Saturday, 27 November 2021

Journey to Ethiopia


Text Formatted

എത്യോപ്യന്‍ യാത്ര-9

ഇനിയും വരാം, പുതുയുഗത്തിലെ എത്യോപ്യയിലേക്ക്

​​​​​​​​​​​​​​മനുഷ്യന്‍ പിറന്ന മാനവകുലത്തിന്റെ വികാസപരിണാമത്തിലെ പല ഏടുകള്‍ക്കും സാക്ഷിയായ ഈ മണ്ണിനെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍.

 

Image Full Width
Image Caption
ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ബസാറായ മെര്‍ക്കാറ്റോ മാര്‍ക്കറ്റ്. 1896ല്‍ ഇറ്റലിയ്‌ക്കെതിരായ യുദ്ധവിജയത്തിന്റെ ഓര്‍മയ്ക്ക് മെനലിക് ചക്രവര്‍ത്തി സ്ഥാപിച്ചതാണ് ഈ മാര്‍ക്കറ്റ്.
Text Formatted

ത്യോപ്യന്‍ മണ്ണില്‍ ഇത് അഞ്ചാം ദിവസമാണ്.
വൈവിധ്യമായ ഭൂഭാഗങ്ങളിലൂടെ, വ്യത്യസ്തമായ ജീവിതങ്ങളിലൂടെ, വിഭിന്നമായ കാഴ്ചകളിലൂടെ കടന്നുപോയ ഒരു യാത്രയാണ് അവസാനഘട്ടത്തിലേക്കെത്തുന്നത്. അബിജാട്ടാ-ഷാലാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് അതിദുര്‍ഘടമായ വഴിതാണ്ടി പുറത്തെത്തിയപ്പോള്‍ പകുതി ആശ്വാസമായി എല്ലാവര്‍ക്കും. ഗാര്‍ഡിനെ ഓഫീസിലിറക്കി യാത്രപറഞ്ഞിറങ്ങി. വണ്ടി ഹൈവേയിലെത്തിയതോടെ ചെറു മയക്കത്തിനുള്ള തയ്യാറെടുപ്പിലായി ഞങ്ങള്‍. വെളിച്ചം പരക്കും മുമ്പേ അവാസയില്‍ നിന്ന് പുറപ്പെട്ടതാണ്. അബിജാട്ടാ-ഷാലാ ദേശീയോദ്യാനത്തിലെ മനോഹരമായൊരു പുലരിയും കാഴ്ചകളും കണ്ട് കുന്നും മേടും കയറിയിറങ്ങി തളര്‍ന്നിരുന്നു എല്ലാവരും. നല്ല വിശപ്പുമുണ്ട്. A7 റോഡിലൂടെ ആഡിസ് അബാബ ലക്ഷ്യമാക്കി കുതിക്കുകയാണ് ഡോക്ടറുടെ ലാന്‍ഡ് ക്രൂയിസര്‍. അര്‍ബാമിഞ്ചില്‍ നിന്ന് അബിജട്ട- ഷാലാ ദേശീയ ഉദ്യാനത്തിനുമുന്നിലൂടെ മോജോവിലെത്തുന്ന പ്രധാനപാതയാണ് A7 റോഡ്. മോജോവില്‍ വെച്ച് അത് ആഡിസ് അബാബ - എത്യോപ്യ റോഡായ A1 ല്‍ ചേരും. എത്യോപ്യന്‍ റോഡ് വ്യവസ്ഥ പ്രകാരം ട്രങ്ക് റോഡുകളെയാണ് A എന്ന പദം സൂചിപ്പിക്കുന്നത്. B ലിങ്ക് റോഡുകളും C ആക്സസ് റോഡുകളും D കളക്ടര്‍ റോഡുകളും E ഫീഡര്‍ റോഡുകളുമാണ്.