Saturday, 23 October 2021

Caste and Cricket


Text Formatted

സച്ചിന്‍ ഒരു വലതുപക്ഷ മൂലധന നിര്‍മിതി

സച്ചിന്‍ തെണ്ടുല്‍ക്കര്‍ കാട്ടിത്തന്ന വിജയപാതയിലൊരു നിലപാടില്ലായ്മയുടെ നിരന്തര സാന്നിധ്യമുണ്ട്. അയാളിലൂടെ മാന്യത കൈവരിക്കുന്ന കരിയറിസത്തിന് കുത്തകമുതലാളിമാരുടേയും ഭരണകൂട ഭീകരതയുടേയും മണമുണ്ട്- ‘ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതി’ എന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം.

Image Full Width
Image Caption
1989 നവംബര്‍ 15ന് കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്റെ അരങ്ങേറ്റം / Photo: BCCI
Text Formatted

"മേഘാലയയുടെ ചരിത്രമെഴുതുന്നവര്‍ ഇനിമുതല്‍ ആ ചരിത്രത്തെ ഇന്ത്യന്‍ ഐഡിലിന്റെ മൂന്നാം സീസണ് "മുമ്പ്' എന്നും "ശേഷം' എന്നും രണ്ടായി വിഭജിക്കേണ്ടി വരും. ഗോത്രങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും കലാപങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒന്നാം ഭാഗവും സമാധാനവും ബഹുസ്വരതയുള്ള അന്തരീക്ഷവുമുള്ള രണ്ടാംഭാഗവും. അതിശയകരമായ ഈ മാറ്റത്തിന്റെ കാരണമായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക അമിത് പോള്‍ എന്ന, സംഗീത റിയാലിറ്റി ഷോയുടെ അവസാന റൗണ്ടിലെത്തിയ മത്സരാര്‍ത്ഥിയായിരിക്കും.'    

ജയ്ദീപ് മസൂംദാറെന്ന മാധ്യമ പ്രവര്‍ത്തകന്‍ 2007ല്‍  ഔട്ട്‌ലുക്ക് ഇന്ത്യയിലെഴുതിയ ഒരു പഠനത്തിന്റെ തുടക്കമാണിത്. 2004ല്‍  സോണി എന്റര്‍ടൈന്‍മെൻറ്​ ചാനലിൽ സംപ്രേക്ഷണമാരംഭിച്ച "ഇന്ത്യന്‍ ഐഡല്‍' എന്ന റിയാലിറ്റി ഷോയുടെ മൂന്നാം സീസണിലെ ഒരു മത്സരാര്‍ത്ഥി മാത്രമായിരുന്നു തുടക്കത്തില്‍ അമിത് പോള്‍. ഐക്യഭാരതത്തില്‍ കാലങ്ങളായി രണ്ടാംകിട ജീവിതം നയിക്കുകയും മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത നോര്‍ത്ത്- ഈസ്റ്റ് മേഖലയില്‍ നിന്നുള്ള അമിത് പോള്‍ ദേശീയ മാധ്യമത്തിലെ അതിപ്രശസ്തമായ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായതു മുതല്‍ മത്സരത്തിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും നാഗാലാന്‍ഡ് മുതല്‍ അസം വരെ ഉള്‍പ്പെടുന്ന വിശാല നോര്‍ത്ത്- ഈസ്റ്റ് പ്രവിശ്യയിലെ ജനങ്ങളുടെ പൊതുവികാരമായി മാറുകയായിരുന്നു. ഫൈനല്‍ റൗണ്ടാകുമ്പോഴേക്കും മേഘാലയയിലെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള വിഘടനവാദസംഘങ്ങള്‍ വരെ അമിത് പോളിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. മേഘാലയ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ ഭാഗമായി പൊതു ടെലിഫോണ്‍ ബൂത്തുകള്‍ വരെ അമിത് പോളിനുവേണ്ടി പ്രവര്‍ത്തനക്ഷമമായി.