Monday, 18 October 2021

കോര്‍പറേറ്റുകളും ജീവകാരുണ്യവും


Text Formatted

കരുതിയിരിക്കുക; കാരുണ്യം 'ഗേറ്റ്' തുറന്നെത്തുന്നു

ബിസിനസ്സുകളെ കൂടുതല്‍ ചാരിറ്റബിള്‍ ആക്കാനല്ല, ചാരിറ്റികളെതന്നെ ലാഭകരമായ ബിസിനസ്സ് ആക്കാനാണ് ബിൽ ഗേറ്റ്‌സിന്റെ ശ്രദ്ധയും അധ്വാനവും-   കോർപറേറ്റ്​ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക്​ ഒര​ന്വേഷണം

Image Full Width
Image Caption
ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഹെഡ്ക്വാട്ടേഴ്സ് / Photo: Wikimedia commons
Text Formatted

1993ലെ ആഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ അനുഭവപ്പെട്ട കാഴ്ചകള്‍ കരളലിയിപ്പിക്കുന്നതും ഇരുത്തിച്ചിന്തിപ്പിക്കുന്നതും ആയിരുന്നു എന്ന് പതിനെട്ടു വര്‍ഷത്തിനുശേഷം ഹഫിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ഓര്‍മക്കുറിപ്പില്‍ ബില്‍ ഗേറ്റ്‌സ് രേഖപ്പെടുത്തുന്നു. "ലോകത്തിലെ പല ജീവന്‍രക്ഷാ മരുന്നുകളും കണ്ടുപിടുത്തങ്ങളും ആഫ്രിക്കയില്‍ അന്ന് ലഭ്യമായിരുന്നില്ല. ശാസ്ത്ര സാങ്കേതിക വിദ്യ ആഫ്രിക്കന്‍ പ്രതിസന്ധികള്‍ തരണം ചെയ്യാൻ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ആ വന്‍കരയുടെ വിശാല സാധ്യതകള്‍ക്കനുസൃതമായി ജനങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യകരമായ ജീവിതം ആസ്വദിക്കാമായിരുന്നെന്നു എനിക്ക് ബോധ്യമായി.'

ബാല്യകാല സുഹൃത്തും സഹപാഠിയും ആയിരുന്ന പോള്‍ അലന്‍ തുല്യ പങ്കാളിയായി 1975 ല്‍ മൈക്രോസോഫ്റ്റ് എന്ന സ്ഥാപനം തുടങ്ങി കേവലം എട്ടു വര്‍ഷത്തിനുള്ളില്‍ അതിനെ തന്റേത് മാത്രമാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ബില്‍ ഗേറ്റ്‌സ് എന്ന കമ്പ്യൂട്ടര്‍ കച്ചവടക്കാരന്‍ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്​ നീക്കിവയ്ക്കുന്ന ധനാഢ്യനാണ്. 64/36 എന്ന അനുപാതത്തിലേക്കു പങ്കാളിത്ത വ്യവസ്ഥ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു എങ്കിലും 2018 ല്‍ ഈ ലോകത്തോട് വിട പറയുമ്പോഴും പോള്‍ അലന്റെ പക്കല്‍ മൈക്രോസോഫ്റ്റിന്റെ നൂറു മില്യണ്‍ ഷെയറുകള്‍ ഉണ്ടായിരുന്നു. അതെ; "ആരോഗ്യകരവും ഫലപ്രദവുമായ ജീവിതം നയിക്കാന്‍ ഏവര്‍ക്കും അവകാശമുണ്ടെന്ന്' ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇരുപതാം വാര്‍ഷികമാഘോഷിക്കുന്ന 2020 ലും ബില്‍ ഗേറ്റ്‌സ് എടുത്തു പറയുന്നു. 53.8 ബില്യണ്‍ഡോളറാണ് ദാനധര്‍മങ്ങള്‍ക്ക്​ ഫൗണ്ടേഷന്‍ ചെലവഴിച്ചിട്ടുള്ളത്. (ഒരു ബില്യണ്‍ എന്നാല്‍ ആയിരം മില്യണ്‍; അഥവാ പതിനായിരം ലക്ഷം. ഒന്ന് എഴുതി ഒന്‍പതു പൂജ്യങ്ങളിട്ടാല്‍ ഒരു ബില്യണ്‍ എന്ന് വായിക്കാം).