Thursday, 21 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍ - 5

കെ.എസ്.ആര്‍.ടി.സി ബസ് ഹൈജാക്കിങ്

കോളേജിന് മുന്നിലൂടെ പോയ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് സ്വയം ഓടിച്ച് കോളേജിന്റെ തെക്കെ ഗെയിറ്റുവഴി  കോമ്പൗണ്ടില്‍ കയറ്റി ഒന്നിരപ്പിച്ച് വടക്കേ ഗെയിറ്റ് വഴി പുറത്തേക്ക് കൊണ്ടുപോയി അവിടെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. ഈ വിരുതന്‍ ഇന്ന് ഇന്ത്യയില്‍ പരക്കെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്

Image Full Width
Image Caption
തിരുവനന്തപുരം യൂണിവേഴ്​സിറ്റി കോളേജ് / Photo: University college trivandrum, facebook
Text Formatted

ഹാരാജാസ് കോളേജില്‍ എഴുപതുകളിലുണ്ടായിരുന്ന എസ്. രമേശന്‍, തോമസ് ഐസക്, എന്‍. കെ. വാസുദേവന്‍, സി. എന്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയ ആരോടും ആ കാലത്തെക്കുറിച്ച് ചോദിച്ചാലും ആ കോളേജുമായുള്ള ഒരു കാല്‍പനിക പ്രണയം അവരുടെ വാക്കുകളില്‍ നിറയുകയും അവരുടെ ശബ്ദം സ്വപ്നതുല്യമായ കാമുകഭാവത്തില്‍ അഭൗമമായ ഒരു ആത്മസൗന്ദര്യമാര്‍ജ്ജിക്കുകയും അവരുടെ കണ്ണുകള്‍ പ്രണയാതുരതയുടെ മൂടല്‍മഞ്ഞണിയുകയും ചെയ്യുന്ന അനുഭവം എന്നെ എപ്പോഴും  ആര്‍ദ്രചിത്തനാക്കിയിട്ടുണ്ട്. 

ഞാനും ആ കോളേജില്‍ വളരെ കുറച്ചു കാലം പഠിച്ചു.
അനേകം സുഹൃത്തക്കളെ ആ കലാലയം എനിക്കു നല്‍കി. എന്റെ തട്ടകം പക്ഷെ ഇങ്ങുതെക്ക് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജായിരുന്നു. എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠനെ പ്രീ യൂണിവേഴ്‌സിറ്റിക്ക് ചേര്‍ക്കാന്‍ കൊണ്ടുവന്നപ്പോള്‍ അച്ഛന്‍ ഞങ്ങളെയും കൂടെ കൂട്ടി. അന്ന് കോളേജില്‍ ചേര്‍ത്തശേഷം ഹോസ്റ്റലില്‍ വിടാന്‍ പോയപ്പോള്‍ ഞങ്ങളെ ഏട്ടന്റെ മുറി കാണാന്‍ അനുവദിച്ചു. ആ കാലം മുതല്‍ യൂണിവേഴ്‌സിറ്റി കോളേജ് എന്റെ സ്വപ്നങ്ങളുടെ അവിഭാജ്യഘടകമായി. ചെങ്കല്ലിന്റെ മാദകസൗന്ദര്യം, ഹോസ്റ്റല്‍ കെട്ടിടം പണിഞ്ഞ കരിങ്കല്ലിന്റെ  വന്യമായ ദൃഢത, എല്ലാറ്റിന്റെയും ഗാംഭീര്യം... ഇതെല്ലാം എന്റെ; ഞാന്‍ എന്ന ആറ് വയസ്സുള്ള കുട്ടിയുടെ മനസ്സില്‍ പതിഞ്ഞു കിടന്നു. 

വൈലോപ്പിള്ളിയെ ആളറിയാതെ അപമാനിച്ച് പ്രിന്‍സിപ്പല്‍ കുപ്രസിദ്ധയായതും എന്നാല്‍ അതിനുശേഷം വൈലോപ്പിള്ളിയെ ആ വര്‍ഷം തന്നെ കോളേജില്‍ കൊണ്ടുവരികയും മിസിസ് എന്‍. ഐ. ജോസഫിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം അടിയന്തരാവസ്ഥയ്‌ക്കെതിരായി പ്രസംഗിക്കുകയും ചെയ്തുവെന്ന വസ്തുത ആ സംഭവത്തിന്റെ കാവ്യനീതിയായി അടിവരയിട്ട് ചരിത്രം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.