Monday, 18 October 2021

Perspectives from the margin


Text Formatted

കീഴാളന്റെ അവകാശമാണ് സ്വത്ത്

We Demand It

ലോകത്തില്‍ എല്ലായിടത്തുമുള്ള പുറന്തള്ളപ്പെട്ടവര്‍ക്കായി സ്വത്തുടമസ്ഥതയുമായി ബന്ധപ്പെട്ട ഒരു സാര്‍വദേശീയ പ്രഖ്യാപനം ഉണ്ടാകണം. കേരളത്തിലും അതാണ് ആവശ്യം. ഭാവിയിലേക്കുവേണ്ട കീഴാള പരിപ്രേക്ഷ്യം അവതരിപ്പിക്കപ്പെടുന്നു

Image Full Width
Image Caption
എം. കുഞ്ഞാമന്‍ / ഫോട്ടോ: ധനൂജ്
Text Formatted

കീഴാളര്‍ക്കുവേണ്ടിയുളള ഒരു ഭാവി പരിപ്രേക്ഷ്യത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിത്. കാരണം, വൈജ്ഞാനികമായും രാഷ്ട്രീയമായും സബാള്‍ട്ടന്‍ ഡിസ്‌കോഴ്‌സ് ആശയതലത്തില്‍നിന്ന് ഒരു സാമൂഹികമാറ്റമായി പരിണമിക്കാനുള്ള സാധ്യത ഇന്നുണ്ട്. കേരളത്തിലും ഇന്ത്യയിലും ആഗോളീയമായും ഈ വിഷയം ഈയൊരു ആംഗിളില്‍ വികസിച്ചുവരികയാണ്. ഇത്തരമൊരു വികാസത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. പുരോഗതി എന്നു പറയുന്നതിനെ ഒരു നേര്‍രേഖാ പ്രതിഭാസം (Linear) ആയി നാം കാണരുത്. അതായത്, ഭൂതകാലത്തിന്റെ തുടര്‍ച്ചയാണ് വര്‍ത്തമാനകാലം, അതിന്റെ തുടര്‍ച്ചയാണ് ഭാവി എന്ന തരത്തിലുള്ള വിശകലനം ചോദ്യം ചെയ്യപ്പെടാവുന്നതാണ്. പലപ്പോഴും ശക്തിയുമായുള്ള ഇടപെടലിലൂടെ ആ നേര്‍രേഖ പ്രതിഭാസം പൊളിക്കാന്‍ കഴിയും. അതിനുപക്ഷേ, പ്രകടമായ പരിപാടിയും പ്രവര്‍ത്തനവും വേണം. സാമൂഹികമാറ്റം വരുന്നു എന്നതാണ്, അല്ലാതെ, വന്നു എന്ന കാഴ്ചപ്പാട് പാടില്ല.

കേരളത്തിന്റെ സമര രാഷ്ട്രീയം

കീഴാളരുടെ കാര്യത്തില്‍ സംഭവിച്ചത് എന്താണ്? അവര്‍ക്ക് വീടുണ്ടാക്കി കൊടുക്കുന്നു, വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുന്നു... അവര്‍ക്കുവേണ്ടി ആരോ ഇതെല്ലാം ചെയ്യുകയാണ്, ചിലത് അവര്‍ക്കുവേണ്ടി സംഭവിക്കുകയാണ്. സംഭവിക്കലില്‍ അവരുടെ കര്‍തൃത്വമില്ല. പകരം, അത് അവര്‍ തന്നെ ചെയ്താലേ അവരുടെ കര്‍തൃത്വമുണ്ടാകൂ. നമ്മുടെ ജീവിതം നമ്മള്‍ നിയന്ത്രിക്കുമ്പോള്‍ തെറ്റും ശരിയുമുണ്ടാകും, അത് കാര്യമാക്കേണ്ടതില്ല. നമുക്ക് അതിന് സ്വാതന്ത്ര്യം വേണം. തെറ്റായത് ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും വിലമതിക്കപ്പെടേണ്ടതാണ്. പ്രാന്തവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങള്‍  ഈയൊരു കാഴ്ചപ്പാടില്‍ പലപ്പോഴും ചിന്തിച്ചിട്ടില്ല. എല്ലാത്തിനും അവര്‍ സര്‍ക്കാറിനെ ആശ്രയിക്കുകയാണ്. അത് ആശ്രിതത്വം ഉണ്ടാക്കുന്നു. സര്‍ക്കാറുണ്ടാക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ "ഞങ്ങള്‍ ഇന്നത് ചെയ്തു' എന്നു പറയുന്നത് വികല കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യണം.