Monday, 18 October 2021

Film Studies


Text Formatted

കുടുംബം, അധികാരം, ന്യൂറോസിസ്സ്
​​​​​​​കെ. ജി. ജോർജ്ജിന്റെ മൂന്നു ചിത്രങ്ങൾ


കെ. ജി. ജോർജ്ജി​ന്റെ സിനിമകളിലെ കുടുംബം, അധികാരം, ബന്ധങ്ങള്‍ തുടങ്ങിയവ, സ്വപ്​നാടനം, ആദാമി​ന്റെ വാരിയെല്ല്​, ഇരകൾ എന്നീ സിനിമകളെ
​​​​​​​അടിസ്​ഥാനമാക്കി സാങ്കേതികമായും പ്രമേയപരമായും അവലോകനം ചെയ്യപ്പെടുന്നു

Image Full Width
Image Caption
കെ.ജി. ജോര്‍ജ് / ഫോട്ടോ: ലിജിന്‍ ജോസിന്റെ 8½ ഇന്റര്‍കട്ട്‌സ് ഡോക്യുമെന്ററിയില്‍ നിന്ന്

Text Formatted

ഒന്ന്: മലയാള സിനിമയുടെ കുടുംബം; മലയാളി കുടുംബത്തിന്റെ സിനിമ

കുടുംബം എന്ന സ്ഥാപനത്തെപ്പറ്റി ജീവിതനൗക, ഭാര്യ, ചെമ്മീന്‍ തുടങ്ങിയ ചലച്ചിത്രങ്ങള്‍ നിര്‍മിച്ചെടുത്ത ആദര്‍ശവല്‍കൃതമായ സങ്കല്പങ്ങള്‍ക്ക് വലിയ പ്രചാരം മലയാളസിനിമയില്‍ പിന്നീടുണ്ടായി.  ഈ ചിത്രങ്ങളുടെ സ്വാധീനം കൊണ്ടല്ല ഇതു സംഭവിച്ചത്; മറിച്ച് മലയാളിക്ക് അവയിലുള്ള പരമ്പരാഗതമായ ആശയങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടാണ്.  കുടുംബത്തിന്റെ കെട്ടുറപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന ഫ്യൂഡല്‍/യാഥാസ്ഥിതിക അധികാര സങ്കൽപമാണ് ഈ ആശയങ്ങളില്‍ ഏറ്റവും പ്രമുഖം. ഇത്തരം സങ്കൽപങ്ങളെ അടിസ്ഥാനമാക്കിയതുകൊണ്ട് കുടുംബജീവിതം എന്ന ദൈനംദിന പ്രക്രിയയെക്കുറിച്ച് യാഥാര്‍ത്ഥ്യത്തിനടുത്തു നില്‍ക്കുന്ന ധാരണകളൊന്നും എഴുപതുകള്‍ വരെയുള്ള മലയാള ചിത്രങ്ങളില്‍ കാര്യമായ സാന്നിദ്ധ്യമാകാതെപോയി.  നേരിട്ടല്ലാതെ ഈ പ്രമേയം കൈകാര്യം ചെയ്ത ഭാര്‍ഗവീനിലയം (എ. വിന്‍സെന്റ്, 1964) ഓളവും തീരവും (പി. എന്‍. മേനോന്‍, 1970) നിഴലാട്ടം (എ. വിന്‍സെന്റ്, 1970) തുടങ്ങി കുറച്ചു പടങ്ങള്‍ ഇതില്‍ നിന്ന് ചെറിയൊരു പരിധി വരെ മാറിനില്‍ക്കുന്നു.  പഴയ മൂല്യവ്യവസ്ഥയില്‍ നിന്നുള്ള പരിവര്‍ത്തനം ചിത്രീകരിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം (1972) മുതലുള്ള ചിത്രങ്ങള്‍പോലും അവയുപേക്ഷിക്കാന്‍ ശ്രമിക്കുന്ന മൂല്യസംഹിതയുടെ പ്രേതബാധയില്‍നിന്ന് വിമുക്തമല്ല.

അതിവൈകാരികത, ഫ്യൂഡല്‍ വ്യാകുലത, മലയാളി- നൊസ്റ്റാള്‍ജിയ തുടങ്ങിയ തേന്‍വലകളില്‍നിന്ന് അപൂര്‍വമായേ മലയാളസിനിമ പുറത്തുകടക്കാറുള്ളു. ഈ പുറത്തുകടക്കല്‍ വ്യക്തമായി ചിത്രീകരിച്ച സംവിധ