Monday, 18 October 2021

കഥ


Text Formatted
kezhangum-chammantheem-ps-rafeeque-malayalam-story-കെഴങ്ങും-ചമ്മന്തീം-പി-എസ്-റഫീഖ്
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

നീളന്‍ ഘടികാരത്തില്‍ മണി പത്തടിക്കുന്നത് കേട്ടാണ് സാംസണ്‍ ഉറക്കം കളഞ്ഞെഴുന്നേറ്റത്. കല്യാണപ്പുരയിലെ വല്യരുളിയിലിട്ടിളക്കുന്ന ചട്ടുകം പോലുള്ള മണി ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്ക് ഇടത്തോട്ടും വലത്തോട്ടും ആടി സാംസന്റെ ചെവിക്കല്ലിനു തന്നെയടിച്ചു കളഞ്ഞു. മുഖത്ത് ഉറക്കം തൂക്കിയിട്ടുകൊണ്ട് കിടക്കയില്‍ വലംകൈ കുത്തി പ്രയാസപ്പെട്ട് അയാള്‍ എഴുന്നേറ്റിരുന്നു. കണ്ണുകള്‍ തിരുമ്മി തന്റെ ജീവിതത്തില്‍ എപ്പോഴും ദയയില്ലാതെ ഇടപെട്ടു കൊണ്ടിരുന്ന ആ ഉരുപ്പടിയെ തുറന്നു കിടന്ന വാതിലിലൂടെ ഈര്‍ഷ്യയോടെ നോക്കി. അമ്പത് കൊല്ലമെങ്കിലുമായിക്കാണും ഈ വീടിനകത്തിരുന്ന് അത് സമയത്തെ ചെവിയിലുരുക്കി ഒഴിക്കാന്‍ തുടങ്ങിയിട്ട്. കൊളമ്പില്‍ നിന്ന് അപ്പന്‍ കൊണ്ടുവന്നതാണതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഏകദേശം സാംസന്റെ വയസ്സും കാണും. എഴുന്നേറ്റെന്നുറപ്പിക്കാന്‍ അയാള്‍ ഒന്നു മൂരി നിവര്‍ന്നു. തലയില്‍ ബോധം ഇരച്ചു കയറിയപ്പോഴേക്കും സാംസണ് കൈവിറ തുടങ്ങിയിരുന്നു. കൈ നീട്ടി അയാള്‍ മേശപ്പുറത്ത് നാണം കുണുങ്ങിയിരിക്കുന്ന കുപ്പി എടുത്തു.  പതിവുപോലെ തലേ രാത്രിയിലും രണ്ടെണ്ണത്തില്‍ വെള്ളം മിക്‌സ് ചെയ്തു വെച്ചിട്ടാണ് അയാള്‍ കിടന്നത്. പെണ്ണു കെട്ടാത്ത സാംസന്റെ മണവാട്ടിയാണ് "ഹണീബീ' എന്ന് കിടക്കുമ്പോളൊഴികെ കൂടെയുണ്ടാകാറുള്ള ചങ്ങാതി അരവിന്ദന്‍ പറയും. എണീക്കുമ്പോ കുടിച്ചില്ലെങ്കില്‍ കൈ വിറയ്ക്കുന്നത് കൊണ്ടുമാത്രമല്ല, വര്‍ഷങ്ങളായി രാത്രികളില്‍ സ്വല്‍പം മദ്യത്തിന്റെ കാവലില്ലാതെ സാംസണ്‍ ഉറങ്ങാറില്ല. ഹണീബിയെ ഒരു പെണ്ണായും രാത്രി അവള്‍ തന്റെ അരികത്ത് വന്നു കിടക്കുന്നുണ്ടെന്നും അയാള്‍ സങ്കല്‍പ്പിച്ചിരുന്നു. 

കുറുനാക്ക് കാണുംവിധം അണ്ണാക്ക് പൊളിച്ചു മൂടി തുറന്ന് "അവളെ' വിഴുങ്ങിയതിനുശേ