Saturday, 23 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍-28

​​​​​​​മുറിവുകള്‍ ഉണക്കുന്ന വിധങ്ങള്‍

എന്തായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം? ആശുപത്രി കിടക്കയില്‍ ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞ ഒരു സഹരോഗി എന്നതിനെ കവിഞ്ഞു വളര്‍ന്ന ഒരു കരുതലിന്റെ ബന്ധം. മനുഷ്യരുടെ ഉള്ളില്‍ ഉറവെടുക്കുന്ന കരുണയില്‍ ഉണ്ടാകുന്നത്. 

Image Full Width
Image Caption
ജയശ്രീയ്ക്കും മൈത്രേയനും മസ്‌ക്കറ്റിലുള്ള സുഹൃത്തുക്കള്‍ സ്വീകരണം നല്‍കിയപ്പോള്‍

Text Formatted

കാര്‍ത്യായനിയും സതിയും ക്ലിനിക്കിലെ വെയിറ്റിങ് റൂമില്‍ പരസ്പരം നോക്കാതെ കുറച്ച് സമയം ഇരുന്നു. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ഉരിയാടിയില്ല. കഴിയുന്നതും മുഖത്തോട് മുഖം നോക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കുറച്ചുസമയം കഴിഞ്ഞ്, പിന്നീട് വരാമെന്ന് പറഞ്ഞ് സതി ഇറങ്ങി പോയി. പ്രഷര്‍ പരിശോധിക്കാനായി വന്ന കാര്‍ത്യായനി അത് കഴിഞ്ഞിട്ടാണ് മടങ്ങി പോയത്. രണ്ടാഴ്ച കൂടുമ്പോള്‍ അവരത് കൃത്യമായി ചെയ്തിരുന്നു.   

ചെറുവക്കല്‍ ഞാനൊരു ഈവനിംഗ് ക്ലിനിക് തുടങ്ങിയിട്ട് അധികം കാലമായിരുന്നില്ല. വൈകുന്നേരം നാല് മണി മുതല്‍ എട്ടു മണി വരെയാണ് ക്ലിനിക് പ്രവര്‍ത്തിച്ചിരുന്നത്. ""കമലാലയം'' എന്ന വലിയ വീടിന്റെ ഒരു വശത്തുള്ള ഒരു വിറകുപുര അവര്‍ ക്ലിനിക്കിനായി ഒരുക്കി തന്നു. മൂന്നു മുറികളായി തിരിച്ചതില്‍ നടുവിലെ  മുറിയിലാണ് ഇഞ്ചക്ഷന്‍ കൊടുക്കുകയും ഡ്രസ്സിംഗ് ചെയ്യുകയും ചെയ്തത്. ആവശ്യമുള്ളപ്പോള്‍ രോഗികള്‍ അവിടെ വിശ്രമിക്കുകയും ചെയ്തു.   മെഡിക്കല്‍ കോളേജിലേക്ക് അധികം ദൂരം ഉണ്ടായിരുന്നില്ല എങ്കിലും ചെറിയ അസുഖങ്ങള്‍ക്ക് ചികിത്സക്കായി നാട്ടുകാര്‍ എന്റെ ക്ലിനിക്കില്‍ വന്നു തുടങ്ങി. ക്ലിനിക് കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. നാടിന്റെ ഫിസിയോളജിയും പാത്തോളജിയും ഞാന്‍ പതുക്കെ അറിഞ്ഞു തുടങ്ങി. രാഷ്ട്രീയത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരില്‍ ചേരി തിരിഞ്ഞ പോരുകള്‍ എല്ലാ സ്ഥലങ്ങളിലും ഉണ്ടാകാറുണ്ട്. അത് ചിലപ്പോള്‍ കുത്തിലും വെട്ടിലും കലാശിക്കും. അതില്‍ പെട്ടവരില്‍ ചിലര്‍ക്ക് അത് നിത്യ തൊഴിലായി മാറും. സ്വന്തം പേരിന്റെ കൂടെ ഒരു വട്ടപ്പേരു കൂടിയുണ്ടാകും. കോടാലി വാസു എന്നോ പാഷാണം ഗോപി എന്നോ ഒക്കെ അവര്‍ അറിയപ്പെടും. ആ നാട്ടിലും അങ്ങനെയുള്ള സംഭവങ്ങളും അതില്‍ പെട്ട് പോയ മനുഷ്യരും ഉണ്ടായിരുന്നു. അവരെ ആ പേരുകള്‍ ഉപയോഗിച്ച് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.