

പലപ്പോഴും കൗണസ് ഓള്‍ഡ് ടൗണ്‍ സ്ട്രീറ്റിലുള്ള അമേരിക്കക്കാരന്‍ സുഹൃത്ത് മിച്ചലിന്റെ ഫ്‌ളാറ്റില്‍ പോകുക പതിവായിരുന്നു. ഓള്‍ഡ്ടൗണിന്റെ കരിങ്കല്‍ പാളികളാല്‍ നിര്‍മ്മിതമായ റോഡും മനോഹരമായ തെരുവുവിളക്കുകളും ആളുകളുടെ സഞ്ചാരവുമെല്ലാം കണ്ടിരിക്കാന്‍ കഴിയുന്ന ജാലകങ്ങളും ബാല്‍ക്കണിയുമുള്ള ഒരു കൊച്ചു സുന്ദരന്‍ ഫ്‌ളാറ്റായിരുന്നു അവന്റേത്. ഇത്തരത്തിലുള്ള പഴയ ബില്‍ഡിങ്ങുകളെല്ലാം അവയുടെ പുറമേ നിന്നുനോക്കിയാല്‍ പഴകി പൊടിപിടിച്ച് ശ്രദ്ധിക്കാതെ കിടക്കുകയാണെന്ന് തോന്നുമെങ്കിലും അകം ഏറെ പുതിയ ശൈലിയിലുള്ള ഫര്‍ണിച്ചറുകളും അലങ്കാരങ്ങളും കൊണ്ട് ഗംഭീരമായിരിക്കും. മിച്ചലിന്റെ ഫ്‌ളാറ്റും അത്തരത്തിലുള്ളതായിരുന്നു. ചൈനീസ് കുട്ടികളേയും മറ്റും ഓണ്‍ലൈനില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജോലിയുള്ളതിനാല്‍ അവന്‍ ദോമില്‍ റൂമെടുത്തില്ല. പകരം അഞ്ഞൂറ്റമ്പതോളം യൂറോമുടക്കി മനോഹരമായ ഓള്‍ഡ് ടൗണ്‍ സ്ട്രീറ്റില്‍ ഒരു ഫ്‌ളാറ്റ് വാടകക്കെടുത്തു. അമേരിക്കന്‍ ഇംഗ്ലീഷുകാരന്‍ എന്ന പ്രിവിലേജുള്ളതിനാല്‍ ഏത് നാട്ടിലേക്ക് പോകണമെങ്കിലും പെട്ടെന്ന് വിസയും കിട്ടും സുഖമായി ജീവിക്കുകയും ചെയ്യാം എന്ന് അവന്‍ തമാശയായി പറയാറുണ്ടായിരുന്നു. എന്നാല്‍ അനാര്‍ക്കിസത്തെ ഇഷ്ടപ്പെടുന്ന അവന് അത്തരം വംശീയമോ പ്രാദേശികമോ ആയ നാട്യങ്ങളൊന്നുമുണ്ടായിരുന്നില്ല.