Thursday, 21 October 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

പത്ത്: കച്ചേരി ബംഗ്ലാവ്

ർക്കാർ സേവനത്തിന്റെ മുപ്പതാമത്തെ വർഷത്തിലാണ് ദിമിത്രി കാട്ടൂർക്കടവിലെ കച്ചേരി ബംഗ്ലാവിലേക്ക് സ്ഥലം മാറി വരുന്നത്. അതുവരെ പാലക്കാടും മലപ്പുറത്തുമുള്ള വിവിധ ബ്യൂറോകളിലും തൃശൂരെ റീജിയണൽ ആപ്പീസിലുമായി അയാൾ ജോലി ചെയ്തു. സ്വന്തം നാട്ടിൽ ആപ്പീസുണ്ടായിട്ടും അവിടേക്കുള്ള സ്ഥലം മാറ്റത്തിന് അയാൾ ഒരിക്കലും അപേക്ഷിച്ചിരുന്നില്ല. നാട്ടിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് അയാൾ ചില സമയത്ത് ആലോചിച്ചിരുന്നു. ഒരു നിലക്ക് അത് നല്ലതാണ്. അതേസമയം ചീത്തയും. പിന്നീട് ആപ്പീസിലെ ഒരു ഉദ്യോഗസ്ഥയെ വിവാഹം ചെയ്തപ്പോൾ അത്തരം ആലോചനകൾ നിലച്ചു.

"മാസം മുഴുവൻ ടൂർ പ്രോഗ്രാം ഉള്ള ഒരു ഓഫീസറാണ് ഞാൻ. എനിക്കവടെ കാട്ടൂർക്കടവിലെ കുഗ്രാമത്തിലൊന്നും വന്ന് താമസിക്കാൻ പറ്റില്ല.'
ഭാര്യ പറഞ്ഞു.

അവിചാരിതമായാണ് ട്രാൻസ്ഫർ ഓർഡർ വന്നത്. റീജിയണൽ ആപ്പീസിലെ സഹപ്രവർത്തകർ അയാളെ അഭിനന്ദിച്ചു. ഓഫീസ് സൂപ്രണ്ട് ഒരു ജയരാമൻ ആയിരുന്നു. അദ്ദേഹം പറഞ്ഞു:

"ഭാഗ്യമാണ്. സ്വന്തം നാട്ടിലേക്കാണെന്ന് മാത്രല്ല വിശേഷം. നല്ല കൈരാശിയുള്ള ആപ്പീസാണത്. അവടത്തെ ഡോക്കുമെന്റ് റൈറ്റേഴ്സും റിയൽ എസ്റ്റേറ്റുകാരും ഒരുവിധം സത്യള്ളവരാണ്. എടത്തട്ട് കുറവുണ്ട്. കക്ഷികളീന്ന് പിരിക്കണ കാശ് മുക്കാൽ പങ്കും നമ്മക്കു തരും. ഞാൻ വീടു പണികഴിപ്പിച്ചത് അവടെ യു.ഡി.ക്ലർക്കായി ഇരിക്കുമ്പഴാണ്.'

ദിമിത്രി ഇപ്പോൾ യു.ഡി.ക്ലർക്കാണ്. ഉദ്യോഗക്കയറ്റത്തിനുള്ള ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ പാസ്സാവാത്തതുകൊണ്ട് അയാൾ താഴ്ന്ന തട്ടിലെ ഉദ്യോഗസ്ഥനായി തുടരുന്നു. പലപ്പോഴും അയാൾ ടെസ്റ്റുകൾക്ക് യഥാസമയം അപേക്ഷിച്ചിരുന്നില്ല. അപേക്ഷിച്ച പലസന്ദർഭങ്ങളിലും പരീക്ഷകൾക്ക് പോയിരുന്നില്ല. പോയിരുന്ന ഘട്ടങ്ങളിൽ പാസ്സായതുമില്ല. ഉള്ളിലൊരു ചിരിയോടെ അയാൾ ആലോചിക്കും: എന്തിനാണ് ടെസ്റ്റുകൾ പാസ്സാകുന്നത്? എന്തിനാണ് ഉദ്യോഗക്കയറ്റം? ആപ്പീസിന്റെ ഏതെങ്കിലും മൂലയിൽ ഒരു പകർപ്പു ഗുമസ്തനായി കുനിഞ്ഞിരിക്കുന്നതിൽ അയാൾ സംതൃപ്തി കണ്ടെത്തിയിരുന്നു.

"ഭാര്യ സാമാന്യം ഉയർന്ന പദവിയിലിരിക്