Monday, 18 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 21

വീണും ഉടഞ്ഞും, വീണ്ടും ഉയര്‍ന്നും

പുരുഷന്മാരുമായുള്ള പ്രണയത്തില്‍ ഫെമിനിസ്റ്റുകള്‍ക്ക് എത്രത്തോളം മുങ്ങിത്താഴാന്‍ പറ്റുമെന്നതില്‍ ഞാന്‍ സംശയാലുവാണ്.

Image Full Width
Image Caption
മൈത്രേയനും ഡോ. എ.കെ ജയശ്രീയും
Text Formatted

തൃശൂര്‍ കാലത്ത് നല്ല സൗഹൃദങ്ങളെ പോലെ നല്ല പ്രണയങ്ങളും ഉണ്ടായി. സ്ത്രീകള്‍ക്ക് ഏറ്റവും നല്ല പ്രണയകാലം മുപ്പതുകളിലും നാല്പതുകളിലുമാണെന്നാണ് എനിക്ക് തോന്നാറുള്ളത്. മുപ്പത് വയസ്സിന് ശേഷമാണ് എന്റെ കൗമാരപ്രണയങ്ങള്‍ തുടങ്ങിയത്. കാലം പരിഗണിക്കുമ്പോള്‍ ഇതില്‍ ഒരു പൊരുത്തക്കേടുണ്ട്. പക്ഷേ, പ്രണയത്തിന്റെ സ്വഭാവവിശേഷങ്ങള്‍ നോക്കുമ്പോള്‍ ആ വിശേഷണമാണ് ചേരുന്നത്. കൂടുതല്‍ റൊമാന്‍സ്, ഉത്തരവാദിത്വങ്ങളുടെ ഭാരമില്ലാതിരിക്കല്‍, വെറുതെ സ്വപ്നം കാണുക, കൂടുതല്‍ സമയം അകന്നിരിക്കുന്നതിനാല്‍ അടുക്കാനുള്ള ആഗ്രഹം എന്നിങ്ങനെയൊക്കെ ഉള്ളത്. ഒരു സന്ധ്യക്ക് അയാള്‍ പെട്ടെന്ന് വന്ന്, "നമുക്കൊന്ന് നടക്കാന്‍ പോയാലോ' എന്ന് പറഞ്ഞു. അതപ്പോള്‍ പ്രണയത്തിലേക്ക് വഴുതി വീഴും എന്ന് കരുതിയില്ലെങ്കിലും പതിയെ നോവാതെ അതിലേക്ക് വീണു എന്ന് പറയാം. പ്രണയത്തിലേക്ക് വീഴുകയാണോ അതിലേക്ക് ഉയരുകയാണോ വേണ്ടത് എന്ന് ചിന്തിക്കാവുന്നതാണ്. "ഫാള്‍ ഇന്‍ ലവ്' ആണോ "റൈസ് ഇന്‍ ലവ്' ആണോ എന്നത്. 

പ്രണയങ്ങളിലേക്ക് ഞാന്‍ വഴുതി വീഴാന്‍ ഒരു പരിധി വരെ കാരണം മൈത്രേയനാണ്. പ്രണയങ്ങളെ വളരെ അധികം പ്രോത്സാഹിക്കുന്ന ആളാണ് അദ്ദേഹം. മൈത്രേയന്‍ അതേക്കുറിച്ച് പറയുന്നത് കേട്ടാല്‍, പ്രണയിക്കാത്തവരുടെ ജീവിതം പാഴാണെന്നു തോന്നും

പ്രണയത്തിലേക്ക് വീഴുന്നത് ഉറക്കത്തിലേക്ക് ആലസ്യത്തോടെ വീഴുന്നത് പോലെയാണ്. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു വരാനുള്ള എല്ലാ സംവിധാനങ്ങളും ശരീരം ഒരുക്കി വച്ചിട്ടുണ്ട്. പരിണാമപരമായി നോക്കിയാല്‍, പ്രണയം മനുഷ്യര്‍ അടുത്ത കാലത്ത് കണ്ടെത്തിയതായതിനാല്‍ അതില്‍ നിന്ന് കര കയറാനുള്ള സംവിധാനങ്ങള്‍ ശരീരം ഒരുക്കിയിട്ടില്ല. പ്രണയനൈരാശ്യം മൂലം പലരും ഇപ്പോഴും ആത്മഹത്യ ചെയ്യുന്നുണ്ടല്ലോ. അതില്‍ മുങ്ങിത്താഴാന്‍ കഴിഞ്ഞാലേ യഥാര്‍ത്ഥ പ്രണയമാകൂ എന്ന് കാണുന്നവരുമുണ്ട്. ഏതായാലും പുരുഷന്മാരുമായുള്ള പ്രണയത്തില്‍ ഫെമിനിസ്റ്റുകള്‍ക്ക് എത്രത്തോളം മുങ്ങിത്താഴാന്‍ പറ്റുമെന്നതില്‍ ഞാന്‍ സംശയാലുവാണ്.