Sunday, 17 October 2021

Re-reading Edward Said


Text Formatted

വലതുപക്ഷം അധികാരം കൈയാളുമ്പോള്‍
​​​​​​​എന്തിന് എഡ്വേഡ് സൈദിനെ ഓര്‍ക്കണം?

ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ നിമിഷം ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ഹമീദ് ദബാഷി അവിടെ അടക്കം ചെയ്ത രണ്ടു വിശുദ്ധരുടെ ഖബറില്‍ നിന്നല്‍പ്പം മണ്ണെടുത്ത് ബെയ്റൂട്ടിലുള്ള എഡ്വേഡ് സൈദിനെ അടക്കം ചെയ്തിടത്ത് വിതറുന്നതാണ്. 

Image Full Width
Image Caption
എഡ്വേര്‍ഡ് സെെദിനെ ആദരിച്ചുകൊണ്ട് സാന്‍ ഫ്രാന്‍സിസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ തയ്യാറാക്കിയ ഫലസ്തീനിയന്‍ കള്‍ച്ചറല്‍ മ്യൂറല്‍ പെയ്ന്റിങ് / Photo: Briantrejo, Wikimedia Commons
Text Formatted

മീദ് ദബാഷി കൊളംബിയ സര്‍വകലാശാലയിലെ താരതമ്യ സാഹിത്യത്തിന്റെയും ഇറാനിയന്‍ പഠനങ്ങളുടെയും പ്രൊഫസറാണ്. സിനിമ പഠിതാവും ഫിലിം ഫെസ്റ്റിവല്‍ ക്യുറേറ്ററുമാണ്. അല്‍ ജസീറ കോളമിസ്റ്റാണ്. പാശ്ചാത്യേതരമായ ലോകബോധത്തെ പ്രതിഫലിപ്പിക്കുന്നു ദബാഷിയുടെ എഴുത്ത്. തന്റെ ധൈഷണിക ജീവിതത്തെയും പ്രതിജ്ഞാബദ്ധമായ സാംസ്‌കാരിക പ്രവര്‍ത്തങ്ങളെയും രൂപപ്പെടുത്തുന്നതില്‍ ഏറ്റവും ഉന്നതമായ സ്വാധീനമായിരുന്നു എഡ്വേഡ് സൈദിന്റേത് എന്ന് ദബാഷി പറയുന്നു.

On Edward Said: Remembrance of Things Past

നമ്മുടെ കാലത്തിലെ ദാര്‍ശനിക വിവേകത്തിന്റെ സൂര്യതേജസായിരുന്നു എഡ്വേഡ് സൈദ്. സൈദിനെക്കുറിച്ചുള്ള ദീപ്ത അനുസ്മരണങ്ങളുടെ ലേഖന സമാഹാരമാണ് ഹമീദ് ദബാഷിയുടെ On Edward Said: Remembrance of Things Past. നവലോക ക്രമത്തില്‍, പ്രത്യേകിച്ചും കുടിയേറ്റ വിരുദ്ധതയും ഇടുങ്ങിയ ദേശബോധവും അപരത്വഭീതിയുമുയര്‍ത്തി വലതുപക്ഷം അധികാരം കൈയാളുന്ന ഇക്കാലസന്ധിയില്‍ എഡ്വേഡ് സൈദ് ആരംഭം കുറിച്ച അന്വേഷണങ്ങളുടെ പ്രാധാന്യം എന്താണെന്ന് വിശദീകരിക്കുകയാണ് ദബാഷി ഈ സമാഹാരത്തിലെ ഓരോ ലേഖനത്തിലും. എഡ്വേഡ് സൈദിനെക്കുറിച്ചുള്ള ഇതിലെ ഓരോ ലേഖനങ്ങളും കുറിപ്പുകളും ദബാഷിയുടെ തന്നെ ഒരു നിരീക്ഷണം കടമെടുക്കുകയാണെങ്കില്‍, ‘വേര്‍പ്പെടുത്താനാവാത്ത വിധമുള്ള വികാരങ്ങളുടെയും ഓര്‍മകളുടെയും വൃന്ദമാകുന്നു' (A constellation of memories and emotions too precious to entangle, P70).