Monday, 18 October 2021

Q & A


Text Formatted

ഉക്രൈനിലെ സാധാരണക്കാര്‍ക്ക് പേടിച്ച് മടുത്തു;
യുദ്ധ സാഹചര്യത്തെക്കുറിച്ച്​ ​​​​​​​ആന്ദ്രേ കുർക്കോവ്​ 

ഉക്രൈന്‍ അതിര്‍ത്തിയിലേക്കുള്ള റഷ്യന്‍ സൈനിക നീക്കം, മേഖലയെ ഒരു യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക നിലനില്‍ക്കേ, ഉക്രൈന്‍- റഷ്യ സംഘര്‍ഷത്തെക്കുറിച്ചും യുദ്ധസാധ്യതയെക്കുറിച്ചും സംസാരിക്കുകയാണ് പ്രമുഖ ഉക്രൈന്‍ എഴുത്തുകാരനും രാഷ്ട്രീയ ചിന്തകനുമായ ആന്ദ്രേ കുര്‍ക്കോവ്‌

Image Full Width
Image Caption
ആന്ദ്രേ കുർക്കോവ് / Photo: Wikimedia Commons
Text Formatted

എന്‍.ഇ. സുധീർ: ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യ വമ്പിച്ച സൈനിക വിന്യാസം നടത്തുകയാണെന്ന് വിവിധ സ്രോതസ്സുകളില്‍ നിന്ന് അറിയാന്‍ കഴിയുന്നു. റഷ്യയുടെ ഉദ്ദേശ്യം വ്യക്തമല്ലെങ്കില്‍ പോലും, നിങ്ങളുടെ രാജ്യവുമായി അവര്‍ യുദ്ധത്തിനൊരുങ്ങുകയാണെന്ന് നിരവധി പേര്‍ സ്വാഭാവികമായും സംശയിക്കുന്നു. നിലവിലെ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചെതെന്താണ്? എന്താണ് അടിസ്ഥാന പ്രശ്‌നം? ഇതിനു പിന്നിലെ രാഷ്ട്രീയ താല്‍പര്യങ്ങളെന്തൊക്കെ? 

ആന്ദ്രേ കുർക്കോവ്: റഷ്യയുടെ രാഷ്ട്രീയ- സൈനിക പിന്തുണയുള്ള ഉക്രൈനിലെ റഷ്യന്‍ അനുകൂല വിമതര്‍ക്കെതിരെയുള്ള യുദ്ധത്തിന് ഏഴു വര്‍ഷത്തോളം പഴക്കമുണ്ട്. ലോകരാഷ്ട്ര ഭൂപടത്തില്‍ വീണ്ടും വന്‍ശക്തിയായി മാറാന്‍ ശ്രമിക്കുന്ന റഷ്യന്‍ ഫെഡറേഷനുമായുള്ള രാഷ്ട്രീയ ഭിന്നതകള്‍ക്കിടയില്‍, മുമ്പ് ഉക്രൈനിന്റെ ഭാഗമായിരുന്ന സ്വയഭംരണാധികാരമുള്ള ക്രിമിയന്‍ ഉപദ്വീപിനെ റഷ്യ തങ്ങളുടെ അധീനതയില്‍ കൊണ്ടുവന്നതോടെയാണ് യുദ്ധം ആരംഭിക്കുന്നത്. അതേസമയം സോവിയറ്റ് ഭൂതകാലത്തില്‍ നിന്ന്​ വിടുതല്‍ നേടി യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നീ കൂട്ടായ്മകളുമായി ചേര്‍ന്നുകൊണ്ടായിരുന്നു ഉക്രൈനിന്റെ അന്താരാഷ്ട്ര നയരൂപീകരണങ്ങളെല്ലാം. സംയോജനത്തിനു ശേഷം ക്രിമിയ റഷ്യയുടെ വിപുലമായ സൈനിക കേന്ദ്രമായി മാറി. ഇതോടെ തുര്‍ക്കിഷ് തീരവും ബോസ്​ഫറസും ഒഴികെയുള്ള കരിങ്കടലിന്റെ മറ്റു പ്രദേശങ്ങള്‍ റഷ്യയ്ക്ക് നിയന്ത്രിക്കാമെന്ന സ്ഥിതി വന്നു. നിലവില്‍ ഉക്രൈനും ക്രിമിയക്കും ഇടയിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് അതിര്‍ത്തിയില്‍ റഷ്യയുടെ വിപുലമായ സൈനിക വിന്യാസം ഭീതിത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ പ്രതിരോധത്തിന്​ പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ ഇതോടെ ഉക്രൈനും നിര്‍ബന്ധിതരായി.