Tuesday, 19 October 2021

സംസ്​കാര പഠനം


Text Formatted

ഇരവി പോയ് മറഞ്ഞതും കരിന്തണ്ടൻ നിറഞ്ഞതും

കരിന്തണ്ടന്‍ എന്ന വയനാടൻ ബിംബം അക്രമാത്മക ഹിന്ദുത്വയുടെ ചിഹ്​നമായി പുനരാവിഷ്​കരിക്കപ്പെടുന്നതി​ന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തപ്പെടുന്നു

 

Image Full Width
Image Caption
വയനാട്ടിലെ ലക്കിടിയിൽ ചങ്ങല മരത്തിനു സമീപം കരിന്തണ്ടനെ കുറിച്ച് പ്രചാരത്തിലുള്ള മിത്ത് വിവരിക്കുന്ന ബോർഡ്
Text Formatted

യനാട്ടുകാരനായ ഇതെഴുതുന്നയാള്‍ താമസിക്കുന്ന ഗ്രാമത്തില്‍ നിന്ന്, ഏറ്റവുമടുത്ത അങ്ങാടിയായ പനമരത്തേക്കുള്ള ഗ്രാമീണപാതയുടെ ഓരം ചേര്‍ന്ന് നിരട്ടാടി വയലോരത്ത് അഞ്ചാറ് വര്‍ഷം മുന്‍പൊരു ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടു. മധ്യകാല പടയാളിയെ ഓര്‍മിപ്പിക്കുന്ന ആയുധധാരിയായ ഒരു യുവാവിനെ താരതമ്യേന ആധുനികവേഷം ധരിപ്പിച്ച് വരച്ചെടുത്ത ചിത്രത്തിനുമുകളില്‍ "തലക്കല്‍ ചന്തുനഗര്‍' എന്നെഴുതിയിട്ടുണ്ടായിരുന്നു. നാട്ടുകാരിലൊരാളോട് അന്വേഷിച്ചപ്പോള്‍ പഴശ്ശിയുടെ ഗറില്ലാ യുദ്ധനേതൃത്വമായിരുന്ന തലക്കല്‍ ചന്തുവിന്റെ ജന്മസ്ഥലമാണിതെന്നും മുഖ്യധാര മറന്നുകളഞ്ഞ ഒന്നിന് ഞങ്ങള്‍ സ്മാരകം നിര്‍മിച്ചതാണെന്നും മറുപടി കിട്ടി. 1802ല്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ പനമരം കോട്ട ചന്തുവിന്റെ നേതൃത്വത്താല്‍ ആക്രമിക്കപ്പെട്ടു എന്നതൊഴികെ ഈ സ്ഥലം അദ്ദേഹത്തിന്റെ ജന്മദേശമാവാന്‍ വഴിയൊന്നുമില്ല. ഏറെക്കുറെ അജ്ഞാതമാണ് ചന്തുവിന്റെ ജീവചരിത്രം.
ലഭ്യമായ തെളിവുകളനുസരിച്ച് മാനന്തവാടി താലൂക്കിലെ കുഞ്ഞോം ഗ്രാമത്തിലാണ് ചന്തുവിന്റെ തറവാടുണ്ടാവുക എന്ന് ഒ.കെ. ജോണി വയനാട് രേഖകളില്‍ സംശയിക്കുന്നുണ്ട്. പൂര്‍ണമായി അംഗീകരിക്കപ്പെട്ട ഒരു ധാരണയല്ല അതും. എന്തായാലും പനമരമോ ചുറ്റുവട്ടമോ ചന്തുവിന്റെ ജന്മസ്ഥലമാണെന്നതിന് ലിഖിതത്തിലോ വാമൊഴിയിലോ തെളിവുകളൊന്നുമില്ല. തലക്കര ചന്തുവിന്റെ ജന്മസ്ഥലമായി ഒരു പുതിയ ഇടം വിഭാവനം ചെയ്യപ്പെടുകയാണ് നീരട്ടാടിയില്‍. ഇന്നവിടം തീവ്ര ഹൈന്ദവ സംഘടനകളുടെ ബോര്‍ഡുകളും കൊടികളും തോരണങ്ങളും നിറഞ്ഞിരിക്കുന്നു. വൈകാതെ ഈ സ്ഥലം ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുമെന്നു കരുതാം. ഭിന്നമായ സ്ഥലതന്ത്രങ്ങള്‍ ഹിന്ദുത്വയുടെ രാഷ്ട്രീയവ്യാപനത്തിന് ഉപയുക്തമാക്കുന്ന വിധം സതീഷ് ദേശ്പാണ്ഡെ വിശദമായി ചൂണ്ടിക്കാണിച്ചത് ചേര്‍ത്തുവായിക്കാവുന്നതാണ്.