Wednesday, 29 March 2023

ആത്മകഥ


Text Formatted

എഴുകോൺ-1

ആകാശവും കാറ്റും മരങ്ങളും കിളികളും എല്ലാം വെറുതെ കോരിത്തരിപ്പിച്ച, മറ്റുള്ളവരുടെ ദുഃഖങ്ങളൊന്നും അറിയാന്‍ കഴിയാത്ത, അച്ഛനും അമ്മയും മാത്രം ചേര്‍ന്ന, അണുവിലും അണുവായ ഒരു ബാല്യത്തിൽനിന്ന്​ തുടങ്ങുന്നു, ഈ ആത്​മകഥ

Image Full Width
Image Caption
ഡോ. എ.കെ. ജയശ്രീ
Text Formatted

മരണവുമില്ല, പുറപ്പുമില്ല വാഴ്‌വും 
നരസുരരാദിയുമില്ല നാമരൂപം, 
​​​​​​​മരുവിലമര്‍ന്ന മരീചിനീരുപോല്‍ നില്‍-
പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം.

-നാരായണഗുരു

വിടെ നിന്നാണ് നമ്മള്‍ പൊട്ടി മുളക്കുന്നത്? മരണത്തെ ചൊല്ലി നമുക്കുണ്ടായിട്ടുള്ള ഉൽക്കണ്ഠ പോലെ, ജനനത്തെ പറ്റി കൗതുകം ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ജന്മദിനങ്ങള്‍ ആഘോഷത്തോടെ കൊണ്ടാടുമെങ്കിലും ഓര്‍മ തുടങ്ങുന്നിടത്തല്ലേ ശരിക്കും നമ്മള്‍ ഉണ്ടാകുന്നത്? കടലും ആകാശവും ചേരുന്നിടം പോലെ മങ്ങുന്ന ഓര്‍മയില്‍ കുട്ടിക്കാലം പിറക്കുകയാണ്. 

ഒരു മൂന്ന് വയസ്സിലൊക്കെയാണ് ഞാന്‍ ജനിച്ചതെന്ന് ഓര്‍ക്കുന്നു.  ഓര്‍മ തുടങ്ങുമ്പോള്‍ ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറുകയാണ്. റോഡരികിലെ ഒരു വലിയ കെട്ടിടത്തില്‍ നിന്ന് ചെറിയ ഓടിട്ട വീട്ടിലേക്ക്. അവിടെ പാലുകാച്ചല്‍ പോലെ എന്തോ ചടങ്ങുകളൊക്കെ ഉണ്ടായതായി ഓര്‍ക്കുന്നു, അമ്മ എന്നെ എടുത്തുകൊണ്ട് പോയതായും. അവ്യക്തതകളും മിസ്റ്ററികളും നിറഞ്ഞതാണ് കുട്ടികളുടെ ലോകം. അതിന് മുതിര്‍ന്നവരുടെ ലോകവുമായി വലിയ ബന്ധമൊന്നുമില്ല.

മുതിര്‍ന്നവര്‍ കുട്ടികളെ അവരുടെ കളിക്കോപ്പുകളായി കാണുമെങ്കിലും കുട്ടികള്‍ അത് ഗൗനിക്കാറില്ല. അല്‍പമൊന്ന്​ സഹകരിച്ചിട്ട് അവര്‍ അവരുടെ ലോകത്തേക്ക് മടങ്ങും. ഞാന്‍ പൊതുവേ, ഒറ്റക്കിരിക്കാന്‍ ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു.  ആണ്‍ മുഖങ്ങളോട് മിക്കവാറും മുഖം തിരിച്ചിരുന്നു എന്ന് അമ്മ പറയാറുണ്ട്. എന്റെ ഭാവനാലോകത്ത്​ കഴിഞ്ഞ ജന്മത്തെ ഓര്‍മകളും സിനിമ കാണാന്‍ കഴിഞ്ഞ നാള്‍ മുതല്‍, രാഗിണി, വിജയ, മിസ് കുമാരി തുടങ്ങിയ നടിമാരും ടാഗോറും പിന്നെ ഭിത്തിയില്‍ തൂക്കിയിരുന്ന കളര്‍ ചിത്രത്തില്‍ നിന്ന് മനസ്സിലേക്ക് കയറിക്കൂടിയ ശ്രീകൃഷ്ണനുമായിരുന്നു. വേറൊരു ദേശത്ത്, വേറെ വേഷത്തില്‍, വേറെ നിറത്തില്‍ ഒരു ലാബറട്ടറിയില്‍ ഗവേഷണം നടത്തിയതായി ഇടക്കിടെ സ്വപ്നം കണ്ടു. അതിനാല്‍ കഴിഞ്ഞ ജന്മത്തില്‍ ശാസ്ത്രജ്ഞ ആയിരുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു. അത് ശരിയായാലും ഇല്ലെങ്കിലും അടുത്ത