Monday, 18 October 2021

Novella


Text Formatted

തൈമയും കൊളംബസും -10

​​​​​​​കൊഹോബ

Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

ല്പം ദൂരെയായി അറ്റ്‌ലാന്റിക്കിന്റെ തിരകളില്‍ ഒരു മരത്തടി ചാഞ്ചാടിക്കൊണ്ടിരിക്കുന്നത് കൊളംബസ് കണ്ടു.
ചുകപ്പും കറുപ്പും നിറത്തില്‍ കൈവേലകള്‍ ചെയ്തലങ്കരിച്ച മരക്കഷ്ണം.
സമ്പത്തും സമൃദ്ധിയും നിറഞ്ഞ, മറ്റേതോ കന്യാഭൂമിയില്‍ നിന്നുളള ക്ഷണം?
കൊളംബസ് കൈകള്‍ നീട്ടി വെളളത്തില്‍ തൊട്ടു. തണുപ്പ്. കൈകള്‍ നീട്ടുന്തോറും മരക്കഷ്ണം അകന്നകന്നു പോകുന്നു. പിന്നെയും കൈകള്‍ നീട്ടി ശരീരത്തിന്റെ മുക്കാല്‍ ഭാഗവും വെളളത്തിലേക്കു വീണു കഴിഞ്ഞപ്പോള്‍ പിടി കിട്ടി. പതുക്കെ വലിച്ചടിപ്പിച്ചു. മറിച്ചിട്ടു. 

മീന്‍ തിന്നു തീര്‍ത്ത കണ്ണുകള്‍.
​​​​​​​അവശേഷിച്ച വികൃതമായ മുഖത്തും ദേഹത്തും ഇപ്പോഴും ബാക്കിയായിരിക്കുന്ന ചായപ്പണികള്‍. നീണ്ട മുടി. ഇരു നിറത്തിലുളള തൊലി. തുറന്നിരിക്കുന്ന വായയില്‍ പുളയ്ക്കുന്ന കടല്‍ ജീവികള്‍...
കൊളംബസ് ഒരു ഞെട്ടലോടെ കണ്ണു തുറന്നു. കപ്പലില്‍ തന്നെ ആയിരുന്നു. സ്പെയിനിലേക്കുളള മടക്കയാത്ര. 

ശ്രമപ്പെട്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. സന്ധികളിലെ വേദന കലശലായിരിക്കുന്നു. കണ്ണിന്റെ മങ്ങലും കൂടിയിരിക്കുന്നു. തെക്കു കിഴക്കന്‍ കാറ്റ് പിടിച്ച് പതുക്കെയായിരുന്നു യാത്ര. കൊളംബസിന്റെ കഴിവുകളെല്ലാം ചോര്‍ന്നു പോയെന്ന് പരാതി പറഞ്ഞ്, കോമ്പസ്സും കാന്തവുമായി കപ്പലിനു ദിശ പറഞ്ഞു കൊടുക്കാന്‍ നില്‍ക്കുന്നവര്‍ കപ്പലിന്റെ മെല്ലെപ്പോക്കിനെക്കുറിച്ചും ദിശ മാറ്റുന്നതിനെക്കുറിച്ചും പരാതി പറഞ്ഞപ്പോഴൊക്കെ കൊളംബസ് അവരെ ശാസിച്ച് നിശബ്ദരാക്കി.

കപ്പലിന്റെ അറകളില്‍ നിറയെ ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. അടിമകളായി പിടികൂടിയ നൂറോളം കാരിബുകളും തൈനോകളും പിന്നെ സ്പാനിഷുകാരും. വായു സഞ്ചാരം കുറഞ്ഞ, മനുഷ്യര്‍ ചാക്കു കെട്ടുകള്‍ പോലെ അടിഞ്ഞു കൂടിയ അറകളില്‍ അണുക്കള്‍ക്ക് വിരുന്നായിരുന്നു. ഇതിനകം തന്നെ പലരും പനിയും ഛര്‍ദ്ദിയും കൊണ്ട് വീണു കഴിഞ്ഞിരുന്നു.

ഒരിക്കലെങ്കിലും കൊളംബസിന്റെ വാക്കുകള്‍ ഈ നാവികര്‍ കേട്ടിരുന്നെങ്കില്‍! 
ഇസബെല്ലയും ഫെര്‍ഡിനന്റും തന്റെ രണ്ടാം യാത്ര പരാജയമാണ് എന്നു വിശ്വസിച്ചതാണ് കൊളംബസിനെ കൂടുതല്‍ വേദനിപ്പിച്ചത്. അവര്‍ക്കു വേണ്ടിയാണ് ഈ നാടുകള്‍ മുഴുവന്‍ കണ്ടെത്തിയത്. ഒന്നാം യാത്രയിലേതിനു പുറമെ ഈ യാത്രയില്‍ മാത്രം കോളനികളാക്കിയ എഴുനൂറോളം ദ്വീപുകള്‍. അവയ