Saturday, 27 November 2021

ശരീരത്തിന്റെ രാഷ്ട്രീയം


Text Formatted

കവിത ശരീരം രാഷ്ട്രീയം

'ബോഡി ഈസ് ആർട്ട്, പോയം ആൻറ്​ പൊളിറ്റിക്സ്' എന്ന തലത്തിലേക്ക് ആവിഷ്​കാരങ്ങളെ വിപുലപ്പെടുത്തിയ ഒരു എഴുത്തുകാരി, ആ അസാധാരണമായ സർഗാത്​മക അനുഭവം പങ്കിടുന്നു

Image Full Width
Image Caption
ഡോണ മയൂരയുടെ പോർട്രെയ്റ്റ്​ ദൃശ്യകവിതകളുടെ സീരീസ്​
Text Formatted

ജീവിച്ചിരുന്ന ആളിനെയാണ് മൃതശരീരം ഓർമിപ്പിക്കുക.
നിശ്ചലമായ ശരീരത്തിൽ നിന്ന്​ അടുപ്പമുള്ളവർ വീണ്ടും ചലനങ്ങൾ വരച്ചെടുക്കും, ഏതോ വിദൂരതയിൽ തട്ടി പ്രതിധ്വനിക്കുന്ന ഒച്ചയും. ഇവ രണ്ടും മറ്റൊരു വ്യക്തിയുടെ പുനരാവിഷ്​കരണമാണ്. ചിലപ്പോൾ ജീവിച്ചിരുന്ന ആളുമായി വലിയ ബന്ധമൊന്നും അതിനുണ്ടാവുകയില്ല. പുതിയ കഥാഖ്യാനങ്ങൾ. ജീവിച്ചിരിക്കെ സ്വന്തം സര്‍ഗ്ഗശക്തി ആവിഷ്‌ക്കരിക്കാനും, ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള അവസരങ്ങളും സാധ്യതകളും പര്യവേക്ഷണം ചെയ്യാതെ
വിട്ടുകളഞ്ഞാലുള്ള അവസ്ഥയാണിത്. ജീവിതകാലം മുഴുവൻ ഒരൊറ്റ ചിത്രത്തിന്റെ രചനയിൽ അഭിരമിക്കുകയും ഒടുവിൽ അതിനുള്ളിൽ അപ്രത്യക്ഷരാവുകയും ചെയ്യുന്നവരാണധികവും. ജീവിതമെന്നാണ് അത്തരം ചിത്രങ്ങളുടെ ശീർഷകം.

ഇരുപത്തിയൊന്ന് വര്‍ഷം മുന്‍പ് ഇരുപത്തിയൊന്നാം വയസില്‍ നാടുവിട്ടതില്‍ പിന്നെയാണ് ഒരു വ്യക്തിയും ആര്‍ക്കും വിധേയപ്പെട്ട് ജീവിക്കപ്പെടേണ്ടവരല്ലെന്ന് ബോധ്യമുണ്ടായത്.

എന്റെ ഇത്ര കാലമുള്ള ജീവിതം നാലായി പകുത്താൽ, അതിൽ ആദ്യരണ്ടു ഭാഗങ്ങൾ ഇരുണ്ടതും ശാരീരികവും മാനസികവുമായി ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളുടെ നിശബ്ദമായ വിതുമ്പലുകളും മാത്രമാണ്. അങ്ങനെ ജീവിക്കേണ്ടതില്ലെന്ന ബോധത്തിലേക്ക് നയിക്കാൻ ആരും കൂടെയുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കുട്ടികളെ തല്ലി വളർത്തുകയെന്നത് വളരെ സ്വീകാര്യമായ ഒന്നായി കണ്ടിരുന്ന കാലമായിരുന്നു അത്. വീടുകളിലും സ്‌കൂളുകളിലും. പിന്നിലേക്ക് നോക്കിയാൽ അധികമൊന്നും ദൂരെയല്ലാത്ത എൺപതുകൾ. അതിനു പുറമെ വീട്ടിനുള്ളിലെ അഭിപ്രായഭിന്നതകളും മറ്റും ഞങ്ങൾ കുട്ടികൾ ചെയ്ത എന്തോ അപരാധമാണെന്ന മട്ടിലുള്ള കുത്തുവാക്കുകളും അവഗണകളും. പലപ്പോഴും ഇത് ചെന്നെത്തുന്നത് ശാരീരികമായി ശിക്ഷ ഏറ്റു വാങ്ങേണ്ടിവരിക എന്നയിടത്തേക്കാണ്. തെറ്റും ശരിയും എന്നതല്ല, മുതിർന്നവർ ആരെങ്കിലും അസ്വസ്ഥരായാൽ ശാരീരികമായി പീഡിപ്പിക്കപ്പെടുമെന്ന് ഉറപ്പാണ്.