Monday, 18 October 2021

ഫോ​ട്ടോ സ്​റ്റോറി


Text Formatted

ഈ കടലിനോട് നമ്മള്‍ ജയിക്കുമോ?

കട​ലേറ്റം എന്നത്​ കേരള തീരത്തെ ജീവിതം അസാധ്യമാക്കുംവിധം രൂക്ഷമായ പ്രതിസന്ധിയായി മാറിയിരിക്കുന്നു. വിവിധ തീരപ്രദേശങ്ങളിൽനിന്ന്​ പകർത്തിയ ഈ കടൽക്ഷോഭ ദൃശ്യങ്ങൾ മത്സ്യത്തൊഴിലാളി സമൂഹം അഭിമുഖീകരിക്കുന്ന ദുരന്തത്തിന്റെ ആഴം കാണിച്ചുതരുന്നു

Image Full Width
Image Caption
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മത്സ്യത്തൊഴിലാളികളുടെ നിരവധി മീന്‍ചാപ്പകള്‍ ഉണ്ടായിരുന്ന കടലോരമായിരുന്നു ചിത്രത്തിലെ കരിങ്കല്‍ ഭിത്തിക്കപ്പുറം. ഇന്നവിടെ ആറും എട്ടും മീറ്റര്‍ ഉയരത്തില്‍ തിരയടിക്കുന്ന കടല്‍ തന്നെയായി പരിവര്‍ത്തനപ്പെട്ടു. പുലിമുട്ട് നിര്‍മ്മിച്ചതിന് ശേഷം തെക്ക് ഭാഗം അരകിലോമീറ്ററില്‍ അധികം കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ വടക്ക് ക്രമാതീതമായി കടല്‍ കയറിവന്നു. കണ്ണൂര്‍ ജിലയിലെ അഴീക്കല്‍ അഴിമുഖത്തെ  കാഴ്ച.
Text Formatted

ദുരയില്‍ നിന്നുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ച് തീവ്രപരീക്ഷണത്തിന്റെ രണ്ട് ദുരിതവര്‍ഷങ്ങളില്‍ കേരളം ചര്‍ച്ച ചെയ്തുകഴിഞ്ഞു. പശ്ചിമഘട്ടം മുതല്‍ ഇടനാടും കടന്ന് കടലറ്റം വരേയ്ക്കും മനുഷ്യര്‍ കാലടിമണ്ണിന് വേണ്ടി നില്‍ക്കാതലഞ്ഞ രണ്ട് പ്രളയകാലങ്ങള്‍.
അന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട വാക്ക് കാലാവസ്ഥാവ്യതിയാനം എന്നതാണ്. പരിസ്ഥിതിക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്നവരുടെ പുതിയ തമാശയായി മാത്രം പലരും അതിനെ എളുപ്പം സ്‌ക്രോള്‍ ചെയ്തു. ഏറിയ പങ്ക് പഠനങ്ങള്‍ക്ക് കീഴിലും മനുഷ്യനിര്‍മിതം എന്നുകൂടി അടിവര എഴുതപ്പെട്ടു. ശേഷം, വൈറസ് ഭീതിയില്‍ ലോകം മുഴുക്കെ വിറങ്ങലിച്ച രണ്ടാംവര്‍ഷം. ഒരു കൊച്ചുസംസ്ഥാനത്തെ മനുഷ്യരെ അപ്പാടെ പ്രതിസന്ധിയിലാഴ്ത്തിയ കടുംകാലം. അവിടെയാണ് പാരസ്പര്യം മുറിഞ്ഞും വരുമാനം നിലച്ചും അടച്ചുപൂട്ടപ്പെട്ട മനുഷ്യജീവിതങ്ങളിലേക്ക് കടല്‍ കാലംതെറ്റി കയറി വരുന്നത്. സുനിശ്ചിതമായ നമ്മുടെ കാലാവസ്ഥാനിര്‍ണ്ണയങ്ങള്‍ അപ്പാടെ അനിശ്ചിതത്വത്തിലേക്ക് ചെന്നെത്തിക്കഴിഞ്ഞു. ഋതുക്കള്‍ മാറിമറിഞ്ഞു. ഇടവപ്പാതിയും കര്‍ക്കിടകക്കലിയും കണക്കുകള്‍ക്ക് പുറത്തെത്തി. പ്രളയമെന്നപോലെ കടലേറ്റം എന്നത് വാര്‍ഷിക ദുരന്തമായി സമീകരിക്കപ്പെട്ടപ്പൊഴും യഥാര്‍ത്ഥ ഉത്തരങ്ങള്‍ക്ക് പകരം താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രം നല്‍കി ഒരു കൂട്ടം മനുഷ്യരെ സ്റ്റേറ്റ് നിരന്തരം വഴിതിരിച്ചു വിട്ടുകൊണ്ടിരുന്നു.
മുന്‍കാലങ്ങളില്‍ അപൂര്‍വ്വമായിരുന്നെങ്കില്‍ ഇന്ന് സംസ്ഥാനത്തുടനീളം കടലേറ്റത്തിന്റെ ദൃശ്യങ്ങള്‍ കാണാം. പ്രാദേശികവാര്‍ത്തകള്‍ക്കപ്പുറം അതിതീവ്രദുരന്തമായി അത്