Monday, 29 November 2021

Film Studies


Text Formatted

'ജോജി'ക്കൊപ്പമോ എതിരിലോ ചിന്തിക്കുമ്പോൾ

സമൂഹത്തെ കുടുംബത്തില്‍ നിന്ന്, ആന്തരികമായതിനെ ബാഹ്യമായതില്‍ നിന്ന്, അടുത്തുള്ളതിനെ അകലത്തുള്ളതില്‍ നിന്ന്, ക്രമത്തെ ക്രമരാഹിത്യത്തില്‍ നിന്ന്, അറിഞ്ഞതിനെ അറിയാത്തതിൽ നിന്ന് വിഭജിക്കുന്നെന്ന് പറയപ്പെടുന്ന അതിര്‍ത്തികളുടെ ദുര്‍ബലതയെ രേഖപ്പെടുത്തുകയാണ് ജോജി.

Image Full Width
Image Caption
‘ജോജി’യിലെ രംഗങ്ങള്‍
Text Formatted

കുടുംബം /സമൂഹം എന്നീ ദ്വന്ദങ്ങളെ ഒരേസമയം സ്ഥാപിച്ചെടുക്കുകയും അതിനെ ദുര്‍ബ്ബലമാക്കുകയും ചെയ്യുകയാണ് ദിലീഷ്​ പോത്തൻ സംവിധാനം ചെയ്​ത ജോജി എന്ന സിനിമ. സമൂഹം (നാട്ടുകാര്‍) എന്നത് കുടുംബ ശൃംഖലക്കു പുറത്തുള്ള, ബന്ധുക്കളല്ലാത്തവരെ സൂചിപ്പിക്കുന്ന പ്രയോഗമായി മാറുകയാണതില്‍. അത് ക്രമരഹിതവും, മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നതും, ബാഹ്യവുമാണ്. അതിനെ പ്രീണിപ്പിക്കുകയും ചില സമയങ്ങളില്‍ അനുകരിക്കേണ്ടതുമുണ്ട്. മറുവശത്ത്, കുടുംബം എന്ന സങ്കല്‍പ്പം സുരക്ഷിതത്വം നൽകുന്നതും, സാമീപ്യമുള്ളതും, സുപരിചിതമാം വിധം ആന്തരികവുമാണ്. എന്നിരുന്നാലും കുടുംബം അതിനെതിരെത്തന്നെ തിരിയുകയും സ്വയം വിഘടിക്കുകയും ചെയ്‌തേക്കാം. രക്തവും ജനനവും നിര്‍വചിക്കുന്ന കൂറിന്റേയും ഐക്യത്തിന്റേയും പ്രകൃത്യാ നിശ്ചിതമെന്നു കരുതപ്പെടുന്ന ബന്ധങ്ങളുടെ മണ്ഡലമാണത്. സമൂഹത്തെ കുടുംബത്തില്‍ നിന്ന്, ആന്തരികമായതിനെ ബാഹ്യമായതില്‍ നിന്ന്, അടുത്തുള്ളതിനെ അകലത്തുള്ളതില്‍ നിന്ന്, ക്രമത്തെ ക്രമരാഹിത്യത്തില്‍ നിന്ന്, അറിഞ്ഞതിനെ അറിയാത്തതിൽ നിന്ന് വിഭജിക്കുന്നെന്ന് പറയപ്പെടുന്ന അതിര്‍ത്തികളുടെ ദുര്‍ബലതയെ രേഖപ്പെടുത്തുകയാണ് ജോജി.

കുടുംബം ഒരു യൂണിറ്റ് എന്ന നിലയില്‍ ഇഴുകിച്ചേര്‍ന്നിരിക്കുമ്പോഴും, അതില്‍ ശ്രേണീപരമായ പല തലങ്ങളും, സ്ഥലസംബന്ധിയായ ചേര്‍ത്തുനിര്‍ത്തലുകളും മാറ്റിനിര്‍ത്തലുകളുമുണ്ട്. അചഞ്ചലമായ ഒന്നല്ല ഇത്, കുട്ടപ്പന്റെ അധികാരപ്രയോഗം ഒന്നു കൊണ്ടു മാത്രമാണത് ചേര്‍ന്നു നില്‍ക്കുന്നത്.

സമൂഹത്തെ ചിത്രീകരിക്കുന്ന വിധം സിനിമയിലുടനീളം മാറിക്കൊണ്ടിരിക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ, സമൂഹത്തെ കുടുംബത്തില്‍ നിന്നും വീട്ടില്‍ നിന്നും ബാഹ്യമായ അകലത്താണ് സിനിമ സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ പട്ടണത്തിന്റെ കേന്ദ്രത്തില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ അകലെയാണ് കുടുംബത്തെ സ്ഥാപിച്ചിരിക്കുന്നത്. ഈ ഏകാന്തതയെ ധ്വനിപ്പിക്കാന്‍ കോവിഡ്- 19 സാമൂഹിക അകലത്തിന്റെ പശ്ചാത്തല