Monday, 18 October 2021

അഭിമുഖം


Text Formatted

പ്രതിഗീത

‘സ്ത്രീ നിലപാടുന്നയിച്ച്​ വിട്ടുവീഴ്ചയില്ലാതെ സംസാരിക്കുകയോ എഴുതുകയോ പ്രവര്‍ത്തിക്കുകയോ ഒക്കെ ചെയ്യുന്നത്​കുറച്ചധികം അപകടകരം തന്നെയാണ് എന്നാണനുഭവം’- കല, സാഹിത്യം, നിരൂപണം, ആക്ടിവിസം, അധ്യാപനം തുടങ്ങിയ മേഖലകളിലെ ഇടപെടലുകളെക്കുറിച്ച്​ ഗീതയുമായി സംഭാഷണം 

Image Full Width
Image Caption
ഗീത
Text Formatted

ടക്കവും ഒതുക്കവും ഉള്ളവര്‍ എന്നു നൂറ്റാണ്ടുകളായി പുരുഷലോകം പുകഴ്​ത്തിക്കൊണ്ടിരുന്ന ഒരു വര്‍ഗത്തില്‍നിന്ന്​ കടന്നുവന്ന് അപ്രീതികള്‍ മാത്രം സമ്പാദിച്ചുകൊണ്ടിരുന്ന ഗീത എന്ന എഴുത്തുകാരിയിലൂടെയുള്ള ഒരു യാത്രയാണിത്. സ്ത്രീപക്ഷ സമീപനങ്ങളിലൂടെ കല, സാഹിത്യം, നിരൂപണം, ആക്ടിവിസം, അധ്യാപനം തുടങ്ങിയ മേഖലകളെ സമ്പന്നമാക്കിയ ടീച്ചറുടെ പോരാട്ടങ്ങള്‍ മൂന്നു പതിറ്റാണ്ട്​ കടന്നു. ഈ കാലയളവില്‍ കേരളത്തില്‍ നടന്നുവന്ന ചെറുതും വലുതുമായ എല്ലാ സ്ത്രീമുന്നേറ്റങ്ങളിലും ടീച്ചര്‍ അടയാളപ്പെടുന്നുണ്ട്. അവയൊക്കെ ചേര്‍ത്തുവച്ചാല്‍ കിട്ടുന്ന വലിയ അര്‍ത്ഥങ്ങളിലൊന്നിനെ പുരുഷനായ ഒരു ചോദ്യകര്‍ത്താവിനു വായിച്ചെടുക്കുക എളുപ്പമല്ല. പറയുമ്പോള്‍ കൈയടിക്കുവാനും ചോദ്യങ്ങള്‍ മുന്‍കൂട്ടി എഴുതിക്കൊടുക്കുവാനും ഉത്തരങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുവാനും നിര്‍ബന്ധിതരായിത്തീരുന്ന ഒരു സമൂഹത്തിലെ അംഗം എന്ന നിലയില്‍ ഏകാധിപത്യത്തിന്റെ അരം എന്തെന്നും നീറ്റല്‍ എന്തെന്നും ഏറെക്കുറെ അറിയുന്നുണ്ട്. അതുകൊണ്ടു സ്ത്രീയനുഭവങ്ങളുടെ വീര്‍പ്പുകളെ കുറച്ചൊക്കെ പിടിച്ചുവെക്കാന്‍ ഏതു ചോദ്യകര്‍ത്താവിനും ഇന്നു കഴിയുമെന്നാണു തോന്നുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പുരുഷമുന്‍വിധികളില്‍നിന്നു പുറത്തു കടക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു പുരുഷന്റെ എളിയ പരിശ്രമവുമാണിത്.

കലയും സാഹിത്യവുമൊക്കെ എല്ലാക്കാലത്തും ഈ ദിശയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആശയപ്രകാശനോപാധിയായ ഭാഷയെ സംശയിക്കുവാന്‍ അവ പരിശീലിപ്പിച്ചുപോരുന്നു. വിശ്വസിക്കാന്‍ കൊള്ളാത്ത എന്തെങ്കിലും ഈ ഭൂമിയിലുണ്ടെങ്കില്‍ അതു വാക്കുകളായിരിക്കുമെന്നു കവികള്‍ പറഞ്ഞു. കാണുന്നതിന്റെ അപ്പുറവും ചലിക്കുന്നതിന്റെ അപ്പുറവുമൊക്കെ കലയുടെ അന്വേഷണ വിഷയങ്ങളായി. തോണ്ണൂറകളിലെ സൂക്ഷ്മരാഷ്ട്രീയത്തിന്റെ വരവ് ഏറെ നിര്‍ണ്ണായകമായിരുന്നു. ചെറിയ ശബ്ദങ്ങള്‍ പല മുന്നെഴുത്തുകളെയും മാറ്റിയെഴുതി. ദളിതരും ആദിവാസികളും ട്രാന്‍സ്ജന്ററുകളും പൊതുമണ്ഡലത്തിന്റെ ഭാഗമായി. ആധുനികാനന്തരത എന്നൊക്കെ വിളിക്കാവുന്ന ഭാവുകത്വപരിസരം യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ഒരു സംഘടിത രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും പ