Saturday, 27 November 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

എട്ട്: കുന്നിറങ്ങുന്നവര്‍ വഴുതി വീഴും പായലുകള്‍

"പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ, പുത്തനൊരായുധമാണ് നിനക്കത്, പുസ്തകം കയ്യിലെടുത്തോളൂ' എന്ന മുദ്രാവാക്യവുമായി സാക്ഷരതാ പ്രവര്‍ത്തകര്‍ ആലീസിലെത്തിയ വര്‍ഷം വിദ്യ കൊണ്ട് പ്രബുദ്ധരാകുക, വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നു തുടങ്ങുന്ന വാചകങ്ങള്‍ പോസ്റ്റാഫീസ് കവലയില്‍ മുഴങ്ങിയതിന്റെ ഫലമായി മുഴുവന്‍ കുട്ടികളേയും പഠിക്കുവാനയക്കുവാന്‍ ആലീസിലുള്ളവര്‍ തീരുമാനിച്ചു. അത് വഴി ഭാവിയിലെങ്കിലും പട്ടിണി കൂടാതെ ജീവിക്കാമെന്നവര്‍ വ്യാമോഹിച്ചു. ആലീസ് കുന്നിന് താഴെ പോസ്റ്റാഫീസ് കവലക്കടുത്ത് ഒരു നഴ്‌സറി സാക്ഷരതാ പ്രവര്‍ത്തകരുടെ ശ്രമഫലമായി തുറന്നു.

ചിരിച്ചും കളിച്ചും കഥ പറഞ്ഞും ഓടിയും ചാടിയും കലപിലകൂട്ടിയും കുന്നിറങ്ങി പോകുന്ന ആട്ടിന്‍പറ്റം കണക്കെയുള്ള കുട്ടികളെ നോക്കി കൂടെ പോകുവാന്‍ മേരി വാശി പിടിച്ചു. അത്രയും നേരം ശല്യം ഒഴിഞ്ഞു കിട്ടുമല്ലോയെന്ന് ചിന്തിച്ച അന്നമ്മേച്ചിയമ്മ അപ്പനോട് മേരിയുടെ ആവശ്യം അറിയിച്ചു. അപ്പന്‍ സമ്മതം മൂളി. ആലീസ് കുന്നിറങ്ങി നഴ്‌സറിയില്‍ പോകുന്ന മിക്കവാറും കുട്ടികള്‍ സാമ്പത്തികമായി പിന്നോക്കക്കാരായ വീടുകളില്‍ നിന്നുമായിരുന്നു. അവര്‍ക്കിടയിലേക്ക് പല നിറത്തിലുള്ള സുന്ദരന്‍ ഉടുപ്പുകളും ചെരിപ്പുകളുമായി മേരിക്കുഞ്ഞു വന്നപ്പോള്‍ ചുവന്ന കല്ലുവഴിയിലൂടെ തെന്നി വീഴും പോലെ കുന്നിറങ്ങിക്കൊണ്ടിരുന്ന ആട്ടിന്‍പറ്റം പുതപ്പണിഞ്ഞ ചെമ്മരിയാടിനെക്കണ്ട പോലെ മിക്ക കുട്ടികളും കൗതുകം കൊണ്ട് കണ്ണുമിഴിച്ചു.
മേരി തന്റെ പുതിയ കൂട്ടുകാരെ കണ്ട് പല്ലുകള്‍ മുഴുവന്‍ മുളച്ചിട്ടില്ലാത്ത മോണ കാണിച്ച് ചിരിച്ചു. അതുവരെ അവള്‍ക്കുണ്ടായിരുന്ന കൂട്ടുകാര്‍ സൂപ്പി എന്നു അവള്‍ വിളിക്കുന്ന കുഞ്ഞുതലയിണയും പ്ലേറ്റ് എന്നു പേരുള്ള കുഞ്ഞു പാത്രവും മുറ്റത്തുള്ള മൈലാഞ്ചി ചെടിയുമായിരുന്നു. സൂപ്പിക്ക് പുരികവും കണ്ണും മൂക്കും വായയും മേരിയാണ് വരച്ച് നല്‍കിയത്. അതിനാല്‍ത്തന്നെ വലതു കവിളിന്റെ മൂന്നിരട്ടിയായിരുന്നു സൂപ്പിയുടെ ഇടതു കവിള്‍. അതില്‍ തല ചായ്ച്ച് മേരിയുറങ്ങി. അതിനൊപ്പം സാറ്റുകളിച്ചും മൈലാഞ്ചി ചെടിയോട് അടിപിടി കൂടിയും ദേഷ്യം വര