Saturday, 27 November 2021

Novella


Text Formatted

തൈമയും കൊളംബസും -9

മഹാമാരി

Image Full Width
Image Caption
ചിത്രീകരണം: സുധീഷ്​ കോ​ട്ടേ​മ്പ്രം
Text Formatted

വാഗോക്ക് സ്‌പെയിനിലേതിനേക്കാള്‍ രാജോചിതമായ സ്വീകരണമാണ് ദ്വീപിനുളളിലെ ചെറിയ പട്ടാള ക്യാമ്പില്‍ ലഭിച്ചത്.
ബ്യൂഗിളുകളും പെരുമ്പറകളും തൈനോകളെ ഞെട്ടിച്ചു കൊണ്ട് മുഴങ്ങി.
അവാഗോ രണ്ടാം യാത്രയില്‍ കൂടെയുണ്ടായിരുന്നയാളും പിന്നീട് രോഗബാധിതരായ പട്ടാളക്കാരേയും കൊണ്ട് സ്‌പെയിനിലേക്ക് തിരിച്ചു പോയവരുടെ കൂട്ടത്തില്‍ പെട്ടയാളുമായിരുന്നു. സ്പാനിഷ് പടയാളികള്‍ കൊളംബസിനു പകരം മറ്റാരെയും സംഘത്തലവനായി സ്വീകരിക്കാന്‍ മാത്രം വശം കെട്ടിരുന്നു എന്ന് അയാള്‍ക്ക് ആരോടും ചോദിക്കാതെ തന്നെ അറിയാമായിരുന്നു. 

തനിക്ക് പെട്ടെന്നുണ്ടായ സ്ഥാനക്കയറ്റത്തില്‍ അഭിമാനം പൂണ്ട പോലെ അവാഗോ ഒരു കസേരയില്‍ അമര്‍ന്നിരുന്നു.
മിനിറ്റുകള്‍ക്കുളളില്‍ അഡ്മിറലിനെ കുറിച്ചുളള നാവികരുടെ പരാതികള്‍ അറ്റ്‌ലാന്റിക്കിലെ തിരകള്‍ പോലെ വന്ന് അയാളുടെ ചെവിയില്‍ അലയടിക്കാന്‍ തുടങ്ങി. 
മിക്കവാറും പേര്‍ക്ക് പറയാനുണ്ടായിരുന്നത് റേഷന്‍ വിതരണത്തില്‍ കൊളംബസ് പക്ഷപാതിത്വം കാണിച്ചു എന്നതായിരുന്നു. ഒപ്പം, പൂപ്പല്‍ പിടിച്ച റൊട്ടിയും വെണ്ണയും പേരിനു പോലും കിട്ടാതെ തൈനോകളുടെ ഭക്ഷണമായ മരച്ചീനി കിഴങ്ങ് മാത്രം ഭക്ഷിച്ച് ദിവസങ്ങള്‍ തളളി നീക്കേണ്ടി വന്നത്.
മൂര്‍ രാജാവിന്റെ കലവറകള്‍ കളളന്മാരെ പോലെ കുത്തിത്തുറന്ന് ആഹാര സാധനങ്ങള്‍ മോഷ്ടിക്കേണ്ടി വന്ന ഗതികേട്. ദ്വീപുവാസികളോടുളളതിനേക്കാള്‍ നികൃഷ്ടമായ സ്വന്തം നാവികരോടുളള അഡ്മിറലിന്റെ പെരുമാറ്റം...

ഇത്രയും ഫലഭൂയിഷ്ടമായ മണ്ണ് ചുറ്റുമുണ്ടായിട്ടും സ്പാനിഷുകാര്‍ യൂറോപ്പില്‍ നിന്നു കൊണ്ട് വന്ന ഉള്ളിയുടേയും, കക്കിരിക്കയുടേയും കാബേജിന്റേയും വിത്തുകള്‍ മുളപ്പിച്ച് കൃഷി തുടരാതിരുന്നത് എന്തു കൊണ്ടാണെന്ന് അവാഗോക്ക് മനസ്സിലായില്ല. ദ്വീപുകളില്‍ ചെലവഴിച്ച കുറച്ചു നാളില്‍ തന്നെ എത്ര വേഗമാണ് അത്തരം വിത്തുകള്‍ മുളച്ചു കായ്ക്കുന്നതെന്ന് അയാള്‍ക്ക് നേരിട്ട് അനുഭവമുണ്ടായിരുന്നു. പക്ഷെ, ഈ നശിച്ച ദ്വീപുകളില്‍ സ്ഥിര താമസക്കാരെ പോലെ കൃഷിയിറക്കാനും പരിപാലിക്കാനും സ്പാനിഷ് സംഘത്തിനു താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ സ്‌പെയിനില്‍ നിന്നു വരുന്ന പരിമിത റേഷനു മടിയന്മാരായി കാത്തിരുന്നു എന്നതായിരുന്നു സത്യം.
പക്ഷെ, അവാഗോ വന്നത് സത്യം തേടിയായിരുന്നില്ല. മറിച്ച്, ഇന്ത്യ