Thursday, 21 October 2021

നോവല്‍


Text Formatted

katturkadavu-title

Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

 

പതിമൂന്ന്: അപ്പർ ഡിവിഷൻ ക്ലർക്ക്

"ചുവന്ന വിരലുകൾ',  "ഇരുണ്ട മുഖം',  "സ്പന്ദിക്കുന്ന ശ്മശാനം' എന്നീ അപസർപ്പക നോവലുകൾ എന്റെ പ്രസ്സിലാണ് അച്ചടിച്ചിട്ടുള്ളത്.'
അച്ചുകൂടം മാനുവേൽ പറഞ്ഞു.
"അവയുടെ രചയിതാവ് ഒരു എഡിസൺ മാഷാണ്. എഡിസൺ ഞാറക്കൽ എന്നു പറയും. സുനിത പി.എസ്. എന്ന പേരിൽ അദ്ദേഹം പ്രണയനോവലുകളും എഴുതിയിരുന്നു. മാത്രമല്ല, ഈ വക സാഹിത്യ സൃഷ്ടികളെല്ലാം അദ്ദേഹം രചിച്ചിട്ടുള്ളത് എന്റെ പ്രസ്സിന്റെ പിന്നാമ്പുറത്തെ മേശമേൽ വെച്ചാണ്. അവിടത്തെ അന്തരീക്ഷത്തിൽ മെഷിന്റെ ശബ്ദം കേട്ടിരുന്നാൽ മാത്രമേ അദ്ദേഹത്തിന്റെ ഭാവന ഉണർന്നു പ്രവർത്തിക്കൂ. എല്ലാ പുസ്തകങ്ങളിലും എനിക്കുള്ള കടപ്പാട് അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. "ചുവന്ന വിരലുകളു'ടെ ആമുഖത്തിൽ അദ്ദേഹം എഴുതി: "പ്രസ്സുടമ അച്ചുകൂടം മാനുവേലാണ് "ചുവന്നവിരലു'കളിലെ പ്രേതാത്മാവിനെ രൂപകൽപ്പന ചെയ്യാൻ എന്നെ സഹായിച്ചത്. അദ്ദേഹത്തോടുള്ള കടപ്പാട് നിസ്സീമമാണ്.'

"എഡിസൺ മാഷ് എഴുതി തരുന്ന മുറക്ക് ഓരോ ഫോറങ്ങളായി അച്ചടിക്കുകയായിരുന്നു പതിവ്. അങ്ങനെ എത്രയെത്ര എഴുത്തുകാരുടെ ആഖ്യായികകൾ, മഹാകാവ്യങ്ങൾ, കഥാമാലികകൾ അവിടെ അച്ചടിക്കപ്പെട്ടു എന്നു പറയുകവയ്യ. പ്രസ്സിന് വിശ്രമമെന്നതേ ഉണ്ടായിരുന്നില്ല.'
മാനുവേൽ പറഞ്ഞു.
"കെ. എന്ന എഴുത്തുകാരന്റെ ഏതെങ്കിലും പുസ്തകം അവിടെ അച്ചടിച്ചിട്ടുണ്ടോ?'
ദിമിത്രി ആരാഞ്ഞു.
"കെ? ആരാണ് അദ്ദേഹം? "തീപിടിച്ച തിരശ്ശീല' എന്ന സാമൂഹ്യനാടകം രചിച്ചയാളാണോ?'
"അല്ല.' ദിമിത്രി കൂടുതലൊന്നും പറഞ്ഞില്ല.

ഹെർബർട്ട് ഫാമിൽ തെനാദിയരുടെ രോഗികളിൽ ഒരാളാണ് മാനുവേൽ. മധ്യവയസ്ക്കനാണ്. പക്ഷേ ഇപ്പോൾ ആ കറുത്ത ശരീരം വാർദ്ധക്യസമാനമായിരിക്കുന്നു. സ്വതവേ മെലിഞ്ഞ് എല്ലുകൾ തെളിഞ്ഞ രൂപമാണ്. ഇപ്പോൾ കാലുകളിൽ നീർക്കോളുണ്ട്. ചിലപ്പോൾ കാൽപ്പാദങ്ങൾ പൊട്ടിപ്പഴുക്കും. മാനുവേൽ ഇടക്കു മാത്രമേ വല്ലതും സംസാരിക്കുക പതിവുള്ളു. പക്ഷേ പറയുന്നത് അച്ചടിവടിവിലായിരിക്കും. ഏറെ കാലത്തെ പ്രസ്സ് നടത്തിപ്പ് മൂലമാവാം വാർത്തെടുത്ത അക്ഷരങ്ങളുടെ രൂപത്തിലായിരുന്നു അയാളുടെ ഭാഷ.

ക്ലെമന്റ് പീറ്റർ