Sunday, 17 October 2021

നോവല്‍


Text Formatted

കലാച്ചി 

Image Full Width
Image Caption
കെ. ആര്‍. മീര
Text Formatted

ഭീകരപ്രവര്‍ത്തന കേസില്‍ പതിനഞ്ചു കൊല്ലം ജയിലില്‍ കിടന്ന ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എന്തു തോന്നി എന്ന ചോദ്യത്തിന്,  ഉരശിമ തരോയെപ്പോലെ തോന്നി എന്നായിരുന്നു ഇജാസ് അലിയുടെ ഉത്തരം. 

ഉരശിമ തരോ യെ കുറിച്ച് അന്നു ഞാന്‍ കേട്ടിരുന്നില്ല.  

ജാപ്പനീസ് യക്ഷിക്കഥയിലെ മൂന്നു ദിവസത്തേക്കു കടലില്‍പ്പോയ മീന്‍ പിടിത്തക്കാരനായിരുന്നു അയാള്‍.

ആ മൂന്നു ദിവസവും അയാള്‍ ഓതോഹൈം രാജകുമാരിയുടെ മാന്ത്രിക കൊട്ടാരത്തിലായിരുന്നു. 

തിരിച്ചെത്തിയപ്പോള്‍ അയാളുടെ നാടും നാട്ടുകാരും പാടേ മാറിയിരുന്നു.  

ജനിച്ചു വളര്‍ന്ന വീടു പോലും അയാള്‍ക്കു കണ്ടെത്താന്‍ സാധിച്ചില്ല.

സ്വന്തം നാട്ടില്‍ അന്യനും അപരിചിതനുമായിത്തീര്‍ന്ന അവസ്ഥയില്‍ അയാള്‍ അന്ധാളിച്ചുപോയി.  

ഉരശിമ തരോയെ അറിയുന്നവരാരെങ്കിലും ഉണ്ടോ എന്നു നിലവിളിച്ച് അയാള്‍ കടല്‍ത്തീരത്ത് അലഞ്ഞു.

കസഖ്സ്ഥാനിലേക്കു പുറപ്പെടുമ്പോള്‍ ആ കഥ എന്നെ അലട്ടി. 

അത്തരം ഒരവസ്ഥ എന്റെ ജീവിതത്തിലും ഉണ്ടാകുമെന്നു ഞാന്‍ ഭയന്നു.

ഡല്‍ഹിയിലെ മൂടല്‍മഞ്ഞിനൊപ്പം ആസന്നമായ ഒരു ദുര്‍വിധിയും എന്നെ ചൂഴ്ന്നു നില്‍ക്കുന്നതായി മനസ്സു മന്ത്രിച്ചു.  മറ്റു പല രാജ്യങ്ങളിലും മഹാമാരി വ്യാപിച്ചു കഴിഞ്ഞിരുന്നു.  ഇന്ത്യയിലും കസഖ്സ്ഥാനിലും ലോക്ക്​ഡൗണ്‍ ആരംഭിച്ചിരുന്നില്ല. പക്ഷേ, ഏതു സമയത്തും വിമാനസര്‍വീസുകള്‍ നിലയ്ക്കും എന്ന ഭീഷണി നിലനിന്നു.   ടിക്കറ്റിനും വീസയ്ക്കുമായി വിളിച്ചപ്പോള്‍ ട്രാവല്‍ ഏജന്റ് ഗോകുല്‍നാഥ് അതു പറഞ്ഞ് എന്നെ നിരുല്‍സാഹപ്പെടുത്തുകയും ചെയ്തു: 

""ഡോ. ഫിദ മുഹമ്മദ്, ഈ സമയത്തു പോകണോ? പുറത്തെ സിറ്റ്വേഷന്‍ കുറച്ചു മോശമാണ്. പറഞ്ഞില്ലെന്നു വേണ്ട.'' 

""എവിടെയാണു സിറ്റ്വേഷന്‍ മോശമല്ലാത്തത്, ഗോകുല്‍? '' 

""ഇതു കൂടുതല്‍ സീരിയസ് ആണ്.  ഫ്ലൈറ്റ്​ സര്‍വീസ് നിര്‍ത്താന്‍ ഇടയുണ്ട്. '' 

""എപ്പോഴെങ്കിലും അവര്‍ക്കതു വീണ്ടും തുടങ്ങാതെ പറ്റില്ലല്ലോ? '' 

""മുപ്പതു ദിവസത്തേക്കാണു വീസ. അതിനുള്ളില്‍ തിരിച്ചുവരണം. ''

""വന്നില്ലെങ്കില്‍? ''

ഞാന്‍ ആത്മാര്‍ത്ഥമായാണു ചോദിച്ചത്. പക്ഷേ,