Tuesday, 29 November 2022

Second Wave of Covid-19


Text Formatted

വൈറസ് ജനിതക മാറ്റം മുതൽ വാക്‌സിന്‍ വര്‍ണവിവേചനം വരെ

പുതിയ പ്രതിസന്ധികളുമായി കോവിഡ് രണ്ടാം തരംഗം

കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക മാറ്റം, പുതിയ സാഹചര്യത്തില്‍ വാക്‌സിന്റെ ഫലപ്രാപ്തി, വാക്‌സിന്‍ ലഭ്യതയിലെ അനീതികള്‍ തുടങ്ങി കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ പ്രതിസന്ധികളും പ്രതിവിധികളും സമഗ്രമായി വിശലകനം ചെയ്യപ്പെടുന്നു

Image Full Width
Image Caption
ഡല്‍ഹിയിലെ ആര്‍.എം.എല്‍ ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിനു മുമ്പില്‍ ഓക്‌സിജനുവേണ്ടി കാത്തിരിക്കുന്ന കോവിഡ് രോഗികള്‍./ Photo: Hemant Rajaura, Twitter
Text Formatted

കോവിഡ് രണ്ടാം തരംഗം തീരെ അപ്രതീക്ഷിതമല്ല.
വികസിത രാജ്യങ്ങളില്‍ പലതും രണ്ടാം തരംഗത്തിലൂടെ കടന്നുപോയിരുന്നു. രോഗവ്യാപനം ഒരു ഉയര്‍ന്ന നിലയിലെത്തി കുറഞ്ഞുവരികയും പിന്നീട് ഒരു കാലയളവിനുശേഷം വീണ്ടും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാവുകയും ചെയ്യുന്നതിനെയാണ് തരംഗം (Wave) എന്നുപറയുന്നത്. ഇന്ത്യ കടന്നുപോകുന്ന കോവിഡ് രണ്ടാം തരംഗത്തിനുള്ള കാരണങ്ങളെ സംബന്ധിച്ച് നിരവധി പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പുതിയൊരു വൈറസ് പരത്തുന്ന പുതിയൊരു മഹാമാരിയെയാണ് ലോകം അഭിമുഖീകരിക്കുന്നത്. ദിവസംപ്രതി പുതിയ അറിവുകള്‍ കോവിഡ്- 19 നെ പറ്റിയും വൈറസ് വ്യാപനരീതിയെക്കുറിച്ചും ലഭിച്ചുകൊണ്ടിരിക്കയാണ്. കോവിഡ് മഹാമാരിക്കാലം ഒരു പഠനകാലം കൂടിയായി കണക്കിലെടുത്ത് പുതിയ അനുഭവങ്ങളൂടെയും അറിവിന്റെയും അടിസ്ഥാനത്തില്‍ രോഗനിയന്ത്രണത്തിനുള്ള മൂര്‍ത്തമായ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്. 

മഹാമാരി തരംഗങ്ങള്‍ മുമ്പും

മഹാമാരികള്‍ എല്ലാകാലത്തും പലപ്പോഴും നൂറ്റാണ്ടുകള്‍ പോലും നീണ്ടുനില്‍ക്കുന്ന പല തരംഗങ്ങളായാണ് ആവിര്‍ഭവിച്ചിട്ടുള്ളത്. പ്ലേഗ് രണ്ടാം നൂറ്റാണ്ടിലും (അന്റോണിയന്‍ പ്ലേഗ്), അഞ്ച് ആറ് നൂറ്റാണ്ടുകളിലും (ജസ്റ്റിനിയന്‍ പ്ലേഗ്), 14, 19 നൂറ്റാണ്ടുകളിലും (കരിമരണ കാലം), 19ാം നൂറ്റാണ്ടിലും (ഏഷ്യന്‍ പ്ലേഗ്) ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. കോളറ 19ാം നൂറ്റാണ്ടില്‍ ആരംഭിച്ച് ഏഴുതരംഗങ്ങളിലായി ഇരുപതാം നൂറ്റാണ്ടുവരെ സാന്നിധ്യം അറിയിച്ചു.